സ്റ്റീൽ കോംപ്ലക്സ് സ്വകാര്യവത്കരണത്തിൽ രാഷ്ട്രീയ പോര്; സർക്കാറും സി.പി.എമ്മും പ്രതിരോധത്തിൽ
text_fieldsകോഴിക്കോട്: ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യവത്കരണത്തിൽ രാഷ്ട്രീയപോര് മുറുകിയതോടെ സംസ്ഥാന സർക്കാറും സി.പി.എമ്മും പ്രതിരോധത്തിൽ. കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് കൈമാറാനൊരുങ്ങിയപ്പോൾ, തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ സ്റ്റീൽ കോംപ്ലക്സിനെ സ്വകാര്യ കമ്പനിക്ക് തീറെഴുതാൻ കൂട്ടുനിന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. സ്വകാര്യവത്കരണത്തിനെതിരെ കോൺഗ്രസും ഐ.എൻ.ടി.യു.സിയും പരസ്യമായും സി.ഐ.ടി.യു രഹസ്യമായും രംഗത്തുവന്നിട്ടും സി.പി.എം ജില്ല നേതൃത്വം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് സ്റ്റീൽ കോംപ്ലക്സ് പുനരുദ്ധരിക്കുമെന്നതായിരുന്നു. സ്ഥാനാർഥിക്കുപുറമെ കോഴിക്കോട്ട് നിന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, ജില്ല സെക്രട്ടറി പി. മോഹനൻ അടക്കമുള്ളവരുടെ മേൽനോട്ടത്തിലാണ് പ്രകടനപത്രിക തയാറാക്കിയത്.
വോട്ടർമാർക്ക് ഉറപ്പുനൽകിയ വാഗ്ദാനം വോട്ടെണ്ണും മുന്നേ ജലരേഖയായത് നാണക്കേടായതിനാൽ സ്റ്റീൽ കോംപ്ലക്സിന്റെ കാര്യത്തിൽ സംഭവിച്ചതെന്താണെന്ന് പാർട്ടി വിശദീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. സ്ഥാപനത്തെ സംരക്ഷിക്കുന്നതിൽ വീഴ്ചപറ്റിയെങ്കിൽ വ്യവസായ മന്ത്രി പി. രാജീവ് അത് ഏറ്റുപറയണമെന്നും ആവശ്യമുയരുന്നുണ്ട്.
റായ്പൂർ ആസ്ഥാനമായ ഛത്തിസ്ഗഢ് ഔട്ട്സോഴ്സിങ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസൾട്ടൻസി കമ്പനിക്കാണ് സ്റ്റീൽ കോംപ്ലക്സിനെ സ്വന്തമാക്കാൻ അനുമതി ലഭിച്ചത്. ലീഗൽ, ഓഡിറ്റിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനി സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കാനെത്തുന്നതിലും വലിയ ദുരൂഹതയുണ്ട്. മറ്റേതെങ്കിലും സ്വകാര്യ ഗ്രൂപ്പുകൾക്കുവേണ്ടിയാണോ കമ്പനിയുടെ വരവ് എന്നതാണ് ഉയരുന്ന ചോദ്യം.
നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചാണ് സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കാൻ കമ്പനിക്ക് അനുമതി നൽകിയത്. പരക്കെ ആക്ഷേപമുയർന്നതോടെ ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകാനാണിപ്പോൾ വ്യവസായ വകുപ്പിന്റെ തീരുമാനം. സ്റ്റീൽ കോംപ്ലക്സ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നതോടെയാണ് ബാങ്കിൽനിന്ന് 45 കോടി രൂപ വായ്പയെടുത്ത് റീ റോളിങ് മിൽ സ്ഥാപിച്ച് വീണ്ടും പ്രവർത്തനമാരംഭിച്ചത്.
അന്ന് സംസ്ഥാന സർക്കാർ പദ്ധതികളിൽ നിശ്ചിത ശതമാനം ടി.എം.ടി ബാറുകൾ സ്റ്റീൽ കോംപ്ലക്സിൽ നിന്നുള്ളവ ഉപയോഗിക്കുന്നതടക്കം നിർബന്ധമാക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. പ്രവർത്തനം നിലച്ച സ്ഥാപനം പുനരുദ്ധരിക്കാൻ സംസ്ഥാന സർക്കാർ പിന്നീട് വേണ്ട ഇടപെടലും നടത്തിയില്ല.
നിലവിൽ ബാങ്ക് വായ്പ തിരിച്ചടവ് മാത്രം 107 കോടി രൂപയാണ്. സ്റ്റീൽ കോംപ്ലക്സ് സ്വകാര്യവത്കരിക്കുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് എം.കെ. രാഘവൻ എം.പി വ്യക്തമാക്കിയത്. സ്റ്റീൽ കോംപ്ലക്സ് സ്വകാര്യവത്കരണത്തിൽ സി.പി.എം -ബി.ജെ.പി ഒത്തുകളി നടന്നെന്നും സ്ഥാപനം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാറും പറഞ്ഞു.
സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ അറിവോടെ –ഐ.എൻ.ടി.യു.സി
കോഴിക്കോട്: സ്റ്റീൽ കോംപ്ലക്സിന്റെ 300 കോടിയോളം വിലവരുന്ന ആസ്തികൾ കേവലം 30 കോടി രൂപക്ക് വിൽക്കാൻ തീരുമാനിച്ചത് സംസ്ഥാന -കേന്ദ്ര സർക്കാറുകളുടെ അറിവോടെയെന്ന് ഐ.എൻ.ടി.യു.സി. മേയ് രണ്ടിലെ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവിൽ ഇത് വ്യക്തമാണ്.
വിൽപനക്ക് തയാറാക്കിയ പ്ലാൻ ഡിസംബർ 30ന് ചേർന്ന കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് മീറ്റിങ്ങിൽ നൂറ് ശതമാനം വോട്ടോടെ അംഗീകരിച്ചതായി വിധിയുടെ ആദ്യഭാഗത്ത് പറയുന്നു.
തുച്ഛ വിലക്ക് കമ്പനി വിൽക്കാനുള്ള പ്ലാൻ അംഗീകരിച്ച വിവരം വിധി വരുംവരെ വ്യവസായ വകുപ്പും ബന്ധപ്പെട്ടവരും മറച്ചുവെച്ച് തൊഴിലാളികളെയും ജനങ്ങളെയും വഞ്ചിക്കുകയായിരുന്നു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മേയ് 15ന് കമ്പനി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ജില്ല പ്രസിഡന്റ് കെ. രാജീവ് പ്രസ്താവനയിൽ പറഞ്ഞു.
അപ്പീൽ നൽകും -വ്യവസായ മന്ത്രി
കോഴിക്കോട്: സ്റ്റീൽ കോംപ്ലക്സ് ഛത്തിസ്ഗഢ് ഔട്ട്സോഴ്സിങ് സർവിസിന് കൈമാറണമെന്ന നാഷനൽ കമ്പനി ട്രൈബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സർക്കാർ നിശ്ചയിച്ച പാട്ട വ്യവസ്ഥക്ക് വിരുദ്ധമായും സംസ്ഥാന സർക്കാറിനെ കേൾക്കാതെയുമാണ് ട്രൈബ്യൂണൽ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുക. മേയ് രണ്ടിനാണ് കമ്പനി ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായത്.
കാനറ ബാങ്കിൽനിന്ന് വായ്പയെടുത്ത 45 കോടി രൂപയുടെ തിരിച്ചടവിൽ വീഴ്ചയുണ്ടായെന്ന് സൂചിപ്പിച്ച് കമ്പനി സമർപ്പിച്ച റെസല്യൂഷൻ പദ്ധതിയനുസരിച്ച് കൈമാറ്റ ഉത്തരവിട്ടത്. വായ്പ തിരിച്ചടവിൽ വീഴ്ചവന്നതായി ആരോപിച്ച് ബാങ്ക് എൻ.സി.എൽ.ടിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉത്തരവുണ്ടായത്. ട്രൈബ്യൂണലിന് മുമ്പാകെ എത്തുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെട്ടിരുന്നു.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പരിഗണിക്കാമെന്ന് ബാങ്ക് ഉറപ്പ് നൽകിയെങ്കിലും ബാധ്യതയുടെ ചെറിയ ഭാഗം മാത്രം തിരിച്ചുകിട്ടുന്ന റെസല്യൂഷൻ പ്ലാൻ അംഗീകരിച്ചത് ദുരൂഹമാണ്. സംയുക്ത സംരംഭത്തിൽനിന്ന് പിന്മാറുകയാണെന്നാണ് സെയിൽ അറിയിച്ചത്. കമ്പനി പുനരുദ്ധാരണ പദ്ധതി ക്ഷണിച്ചുള്ള പരസ്യം നൽകിയത് കേരളത്തിൽ ചന്ദ്രിക പത്രത്തിൽ മാത്രമായിരുന്നു എന്നതും സംശയം ഉളവാക്കുന്നതാണ് -മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.