വരൂ, കോഴിക്കോടിന്റെ മീശപ്പുലി മലയിലേക്ക്
text_fieldsനന്മണ്ട: പൊൻകുന്ന്മല എന്നും പൂക്കുന്ന്മല എന്നപേരിലും അറിയപ്പെടുന്ന ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇടം... നന്മണ്ട, കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കുന്ന് സമുദ്രനിരപ്പിൽ നിന്നും 1500 അടി ഉയരത്തിലാണുള്ളത്.
കോഴിക്കോടിന്റെ മീശപ്പുലിമല എന്നറിയപ്പെടുന്ന പൊൻകുന്ന് മലയിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്.എന്നാൽ, ടൂറിസം വികസനസാധ്യതകൾ കണക്കിലെടുത്തുള്ള പദ്ധതികൾ അത്യാവശ്യമാണ്.സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പ്രകൃതിസംരക്ഷണവും അതിപ്രാധാന്യമായി കണക്കിലെടുത്തുള്ള നടപടികളാണ് ആവശ്യം.
കോഴിക്കോട് നഗരത്തിൽനിന്നും ഏകദേശം 22 കിലോമീറ്റർ അകലെയാണ് പൊൻകുന്ന്. താഴ്വാരത്തുനിന്ന് നടത്തം തുടങ്ങിയാൽ അരമണിക്കൂർകൊണ്ട് കുന്നിൻ മുകളിൽ എത്താം. പ്രകൃതിസൗന്ദര്യത്തിന്റെ നിറകുടമാണ് കുന്ന്. കാനനഭംഗി നുണയാൻ നിരവധിപേരാണ് ഈ മലകയറി എത്തുന്നത്.
162 ഇനം പക്ഷികൾ ഇവിടെയുണ്ടെന്നാണ് കണക്ക്. നിരവധി ദേശാടനപ്പക്ഷികളും വംശനാശഭീഷണി നേരിടുന്ന അപൂർവ ഇനം പക്ഷികളും ഇതിൽ ഉൾപ്പെടുന്നു. പൊൻകുന്ന് മലയുടെ ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് അധികൃതർ സ്ഥലത്ത് അടുത്തിടെ സന്ദർശനം നടത്തിയിരുന്നു. പൊൻകുന്ന് മലയിൽ നിന്ന് ഉൽഭവിക്കുന്ന നീരുറവകൾ താഴ്വരയിലെ നീർത്തടങ്ങളെ ജലസമ്പുഷ്ടമാക്കുന്നുണ്ട്.
പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളും നീരുറവകൾ ആശ്രയിച്ചാണ്. മലയിലെ ജൈവവൈവിധ്യവും ജലസ്രോതസ്സുകളും സംരക്ഷിക്കുവാൻ നടപടികളുണ്ടാവണമെന്നാണ് പരിസ്ഥിതി സ്നേഹികൾ ആവശ്യപ്പെടുന്നത്. ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകണമെന്ന ആവശ്യം ശക്തമാണ്.
എങ്ങനെ എത്തിച്ചേരാം?
കോഴിക്കോട് നഗരത്തിൽനിന്ന് 22 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. നന്മണ്ട -ചീക്കിലോട് ഭാഗത്തുനിന്ന് മാപ്പിള സ്കൂളിനടുത്ത റോഡ് വഴിയും നന്മണ്ട വെള്ളച്ചാൽ റോഡ് വഴിയും എത്താം. കാക്കൂർ പതിനൊന്നേ നാലിൽ നിന്നുള്ള റോഡിലൂടെയും ഈ മലമുകളിലേക്ക് എത്താം. പകുതി വഴിവരെ വാഹനത്തിലെത്താം. പിന്നീട് ട്രക്കിങ് നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.