വളവിലും തിരിവിലും വാഹന പരിശോധന; നിർദേശങ്ങൾ ലംഘിച്ച് പൊലീസ്
text_fieldsകോഴിക്കോട്: നഗരപരിധിയിൽ പലയിടത്തും പൊലീസ് വാഹനപരിശോധന നടത്തുന്നത് നിയമങ്ങൾ കാറ്റിൽപറത്തി. കൊടുംവളവുകളിലും തിരക്കുപിടിച്ച റോഡുകളിലും ജീപ്പ് നിർത്തിയിട്ട് വാഹനങ്ങൾ കൈകാണിച്ച് നിർത്തിച്ച് രേഖകൾ പരിശോധിക്കുന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്. പലയിടത്തെയും വാഹനപരിശോധന അപകടഭീഷണിയാണെന്നുവരെ വിവിധ കോണുകളിൽനിന്ന് പരാതിയുയർന്നിട്ടുണ്ട്.
എരഞ്ഞിപ്പാലം ജങ്ഷനിൽ മിനി ബൈപാസ് തുടങ്ങുന്ന ഭാഗം, കാരപ്പറമ്പ് -എരഞ്ഞിപ്പാലം റോഡ്, സി.എച്ച് മേൽപാലത്തിന് സമീപം, ബൈപാസിൽ വേങ്ങേരി ജങ്ഷനടുത്ത് എന്നിവിടങ്ങളിലാണ് പതിവായി വാഹനപരിശോധന നടക്കുന്നത്. ഈ പ്രദേശങ്ങളെല്ലാം പകൽമുഴുവൻ തിരക്കുള്ള ഭാഗവും വളവുകളുള്ള പ്രദേശവുമാണ്. ചിലതാണെങ്കിൽ ബസ് സ്റ്റോപ്പുള്ള സ്ഥലവും. എരഞ്ഞിപ്പാലത്തും കാരപ്പറമ്പിൽ കമ്പിവേലിയുള്ളതിനാൽ റോഡിൽതന്നെ നിർത്തിയിട്ടാണ് വാഹനങ്ങൾ പരിശോധിക്കുന്നത്. പൊലീസ് ജീപ്പും അതിനുമുന്നിലായി പരിശോധനക്കായുള്ള വാഹനങ്ങളും നിർത്തുന്നത് ഗതാഗതക്കുരുക്കിനുപോലും പലപ്പോഴും കാരണമാകുന്നുണ്ട്. റോഡിൽ ഏറ്റവും തിരക്കുള്ള സമയത്ത് ഇത്തരം പരിശോധനകൾ നടക്കുന്നത് ഗതാഗതതടസ്സം രൂക്ഷമാക്കുന്നു.
തിരക്കേറിയ ജങ്ഷനുകളിലും കൊടുംവളവുകളിലും കയറ്റിറക്കങ്ങളിലും ഇടുങ്ങിയ റോഡുകളിലും പാലത്തിെൻറ മുകളിലും വാഹന പരിശോധന ഒഴിവാക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. വാഹനപരിശോധന പരമാവധി വിഡിയോയിൽ പകർത്തുകയും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനത്തിനടുത്തുപോയാണ് നടപടി പൂർത്തിയാക്കേണ്ടത് എന്നും നിർദേശമുണ്ട്.
എന്നാൽ, ഉദ്യോഗസ്ഥർ പൊലീസ് ജീപ്പിനടുത്തേക്ക് ആളുകളെ വിളിപ്പിക്കുകയാണ് െചയ്യുന്നത്. മാത്രമല്ല, ഒരേസമയം ഒന്നിൽ കൂടുതൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കരുത് എന്ന നിർദേശവും പലയിടത്തും അട്ടിമറിക്കുകയാണ്. വാഹനപരിശോധനക്കിടെ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുന്നതായുള്ള പരാതിയും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.