98 ശതമാനം കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് വിതരണം പൂർത്തിയായി
text_fieldsകോഴിക്കോട്: അഞ്ചു വയസ്സുവരെയുള്ള 98 ശതമാനം കുട്ടികൾക്കും ജില്ലയിൽ പോളിയോ തുള്ളിമരുന്ന് വിതരണം പൂർത്തിയായി. 2,24,353 കുട്ടികള്‍ക്കാണ് ഇതുവരെ തുള്ളിമരുന്ന് നൽകിയത്. പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ മൂന്നാം ദിനത്തിൽ മാത്രം 8460 കുഞ്ഞുങ്ങള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമർ ഫാറൂഖ് അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള 102 പേര്‍ക്കും യാത്രക്കാരായ 142 പേര്‍ക്കും വീടുകള്‍തോറും സന്ദര്‍ശനം നടത്തി 8214 പേര്‍ക്കുമാണ് തുള്ളിമരുന്ന് നല്‍കിയത്.
അഞ്ചു വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യപ്രവര്‍ത്തകരും പ്രത്യേക പരിശീലനം നേടിയ സന്നദ്ധ സേവകരും 3,77,352 ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇതോടെ 98 ശതമാനം തുള്ളിമരുന്ന് വിതരണവും 8,02,497 വീടുകളിലെ സന്ദര്‍ശനവും പൂര്‍ത്തിയായി. ജില്ലയിലെ ബാക്കിയുള്ള വീടുകള്‍ ബുധനാഴ്ച ആരോഗ്യ - സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് ലഭിച്ചു എന്ന് ഉറപ്പുവരുത്തുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. ലോകാരോഗ്യ സംഘടന ഇന്ത്യയെ 2014ല്‍ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില അയല്‍ രാജ്യങ്ങളില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ പ്രതിരോധവും കരുതലുമെന്ന നിലയിലാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി രാജ്യത്ത് ഇപ്പോഴും നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.