നിറഞ്ഞ് മാനാഞ്ചിറ വെള്ളം ഉപയോഗിക്കാനാവുന്നില്ല
text_fieldsകോഴിക്കോട്: മീനച്ചൂടിൽ നഗരം വെന്തെരിയുമ്പോഴും കുടിനീർ നിറഞ്ഞ് മാനാഞ്ചിറ. കഴിഞ്ഞ കൊല്ലം വെള്ളം പൂർണമായി വറ്റിച്ച് ചളിയും മറ്റും ഒഴിവാക്കിയതോടെയാണ് മാനാഞ്ചിറ കൂടുതൽ നിറഞ്ഞത്. വലിയ ശുദ്ധജലശേഖരമാണ് നഗരമധ്യത്തിലുള്ളതെങ്കിലും മാനാഞ്ചിറയിലെ വെള്ളം പഴയതുപോലെ ഉപയോഗിക്കാനാവുന്നില്ല. കുളത്തിന് സമീപത്തെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് കേടായതാണ് കാരണം.
നഗരത്തിൽ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിൽ കോർപറേഷൻ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മുമ്പ് മാനാഞ്ചിറയിലെ വെള്ളം ഉപയോഗിച്ചിരുന്നു. ശുദ്ധീകരിക്കാത്തതിനാൽ മാനാഞ്ചിറയിലെ വെള്ളം എടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മാനാഞ്ചിറ മൈതാനത്ത് പുൽത്തകിടി നനക്കുന്ന പതിവും ഈ വേനലിൽ തുടങ്ങിയിട്ടില്ല. കുളത്തിലെ വെള്ളം കൊണ്ടുള്ള നനകാരണം മാനാഞ്ചിറ മൈതാനം കടുത്ത വേനലിലും പച്ചപ്പണിയുന്ന കാഴ്ച ഇത്തവണയുണ്ടായില്ല. മാനാഞ്ചിറ നിറഞ്ഞിരിക്കുമ്പോൾ ചുറ്റുമുള്ള ചെടികളും പുല്ലും കരിഞ്ഞുണങ്ങുന്നു. വെള്ളം കൂടിയതോടെ മാനാഞ്ചിറയിലെത്തുന്ന ജലപ്പക്ഷികളുടെ എണ്ണവും കൂടി. രാത്രി നിരന്നിരിക്കുന്ന രാക്കൊക്കുകൾ ചിറയിൽ പതിവു കാഴ്ചയായി. വിവിധയിനം കൊക്കുകളും നീർക്കാക്കകളും ചിലയിനം എരണ്ടകളുമെല്ലാം കുളത്തിലെത്തുന്നു. പ്രാവും പരുന്തും മൈനയും കാക്കയും അണ്ണാനുമെല്ലാം ഇതിനു പുറമെയാണ്. ഫയർ എൻജിനുകൾക്ക് ഇപ്പോഴും ഇവിടുത്തെ വെള്ളം ഉപയോഗിക്കുന്നുണ്ട്.
40 കൊല്ലത്തിനു ശേഷമാണ് കഴിഞ്ഞ തവണ വെള്ളം പൂർണമായി വറ്റിച്ച് വൃത്തിയാക്കിയത്. 11 ദിവസം കൊണ്ടാണ് കഴിഞ്ഞ കൊല്ലം മാനാഞ്ചിറയിൽ ചളി നീക്കാൻ വെള്ളം വറ്റിച്ചത്. വലിയ മോട്ടോറും മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിലാണ് ചളി നീക്കിയത്. കോർപറേഷൻ ജോലിക്കാരും ആർ.ആർ.ടി, ഹരിതസേന അംഗങ്ങളും അടക്കം നൂറിലേറെ പേർ ചേർന്ന് കോവിഡ് കാലത്ത് മാനാഞ്ചിറ ശുചീകരിച്ചിരുന്നു.
മാനാഞ്ചിറ പ്ലാന്റ് ഉടൻ നന്നാക്കും
മാനാഞ്ചിറയിലെ ട്രീറ്റ്മെന്റ് സംവിധാനം ഉടൻ പൂർവസ്ഥിതിയിലാക്കുമെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. ട്രീറ്റ്മെന്റ് നടത്തിയ വെള്ളം മാത്രമേ കുടിവെള്ളത്തിനായി നൽകാനാവൂ.
ജല അതോറിറ്റിയുടെ വെള്ളം യഥേഷ്ടം കിട്ടുന്നതുകൊണ്ട് നഗരത്തിൽ കുടിവെള്ള ക്ഷാമമില്ല. അൻസാരി പാർക്കിന് സമീപത്തെ ട്രീറ്റ്മെന്റ് പ്ലാന്റാണ് കേടായത്. നന്നാക്കാനായില്ലെങ്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം ആലോചനയിലുണ്ട്. കുളത്തിലെ വെള്ളം മാനാഞ്ചിറ മൈതാനത്തെ പുൽത്തകിടി നനക്കാൻ ഉപയോഗിക്കുന്ന കാര്യവും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.