കാണാതായ വീട്ടമ്മക്കായി പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്
text_fieldsനാദാപുരം: കാണാതായ അമ്മയെ കാത്ത് മക്കളുടെ കാത്തിരിപ്പിന് നാലുവർഷം. 2018 നവംബർ 22നാണ് കല്ലാച്ചിമലയിൽ ലക്ഷംവീട് കോളനിയിലെ റോഷ്നിയെ (52) കാണാതായത്. പുലർച്ചെ അഞ്ചോടെ വീട്ടിൽനിന്നിറങ്ങിയ റോഷ്നി പിന്നീട് തിരിച്ചെത്തിയില്ല. മകന്റെ പരാതിയിൽ അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും റോഷ്നിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുന്ന പതിവ് ഇവർക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലേക്കും പൊലീസ് അന്വേഷണം നടത്തിയിരുന്നു. രണ്ട് മക്കളാണ് റോഷ്നിക്കുള്ളത്. വീടുവിട്ടിറങ്ങിയശേഷം മക്കളുമായോ ബന്ധുക്കളുമായോ ഇവർ ബന്ധപ്പെട്ടിട്ടില്ല.
ഇലന്തൂർ നരബലി കേസിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കേസന്വേഷണം വീണ്ടും ഊർജിതമാക്കിയത്. ഇവരെ കണ്ടെത്താൻ നാദാപുരം പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. യുവതിക്ക് അഡയാർ മേഖലയിൽ ബന്ധുക്കളും മറ്റും ഉണ്ടെന്നതിനാലാണ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.