പോർട്ട് ബംഗ്ലാവ് പാട്ടത്തിന്: പ്രതിഷേധവുമായി കോൺഗ്രസ്
text_fieldsകോഴിക്കോട്: ബീച്ചിലെ തുറമുഖ വകുപ്പിന് കീഴിലുള്ള പോർട്ട് ബംഗ്ലാവ് കെട്ടിടവും പരിസരവും സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിന് നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ബംഗ്ലാവ് ഉള്‍പ്പെടുന്ന ഒരേക്കര്‍ ഭൂമി നടത്തിപ്പിന് കൈമാറുന്നത് തട്ടിപ്പാണെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കോഴിക്കോട്ടെ രണ്ട് മന്ത്രിമാരുടെ ബിനാമിമാര്ക്ക് ബംഗ്ലാവ് പാട്ടത്തിന് നല്കാന് നേരത്തേ നടപടിയായിട്ടുണ്ട്. നിലവില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗം പ്രഹസനം മാത്രമാണെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് എന്നിവര്‍ പറഞ്ഞു.
കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ ഉടമസ്ഥതയില്‍തന്നെ നിലനിര്‍ത്തി 30 വര്‍ഷത്തേക്ക് സ്വകാര്യ സംരംഭകര്‍ക്ക് കൈമാറാൻ ആലോചനയുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, നിസ്സാര തുകക്കാണ് ബംഗ്ലാവ് നല്കാന് നീക്കം നടത്തുന്നത്. നവീകരിക്കാന്‍ വേണ്ടിവരുന്ന വന്‍ തുക കണ്ടെത്താനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെട്ടിടമടക്കം ഒരേക്കര്‍ ഭൂമിയും നടത്തിപ്പിന് കൈമാറുന്നതെന്നാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞത്. എന്നാല്‍, മന്ത്രിയുടെ ഓഫിസായി പ്രവര്‍ത്തിച്ച സമയത്തെ വാടകപോലും നല്‍കിയിട്ടില്ല. കെട്ടിട നവീകരണത്തിന് പണമില്ലെന്ന് പറയുന്ന മന്ത്രി ആദ്യം വാടക കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. കെട്ടിടം കൈമാറാനുള്ള നീക്കം കോണ്‍ഗ്രസ് തടയുമെന്നും അദ്ദേഹം അറിയിച്ചു. നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടമാണ് പോർട്ട് ബംഗ്ലാവ്. ബീച്ചിൽ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്താണ് നിർമിച്ചത്. ആദ്യകാലത്ത് പോർട്ട് ഓഫിസറുടെ ബംഗ്ലാവായിരുന്നു. പിന്നീടാണ് തുറമുഖ വകുപ്പിന്റെ കീഴിൽ ഗവൺമെന്റ് ഹൗസായി മാറിയത്. പോർട്ട് ബംഗ്ലാവ് സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിന് കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥലവും ബംഗ്ലാവും നിലനിർത്തണമെന്നും അറ്റകുറ്റപ്പണികൾ നടത്തി പുതുമോഡിയിലാക്കണമെന്നും ഫോറസ്ട്രി ബോർഡും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.