വെയിലിലും വീഴാതെ പോളിങ്
text_fieldsകോഴികക്കോട്: കനത്ത വെയിലും, വരിനിൽക്കലുമൊന്നും വോട്ടർമരുടെ ആവേശം തണുപ്പിച്ചില്ല, ജില്ലയിൽ രണ്ടുലോക്സഭ മണ്ഡലങ്ങളിലേക്കും കനത്ത പോളിങ്ങാണ് നടന്നത്. രാത്രി വൈകിയും പലയിടങ്ങളിലും പോളിങ് പൂർത്തിയായിരുന്നില്ല.
കടത്തനാടൻ കളരിയിലെ വീറും വാശിയും അലയടിച്ച വടകര ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നാളിലുംആവേശം അലയടിച്ചു. മണ്ഡലത്തിലെ പേരാമ്പ്ര, കുറ്റ്യാടി, വടകര, നാദാപുരം, കൊയിലാണ്ടി, തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ രാവിലെ മുതൽ കനത്ത പോളിങായിരുന്നു.
രാവിലെ പത്തായപ്പോഴേക്കും 14.82 ശതമാനമായിരുന്നു പോളിങ്. ആദ്യ മൂന്നുമണിക്കൂറിനുള്ളിൽ തന്നെ തലശ്ശേരി നിയോജക മണ്ഡലത്തിൽ 17.83 ശതമാനം ആളുകളും വോട്ടുചെയ്തു. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെങ്കിലും വടകരയിൽ പോളിങ് പൊതുവേ സമാധാനപരമായിരുന്നു.
വോട്ടെടുപ്പ് തുടങ്ങുമ്പോൾ തന്നെ ഒട്ടുമിക്ക പോളിങ് ബൂത്തുകൾക്ക് മുന്നിലും ആളുകളുടെ നീണ്ട നിരയായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകൾ അടക്കമുള്ളവർ രാവിലെ തന്നെ വോട്ടുചെയ്യാനെത്തി. രാവിലെ മുതൽ മുതിർന്നവർ അടക്കമുള്ളവരെ പോളിങ് ബൂത്തിലെത്തിക്കാൻ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ മത്സരിക്കുന്ന കാഴ്ചയാണ് പലഭാഗത്തും കണ്ടത്.
വെള്ളിയാഴ്ചയായതിനാൽ ജുമുഅ നമസ്കാര സമയം ഉച്ചക്ക് ബൂത്തുകളിൽ തിരക്കൊഴിയുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചത്. എന്നാൽ ഉച്ചക്കും ബൂത്തുകളിൽ പൊതുവെ വരിയുണ്ടായിരുന്നു. വോട്ടെടുപ്പ് സമയം അവസാനിച്ച ആറുമണിക്കുശേഷവും പല ബൂത്തിലും വരിയുണ്ടായതോടെ ഇവർക്ക് ടോക്കൺ നൽകുകയായിരുന്നു.
പല പോളിങ് സ്റ്റേഷനുകളിലും വൈകീട്ട് ആറുമണിക്കുശേഷവും സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നീണ്ടവരിയാണ് ഉണ്ടായിരുന്നത്.
വടകര മേലയിൽ നിരവധി ബൂത്തുകളിലാണ് വോട്ടുയന്ത്രങ്ങൾ കേടായത്. വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പ് ദിനത്തിലും തുടക്കം മുതൽ ഒടുക്കംവരെ പ്രകടമായിരുന്നു. അവസാന വോട്ടറെയും ബൂത്തിലെത്തിക്കാൻ വിവിധ പാർട്ടിക്കാൻ ആവേശം ചോരാതെ പ്രവർത്തിച്ചു. വടകരയിൽ വോട്ടുള്ള ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെ മലയാളികളെ വോട്ടുദിനത്തിൽ നാട്ടിലെത്തിക്കാൻ യു.ഡി.എഫ് പ്രത്യേകം ടൂറിസ്റ്റ് ബസുകൾ ഒരുക്കിയിരുന്നു.
വടകര ലോക്സഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ തർക്കവും വാക്കേറ്റവുമുണ്ടായി. നരിപ്പറ്റയിൽ തർക്കം കൈയാങ്കളിവരെയുമെത്തി. നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോക്ക് പകരം ഭർത്താവിന്റെ ഫോട്ടോ അച്ചടിച്ച് വന്നത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു വാക്കേറ്റം.
യുവതി വോട്ട് ചെയ്യാനെത്തിയതോടെ എൽ.ഡി.എഫ് ഏജൻറ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് വാക്തർക്കമുണ്ടായി. നരിപ്പറ്റ സ്കൂളിൽ എൽ.ഡി.എഫ് -യു.ഡി.എഫ് സംഘർഷമുണ്ടായി. പൊലീസ് ബലപ്രയോഗത്തിലൂടെയാണ് രംഗം ശാന്തമാക്കിയത്. കോഴിക്കോട് മണ്ഡലത്തിലും കനത്ത പോളിങ്ങായിരുന്നു. പല ബൂത്തുകളിലും രാത്രി ഒമ്പതുമണിക്കു ശേഷവും വോട്ടെടുപ്പ് തുടർന്നു.
യന്ത്രങ്ങളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് പലയിടത്തും വോട്ടെടുപ്പ് വൈകിത്തുടങ്ങാൻ കാരണം. കനത്ത ചൂടിൽ പന്തലും മറ്റും ഒരുക്കിയിട്ടും കാത്തിരിപ്പ് വോട്ടർമാരെ വലച്ചു. മീഞ്ചന്ത വി.എച്ച്.എസ്.എസിലും ശ്രീരാമ കൃഷ്ണാശ്രമം സ്കൂളിലുമെല്ലാം വോട്ടെടുപ്പ് രാത്രി ഏഴ് മണിക്കും തുടങ്ങി. നടപടി ക്രമങ്ങളിൽ ചില ഉദ്യോഗസ്ഥർക്കെങ്കിലും വേഗതയില്ലാത്തതും വരി നീളാൻ കാരണമായി.
പെട്ടെന്ന് വോട്ടെടുപ്പ് നടന്ന ബൂത്തുകളിൽ പലപ്പോഴും വരിതന്നെ ഇല്ലാത്ത സ്ഥിതിയുമുണ്ടായി. ഉച്ചയോടെ 60 ശതമാനത്തിലേറെ വോട്ട് ചെയ്തിട്ടും ക്യൂവില്ലാത്ത ബൂത്തുകളുമുണ്ടായിരുന്നു. പുലർച്ച തന്നെ വരി നിന്ന് മറ്റ് കാര്യങ്ങൾക്ക് പോവാനും മറ്റും ശ്രമിച്ച പലർക്കും യന്ത്രങ്ങത്തകരാർ കാരണം മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. വിവിപാറ്റ് യന്ത്രം ചിലയിടത്തും മറ്റിടത്ത് വോട്ടിങ് യന്ത്രവും തകരാറിലായി.
വെള്ളിയാഴ്ച പള്ളിയിൽ പോകേണ്ടതിനാൽ പെട്ടെന്ന് വോട്ടുചെയ്ത് പോവാനെത്തിയവർക്കും യന്ത്രത്തകരാറും മെല്ലെപ്പോക്കും വിനയായി. നെടുങ്ങോട്ടൂർ മാതൃ ബന്ധു വിദ്യാശാല എ.എൽ.പി സ്കൂളിൽ 84ാം ബൂത്തിൽ യന്ത്രം തകരാറായതോടെ സ്ഥാനാർഥി എം.കെ. രാഘവനും വോട്ട് ചെയ്യാൻ കാത്തിരിക്കേണ്ടി വന്നു. 7.36 ഓടെ മാത്രമാണ് ജില്ലയിലെ 90 ശതമാനം ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.