പറമ്പിൽബസാറിലെ തുണിക്കട കത്തിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ
text_fieldsവെള്ളിമാട്കുന്ന്: പറമ്പിൽബസാറിലെ മമ്മാസ് ആൻഡ് പപ്പാസ് തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. താമരശ്ശേരി മഞ്ചു ചിക്കൻ സ്റ്റാൾ ഉടമയായ താമരശ്ശേരി, രാരോത്ത് പാലയക്കോടൻ റഫീക്ക് (45) ആണ് പൊലീസ് പിടിയിലായത്. അന്വേഷണത്തെ തുടർന്ന് വിദേശത്തേക്കു കടന്ന റഫീക്കിനുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ തടഞ്ഞുവെക്കുകയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചേവായൂർ സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ എട്ടാം തീയതിയാണ് കുരുവട്ടൂർ സ്വദേശി നിജാസി െൻറ ഉടമസ്ഥതയിലുള്ള പറമ്പിൽ ബസാറിലെ രണ്ടുനിലയുള്ള തുണിക്കട പുലർച്ച എത്തിയ സംഘം തീവെച്ച് നശിപ്പിച്ചത്. കാമറയിൽനിന്ന് വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിവസമാണ് തുണിക്കട തീയിട്ടത്. ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചി രുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിവരവെ പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു. നാമക്കൽ കേന്ദ്രീകരിച്ച് ക്രൈം സ്ക്വാഡ് നടത്തിയ രഹസ്യാന്വേഷണത്തിൽ റഫീക്ക് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചു. മുഖ്യപ്രതി റഫീക്കിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച താമരശ്ശേരി സ്വദേശി നൗഷാദിനെ പൊലീസ് മുമ്പ് അറസ്റ്റുചെയ്തിരുന്നു.
ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച പ്രശ്നങ്ങളിൽ കടയുടമ ഇടപെട്ടതിലുള്ള വിരോധമാണ് കട നശിപ്പിക്കാൻ പ്രേരണയായത്.
അന്വേഷണ സംഘത്തിൽ ചേവായൂർ എസ്.ഐമാരായ എൻ. അജീഷ് കുമാർ പി.എസ്. ജയിംസ്, സീനിയർ സി.പി.ഒ മാരായ രാജീവ് കുമാർ പാലത്ത്, ടി.എം. സുമേഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഷാലു മുതിരപറമ്പത്ത്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ, സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.