ഇളവിൽ തിരക്കുകൂട്ടാതെ ജനം: നിബന്ധനകൾ ഇന്നുമുതൽ കർശനമാക്കുമെന്ന് പൊലീസ്
text_fieldsകോഴിക്കോട്: മാസങ്ങൾക്കുശേഷം കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് സ്വാതന്ത്ര്യം നേടിയ ജനം തിക്കുംതിരക്കും കൂട്ടിയില്ല. എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നതോടെ സ്വാഭാവികമായും അങ്ങാടികളിൽ തിരക്കില്ലാതായി. ജില്ലയിൽ ഏറെ മാസങ്ങൾക്ക് ശേഷമാണ് എല്ലാ കടകളും തുറന്നത്. നേരത്തേ, നിയന്ത്രണമുള്ള പ്രദേശങ്ങളിൽനിന്ന് ഇളവുകളുള്ള ഇടങ്ങളിലേക്ക് ആളുകൾ എത്തിയതാണ് തിരക്കിനിടയാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് വ്യാഴാഴ്ചയിലെ കാഴ്ചകൾ.
സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ ബുധനാഴ്ചതന്നെ കടകളെല്ലാം ഉടമകൾ വൃത്തിയാക്കിയിരുന്നു. ഡി കാറ്റഗറിയിൽ കുടുങ്ങി 31 തദ്ദേശസ്ഥാപനങ്ങളിലെ കടകൾ പൂർണമായി അടഞ്ഞുകിടക്കുകയായിരുന്നു. വസ്ത്രവ്യാപാര സ്ഥാപനങ്ങളും മൊബൈൽ ഫോൺ വിൽപന, സർവിസ് കടകളും വർക്ഷോപ്പുകളും വാഹന ഷോറൂമുകളും മുതൽ പെട്ടിക്കടകൾ വരെ പൂർണമായി തുറന്നിരുന്നു. എല്ലായിടത്തും നിയന്ത്രണം പാലിക്കാൻ കടയിലുള്ളവർ തന്നെ നിർദേശം നൽകി. ഒരുമാസം മുമ്പ് ഇളവ് നൽകിയ ദിവസം ജനം ഒഴുകിയെത്തിയതിന് ഏറെ വിമർശനം നേരിടേണ്ടിവന്ന മിഠായിത്തെരുവിലും വ്യാഴാഴ്ച കാര്യമായ തിരക്കുണ്ടായില്ല. വഴിയോരകച്ചവടക്കാരും സജീവമായിട്ടുണ്ട്. ടൗൺഹാളിന് സമീപം വിവിധ പഴക്കച്ചവടക്കാരും നിരന്നിരുന്നു.
കോഴിക്കോട് നഗരത്തിൽ ഒരുമാസമായി അടച്ചിട്ടിരുന്ന ബെവ്കോയുടെയും കൺസ്യൂമർ ഫെഡിെൻറയും മദ്യക്കടകളും തുറന്നെങ്കിലും പതിവ് തിരക്കുണ്ടായിരുന്നില്ല. ബാറുകളിലും മദ്യക്കച്ചവടം പുനരാരംഭിച്ചു. ബസുകളിലും കാര്യമായ തിരക്കുണ്ടായിരുന്നില്ല. നഗരത്തിലേക്ക് വിവിധയിടങ്ങളിൽനിന്ന് വരുന്ന ബസുകളിൽ സീറ്റുകൾപോലും നിറഞ്ഞില്ല. ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണം പുറത്തുള്ള തുറസ്സായ സ്ഥലത്തും വാഹനങ്ങളിലും കഴിക്കാമെന്ന ഇളവും ഉപകാരപ്രദമായി. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും നിയമലംഘനത്തിന് കേസെടുക്കാനും പൊലീസിനെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു. റോഡ് പരിശോധനയും പതിവുപോലെ നടന്നു. കടകളിൽ പ്രവേശിക്കാൻ ആവശ്യമായ വിവാദ നിബന്ധനകൾ ആദ്യദിനം പൊലീസ് കർശനമായി നടപ്പാക്കിയില്ല. മുന്നറിയിപ്പ് നൽകുകയായിരുന്നെന്നും വെള്ളിയാഴ്ച മുതൽ ഈ നിബന്ധനകൾ പാലിക്കണമെന്നും സിറ്റി െപാലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ സേനാംഗങ്ങളെ നിയോഗിക്കും.
ലോക്ഡൗൺ ആറ് വാർഡുകളിൽ മാത്രം
കോഴിക്കോട്: സർക്കാറിെൻറ പുതിയ മാനദണ്ഡപ്രകാരം ജില്ലയിൽ ലോക്ഡൗൺ രണ്ട് മുനിസിപ്പാലിറ്റികളിലെ ആറ് വാർഡുകളിൽ മാത്രം. കൊയിലാണ്ടി നഗരസഭയിലെ 34, 35, 43, മുക്കം നഗരസഭയിലെ ഒന്ന്, 26, 32 വാർഡുകളിലാണ് ലോക്ഡൗണെന്ന് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. പ്രതിവാര ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ (ഡബ്ല്യു. ഐ.പി.ആർ) അടിസ്ഥാനമാക്കിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മറ്റിടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകളാണ് നടപ്പാക്കുക.
ലോക്ഡൗണുള്ള വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ:ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ മാത്രം തുറക്കാം. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടു വരെ കടകൾ തുറക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം.
ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കും യാത്ര തടയും. അടിയന്തര വൈദ്യസഹായത്തിനും അവശ്യ വസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിനു പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിൽ പ്രവേശിക്കുന്നതും തടയും. ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ബാധകമല്ല. വാർഡിനു പുറത്തു നിന്ന് ആവശ്യമായ സാധനങ്ങൾ ആർ.ആർ.ടിമാർ മുഖേന വാങ്ങാം. ഈ വാർഡുകളിലേക്കുള്ള പൊതുപ്രവേശന റോഡിൽ ഗതാഗതം പാടില്ല. ദേശീയ, സംസ്ഥാനപാതകളിലൂെട കടന്നുപോകുന്നവർ ഇവിടെ വണ്ടികൾ നിർത്തരുത്.രാത്രി ഏഴ് മുതൽ രാവിലെ അഞ്ചു വെര ഈ വാർഡുകളിൽ യാത്ര പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.