'ദിൽ സെ ദിൽ തക്' പാടാം ഞാനൊരു വിരഹഗാനം...
text_fieldsകോഴിേക്കാട്: ഏകാന്തതയുടെ സ്റ്റുഡിയോ മുറിയിലിരുന്നു ഒരിക്കൽ പോലും നേരിൽ കാണാത്ത ശ്രോതാക്കളോട് ഹൃദയവായ്പ്പോടെ വർത്തമാനം പറയുക, ആ സ്വരം വന്ന് മുട്ടുേമ്പാഴേക്കും കേൾക്കുന്നവർക്ക് മോഹിച്ചുകാത്തിരുന്ന സ്വരം പോലെ ഹൃദയത്തിെൻറ വാതിലുകളെല്ലാം തുറന്നുപോവുക, അദൃശ്യയെങ്കിലും പ്രണയാർദ്രമായി, വാത്സല്യത്തിൽ ചാലിച്ച് ഏറ്റവും പ്രിയമുള്ളവളായി ജനങ്ങളോട് സംസാരിക്കുക.... അപൂർവസൗന്ദര്യമുള്ള ആ ജോലിയിൽ നിന്ന് കോഴിേക്കാട് ആകാശവാണി ശ്രോതാക്കളുടെ പ്രിയ പ്രീതച്ചേച്ചി വിരമിക്കുകയാണ്.
ഇൗ മാസം 30ന് തനിക്കിഷ്ടപ്പെട്ട ഗാനങ്ങൾ േശ്രാതാക്കളുമായി പങ്കുവെച്ചാണ് ജനപ്രിയ പരിപാടിയായ ദിൽസെ ദിൽതക് അവതരിപ്പിക്കുക. ഇതുവരെ ശ്രോതാക്കൾക്കിഷ്ടപ്പെട്ട ഗാനങ്ങൾ അവതിരിപ്പിച്ചു പാട്ടും പറച്ചിലും തീർത്ത ഹൃദയബന്ധത്തിെൻറ അധ്യായം പ്രീത തൽകാലം അടച്ചുവെക്കും. ആകാശവാണിയിൽ നിന്ന് വിരമിക്കുന്നു എന്നറിഞ്ഞതോടെ ശ്രോതാക്കൾ പ്രീതച്ചേച്ചിയെ നേരിൽ വിളിച്ച് സങ്കടപ്പെടുകയാണ്. അത്രമേൽ ഇഷ്ടമായിരുന്നു അവർക്ക് തെളിത്തേനൊത്ത ആ വർത്തമാനം കേൾക്കാൻ.' ഗാനമാലിക'യിലൂടെയും 'സിനിമ സല്ലാപ'ത്തിലൂടെയും 'ദിൽസെ ദിൽ തക്കി'ലൂടെയും പാട്ടുപ്രേമികളുടെ നെഞ്ചിലിടം നേടിയ അവതരണം. എല്ലാ തലമുറയിലും പെട്ടവർ, എല്ലാ മേഖലയിലുമുള്ളവർ പ്രീത അവതരിപ്പിക്കുന്ന പരിപാടികൾ ഹൃദയപൂർവം കേട്ടു. തനിക്കിത്രമേൽ ജനപ്രിയതയുണ്ടായിരുന്നു എന്നറിയുന്നത് ഇപ്പോഴാണെന്ന് അവർ 'മാധ്യമ'ത്തോടു പറഞ്ഞു. 28 വർഷത്തെ സേവനത്തിനു ശേഷമാണ് സ്റ്റാഫ് അനൗൺസർ വി. പ്രീത വിരമിക്കുന്നത്.
ഗാനമാലിക, സിനിമ സല്ലാപം, എഫ്.എം ചോയ്സ്, സ്നേഹപൂർവം, സഹയാത്രിക, വനിതാവേദി, കിഞ്ചന വർത്തമാനം, കഥാനേരം, ഫോൺ ഇൻ ഇഷ്ടഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അവതരിപ്പിച്ചത്. 2003ൽ ആരംഭിച്ച ദിൽ സേ ദിൽ തക്ആണ് ഏറ്റവും ജനപ്രിയ പരിപാടി. ഹിന്ദിഗാനങ്ങളോടുള്ള കോഴിക്കോട്ടുകാരുടെ പ്രണയമാണ് ഇൗ പരിപാടിയെ കുറിച്ച ആശയത്തെ കുറിച്ച് ആകാശവാണിയുടെ ആലോചനയിൽ വന്നത്. തുടക്കം മുതൽ അതിെൻറ അവതാരകയായി പ്രീത.
2003 മുതൽ തുടർച്ചയായി 18 വർഷത്തോളം എല്ലാ ആഴ്ചയും ഹിന്ദി ചലച്ചിത്ര ഗാനശാഖയുടെ മുത്തും പവിഴവും കേൾവിക്കാരിൽ എത്തിച്ച പരിപാടി. മന്നാഡേ, രവി ബോംബേ, പ്യാരേലാൽ, ഖയ്യാം, അമീൻ സയാനി തുടങ്ങിയ പ്രശസ്തർ മുതൽ സാധാരണക്കാർ വരെ തങ്ങളുടെ പ്രിയ ഗാനങ്ങൾ അവതരിപ്പിച്ച ഇതുപോലൊരു പരമ്പര ആകാശവാണിയുടെ ചരിത്രത്തിലില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഗാനേതിഹാസം മുഹമ്മദ് റഫിയെ പറ്റി മാത്രം 30ലേറെ ഭാഗങ്ങളുള്ള പരിപാടിയാണ് പ്രക്ഷേപണം ചെയ്തത്. മലയാള പ്രക്ഷേപണ ചരിത്രത്തിലെ ഒരപൂർവതയും പ്രീതയുടെ പേരിലാണ്, ശബരിമലയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ വനിത മാധ്യമ പ്രവർത്തകയാണിവർ.
ദേശീയോദ്ഗ്രഥനത്തിനുള്ള ലാസാ കൗൾ പുരസ്കാരം ഉൾപ്പെടെ രണ്ട് ആകാശവാണി ദേശീയ പുരസ്ക്കാരങ്ങൾ, മികച്ച പ്രക്ഷേപകക്കുള്ള റോട്ടറി വൊക്കേഷനൽ എക്സലൻസ് അവാർഡ്, മൊയ്തു മൗലവി സ്മാരക അക്ഷരം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിൽ നിന്ന് എക്സിക്യൂട്ടിവ് എൻജിനീയറായി വിരമിച്ച പി. ഗോപിനാഥനാണ് ഭർത്താവ്.
പാലക്കാട് ഒറ്റപ്പാലത്തുകാരിയായ പ്രീത കോഴിക്കോട്ട് മരുമകളായി എത്തിയതാണ്. തൊണ്ടയാടാണ് താമസം. മകൾ അഞ്ജന. മരുമകൻ സജിത്ത് ഭാസ്കർ. പ്രീതയുടെ പ്രക്ഷേപണ അനുഭവങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക പരിപാടി ആകാശവാണിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിലയത്തിലും 10.30 ന് 103.6 റിയൽ എഫ്.എമ്മിലുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.