പി.എസ്.സി ഉദ്യോഗാർഥിയെ തടഞ്ഞ പൊലീസുകാരന് സസ്പെൻഷൻ: കേസ് മനുഷ്യാവകാശ കമീഷൻ തീർപ്പാക്കി
text_fieldsകോഴിക്കോട്: പുതിയ പാലത്തിൽ ട്രാഫിക് കുരുക്കുണ്ടാക്കിയെന്ന പേരിൽ ഇരുചക്രവാഹനം ഓടിച്ചയാളെ പിടിച്ചുനിർത്തിയത് കാരണം പി.എസ്.സി പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് പ്രസാദിനെ സസ്പെൻഡ് ചെയ്ത് വാക്കാൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സിറ്റി പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദേശം ജില്ലയിലെ പൊലീസുദ്യോഗസ്ഥർക്ക് നൽകണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പൊലീസ് മേധാവിക്ക് നിർദേശം നൽകി.
എന്നാൽ, തനിക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് പി.എസ്.സി പരീക്ഷ എഴുതാൻ കഴിയാതിരുന്ന അരുൺ കമീഷനെ അറിയിച്ച സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ട കേസുകൾ കമീഷൻ തീർപ്പാക്കി. രാമനാട്ടുകരയിൽനിന്ന് മീഞ്ചന്ത സ്കൂളിലേക്ക് പോയ ടി.കെ. അരുൺ എന്ന ഇരുചക്രവാഹന യാത്രികനെയാണ് പൊലീസ് തടഞ്ഞുവെച്ചത്.
ട്രാഫിക് കുരുക്ക് ശ്രദ്ധയിൽപെട്ടപ്പോൾ യഥാസമയം പരീക്ഷക്ക് എത്താൻ പഴയപാലം വഴി തിരിഞ്ഞപ്പോഴാണ് അരുണിനെ പൊലീസ് പിടിച്ചത്. ഗതാഗത തടസ്സമുണ്ടാക്കിയെന്നായിരുന്നു കുറ്റം. സിവിൽ പൊലീസ് ഓഫിസർ ബൈക്കിന്റെ താക്കോൽ ഊരിവാങ്ങി. 1.30ന് പരീക്ഷക്ക് എത്തണമെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. 1.30ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ ഹനീഫ്, അരുണിനെ പൊലീസ് വാഹനത്തിൽ സ്കൂളിൽ എത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ ബിരുദതല പരീക്ഷ എഴുതാൻ അധികൃതർ അനുവദിച്ചില്ല. സിവിൽ പൊലീസ് ഓഫിസർക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് കമീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.