പൊലീസുകാർക്ക് കോവിഡ്: സേനയിൽ ജാഗ്രത
text_fieldsകോഴിക്കോട്: വിജിലൻസിൽ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സേന അതിജാഗ്രതയിൽ. രോഗബാധിതരുമായി സമ്പർക്കമുണ്ടായവരോട് മുഴുവൻ ക്വാറൻറീനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, സേനാംഗങ്ങൾക്കുള്ള ആൻറിജൻ പരിശോധന പുരോഗമിക്കുകയാണ്. സ്റ്റേഷനുകളിലുൾപ്പെടെ പ്രതിരോധ നടപടികൾ ഉൗർജിതമാക്കി.
വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോ, റൂറൽ എസ്.പി ഒാഫിസ്, തിരുവമ്പാടി, താമരശ്ശേരി, ബേപ്പൂർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് ഇതിനകം കോവിഡ് പോസിറ്റിവായത്.
വിജിലന്‍സിൽ സി.െഎക്കും ഡ്രൈവര്‍ക്കുമാണ് കോവിഡ് പോസിറ്റിവായത്. പരപ്പനങ്ങാടി സ്വദേശിയാണ് ഡ്രൈവര്‍. ഇദ്ദേഹത്തിെൻറ അടുത്തബന്ധുവിന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധനഫലം പോസിറ്റിവായത്. ഡ്രൈവറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഓഫിസിലെ എട്ടുപേര്‍ ക്വാറൻറീനിലാണ്. അതേസമയം, സി.ഐക്ക് ബുധനാഴ്ചയാണ് പോസിറ്റിവായതെന്ന് ഡി.എം.ഒ വി. ജയശ്രീ പറഞ്ഞു. ഡ്രൈവറുമായി സി.ഐക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഓഫിസ് ബുധനാഴ്ച അടച്ചിട്ടു. അണുമുക്തമാക്കിയശേഷം ഒാഫിസ് പ്രവർത്തനമാരംഭിക്കും.
വടകര പുതുപ്പണത്തെ റൂറല്‍ എസ്.പി ഓഫിസിൽ കോഴിക്കോട് സ്വദേശിയായ ഹെഡ് ക്ലർക്കിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇദ്ദേഹം ഓഫിസില്‍ വന്നിരുന്നില്ല. 38 ജീവനക്കാരാണ് ഇവിടെയുള്ളത്. ഒാഫിസിലെ പരമാവധി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ എസ്.പി ഡോ. എ. ശ്രീനിവാസ് നിര്‍ദേശിച്ചു. തിരുവമ്പാടി സ്റ്റേഷനിലെ എസ്.െഎക്കാണ് റാൻഡം ടെസ്റ്റിൽ പോസിറ്റിവായത്. ഇവിടത്തെ 27 ഉദ്യോഗസ്ഥരാണ് ക്വാറൻറീനിൽ പോയത്.
താമരശ്ശേരി സ്റ്റേഷനിൽ ഗ്രേഡ് എസ്.െഎ, വനിത ഉൾപ്പെടെ രണ്ടു സിവിൽ പൊലീസ് ഒാഫിസർമാർ എന്നിവർക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 38 ഉദ്യോഗസ്ഥർ ക്വാറൻറീനിലാണ്.
നേരത്തേ പൊലീസുകാർക്കായി നടത്തിയ ആൻറിജൻ പരിശോധനയിൽ താമരശ്ശേരി, എലത്തൂർ, വെള്ളയിൽ, സിറ്റി ട്രാഫിക് യൂനിറ്റ്, പിങ്ക് പട്രോൾ എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർക്ക് പോസിറ്റിവായിരുന്നെങ്കിലും സ്രവപരിശോധനയിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.