പ്ലസ് ടു: ജില്ലയിൽ വിജയശതമാനം 81.25
text_fieldsകോഴിക്കോട്: പ്ലസ് ടു പരീക്ഷയിൽ 81.25 ശതമാനം വിജയവുമായി കോഴിക്കോട് ജില്ല. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു ജില്ലയെങ്കിൽ എറണാകുളത്തിനും ഇടുക്കിക്കും തൃശൂരിനും പിന്നിൽ നാലാം സ്ഥാനത്താണ് ഇത്തവണ കോഴിക്കോട്. 175 സ്കൂളുകളുകളിലായി 39,024 പേരാണ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്.
ഇതിൽ 38,820 പേർ പരീക്ഷയെഴുതിയതിൽ 31,542 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 4,614 കുട്ടികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേതിനെക്കാൾ 960 കുട്ടികൾക്ക് ഇക്കുറി ഫുൾ എ പ്ലസ് ലഭിച്ചു. 16 വിദ്യാർഥികൾക്ക് ഫുൾ മാർക്ക് ലഭിച്ചു. ജില്ലയിൽ ഇത്തവണ നാല് സ്കൂളുകൾക്കാണ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കാനായത്. കഴിഞ്ഞ തവണയും നാലു സ്കൂളുകൾ നൂറുമേനി വിജയം നേടിയിരുന്നു.
ശ്രീനാരായണ എച്ച്.എസ്.എസ് വടകര (78), സിൽവർ ഹിൽസ് ഹൈസ്കൂൾ കോഴിക്കോട് (99), സി.എം ഹയർസെക്കൻഡറി സ്കൂൾ മണ്ണൂർ നോർത്ത് (185), കാലിക്കറ്റ് സ്കൂൾ ഫോർ ഹാൻഡികാപ്ഡ് കൊളത്തറ (46) എന്നീ സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. സിൽവർ ഹിൽസ് തുടർച്ചയായി 21ാം തവണയാണ് ഈ അഭിമാന നേട്ടത്തിന് അർഹരായത്. സർക്കാർ സ്കൂളുകൾക്കൊന്നും ഇത്തവണ നൂറുമേനി വിജയം നേടാനായില്ല.
വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ തവണ 78.33 ആയിരുന്നു വിജയശതമാനമെങ്കിൽ 70.35 ആണ് ഇത്തവണ വിജയശതമാനം. ജില്ലയിൽ ആകെ പരീക്ഷയെഴുതിയ 2,540 വിദ്യാർഥികളിൽ 1,787 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഓപൺ സ്കൂളിൽ 51 ആണ് വിജയശതമാനം. രജിസ്റ്റർ ചെയ്ത 4,782 വിദ്യാർഥികളിൽ 4,711 പേർ പരീക്ഷയെഴുതി. ഇതിൽ 2,421 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 122 പേരാണ് ഫുൾ എ പ്ലസ് നേടിയത്.
ടെക്നിക്കൽ സ്കൂളിൽ ജില്ലയിൽ 83 പേർ പരീക്ഷയെഴുതുകയും 63 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തു. നാലുപേർ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 75 ആണ് വിജയശതമാനം.
പ്രതിസന്ധികളെ അതിജീവിച്ച് ഫുൾ എ പ്ലസ്; വൃന്ദയുടെ വിജയത്തിന് നക്ഷത്രത്തിളക്കം
മുക്കം: ജീവിത പ്രാരാബ്ധങ്ങളോട് പൊരുതി വൃന്ദയെന്ന ആദിവാസി പെൺകുട്ടി നേടിയ വിജയത്തിന് തിളക്കമേറെ. കാരശ്ശേരി പഞ്ചായത്തിലെ എലിമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹൻദാസിന്റെയും ബിന്ദുവിന്റെയും മൂന്നുമക്കളിൽ മൂത്തമകളായ വൃന്ദമോളാണ് പ്രതിസന്ധികളെ അവസരമാക്കി എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയത്.
വീടെന്നുപോലും പറയാൻ പറ്റാത്ത വെള്ളവും വെളിച്ചവും ഇല്ലാത്ത ഫ്ലക്സ് കൊണ്ടുമേഞ്ഞ ഒരു ഷെഡിൽനിന്ന് പഠിച്ചാണ് ഈ നേട്ടം. തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്. വളരെ കഷ്ടപ്പെട്ടാണ് പഠിച്ചിരുന്നതെന്നും ഫുൾ എ പ്ലസ് കിട്ടിയതിൽ സന്തോഷമുണ്ടെന്നും പഠിച്ചു ഡോക്ടർ ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും വൃന്ദമോൾ പറഞ്ഞു. അടച്ചുറപ്പുള്ള ഒരു വീടില്ല എന്നതാണ് ഏറ്റവും വലിയ സങ്കടമെന്നും വൃന്ദമോൾ പറഞ്ഞു.
മോളുടെ വിജയത്തിൽ വലിയ സന്തോഷമുണ്ടെന്നും വിജയത്തിനു പിന്നിൽ അവളുടെ അധ്യാപകരുടെ ശ്രമം നല്ലതുപോലെ ഉണ്ടായിരുന്നുവെന്നും അമ്മ ബിന്ദുവും പറയുന്നു.
വൃന്ദമോളുടെയും കുടുംബത്തിന്റെയും കഷ്ടപ്പാടിന്റെ വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ സുമനസ്സുകളുടെ സഹായത്താൽ ഇവർക്കൊരു കുഞ്ഞു വീട് നിർമാണമാരംഭിച്ചിട്ടുണ്ട്. ഈ വർഷമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽനിന്ന് സ്കൂളിലേക്ക് പോകാനാകും എന്ന പ്രതീക്ഷയിലാണ് വൃന്ദയും കുടുംബവും.
രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമായി ഇവർ കഴിയുന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇവരുടെ അടുക്കളയും കിടപ്പുമുറിയും ഡൈനിങ് ഹാളുമെല്ലാം പരിമിതികൾ മാത്രമുള്ള ഈ ഷെഡാണ്.
അടച്ചുറപ്പില്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ മഴക്കാലങ്ങൾ കഴിച്ചുകൂട്ടിയ ഓർമകൾ ഇവരെ കുറച്ചൊന്നുമല്ല പേടിപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.