കലോത്സവ വേദിയിലേക്ക് വഴികാട്ടാൻ പൊലീസിന്റെ ക്യൂ.ആർ കോഡ്
text_fieldsകോഴിക്കോട്: കലോത്സവവേദിയിലേക്ക് വഴികാട്ടാൻ പൊലീസിന്റെ ക്യൂ.ആർ കോഡ് സംവിധാനം നിലവിൽവന്നു. മത്സരാർഥികൾക്കും നാട്ടുകാർക്കും വഴിതെറ്റാതെ എളുപ്പത്തിൽ വേദിയിലെത്താൻ സഹായിക്കുന്നതാണിത്. സ്മാർട്ട് ഫോണിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്പർ അടിസ്ഥാനത്തിൽ സ്കൂളിന്റെ പേരോടുകൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിങ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ലിസ്റ്റ് ഫോണിൽ ദൃശ്യമാകും. പോവേണ്ട വേദി, ഏത് നമ്പർ / സ്കൂൾ ഏതാണോ ആ പേരിനുനേരെ ടച്ച്/ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു മാപ് വിൻഡോ ഫോണിൽ ഓപ്പണാവും. അതിൽ വേദി എവിടെയാണ് എന്ന് കാണിച്ചുതരും. ലൈവ് മാപ് ആയതുകൊണ്ട് നിൽക്കുന്ന സ്ഥലത്തുനിന്ന് എത്ര ദൂരെയാണ് വേദിയുള്ളത് എന്നും ഏത് വഴിക്ക് ട്രാഫിക് തടസ്സമില്ലാതെ വളരെ എളുപ്പത്തിൽ വേദിയിലേക്ക് എത്താനാകുമെന്നും കാണിച്ചുതരും.കോഴിക്കോട് സിറ്റി പൊലീസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ Kozhikode city police, Kozhikode city traffic police. എന്നീ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലും ബസ് സ്റ്റാൻഡ്, പൊലീസ് വാഹനങ്ങൾ, ഓട്ടോ, ടാക്സികൾ എന്നിവയിലും മത്സരവേദികൾക്ക് സമീപവും ഈ ക്യൂ.ആർ കോഡ് പ്രദർശിപ്പിക്കും. കോഴിക്കോട് സിറ്റി സൈബർ സെല്ലും സിറ്റി ട്രാഫിക് പൊലീസും നിർമിച്ചതാണിത്. ആദ്യമായാണ് സ്കൂൾ കലോത്സവത്തിന് വഴികാണിക്കാൻ പൊലീസിന്റെ ക്യൂ.ആർ കോഡ് സംവിധാനം നിലവിൽവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.