അംഗൻവാടി ജീവനക്കാരെ ആപ്പിലാക്കി പോഷണ്‍ ട്രാക്കര്‍ ആപ്
text_fieldsകോഴിക്കോട്: ജോലി ഭാരം കുറക്കാനെന്ന പേരില്‍ നല്കിയ ഫോണും പോഷണ്‍ ട്രാക്കര്‍ ആപ്പും അംഗൻവാടി ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയാക്കുന്നതായി പരാതി. കാലപ്പഴക്കം കൊണ്ടും സ്റ്റോറേജ് പരിമിതി കൊണ്ടും സർക്കാർ നൽകിയ ഫോണുകളെല്ലാം ഉപയോഗശൂന്യമായി. പലരും സ്വന്തം ഫോണുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നത്. വിവരങ്ങള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ആപ്പിലെ സാങ്കേതിക പ്രശ്നം കാരണം ആദ്യം ഫയൽ ചെയ്ത വിവരം നഷ്ടപ്പെടുന്നതും പതിവാണ്. ഇതുകാരണം വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കേണ്ട അവസ്ഥയാണ്.
വിവരശേഖരണത്തിനായി 2021 മുതലാണ് പോഷണ്‍ ട്രാക്കര്‍ ആപ്പ് നിലവില്‍ വന്നത്. ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ആറുവയസുവരെയുള്ള കുട്ടികളുടെ വിവരശേഖരണം എന്നിവയെല്ലാം ആപ്പിലൂടെയാണ്. ഫീല്‍ഡിലിറങ്ങി വിവരങ്ങള്‍ ശേഖരിച്ച് 13 ഓളം സര്‍വേ വിവരങ്ങളാണ് ദിവസവും മൊബൈല്‍ അപ്ലിക്കേഷനിലും രജിസ്റ്ററുകളിലും അംഗൻവാടി ജീവനക്കാര്‍ ഉള്‍പ്പെടുത്തേണ്ടത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ 500 രൂപ വര്‍ക്കര്‍ക്കും 250 രൂപ ഹെല്പര്ക്കും ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, രണ്ടുതവണ മാത്രമാണ് ഇന്‍സെന്റീവ് ലഭിച്ചത്.
പിന്നീട് എല്ലാം നിലച്ചു. ഫോണിലേക്ക് ഇന്റര്നെറ്റ്പോലും കൃത്യമായി കിട്ടാത്ത സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. എല്ലാ ജീവനക്കാരും സ്വന്തം ഫോണില്‍ സ്വന്തം ചെലവില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുകയാണ്. എണ്ണയിട്ട യന്ത്രംപോലെ ജോലി ചെയ്തിട്ടും കൃത്യമായ ഇന്‍സെറ്റീവ് പോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. രാവിലെ മുതല്‍ വൈകീട്ടു മൂന്നര വരെയാണ് അംഗൻവാടി പ്രവര്‍ത്തന സമയം. ഇതിനുശേഷമാണ് ഗൃഹ സന്ദര്‍ശനത്തിന്റെയും റജിസ്റ്റര്‍ തയാറാക്കലിന്റെയും ജോലി ആരംഭിക്കുന്നത്. മാത്രമല്ല, കുട്ടികളുടെ കാര്യങ്ങളും ഹെല്‍പര്‍മാര്‍ അവധിയുള്ള ദിവസങ്ങളില്‍ ഭക്ഷണമുള്‍പ്പെടെ ഉണ്ടാക്കി നല്‍കേണ്ട ഉത്തരവാദിത്തവും ജീവനക്കാര്‍ക്കാണ്. കുട്ടികളുടെ പ്രഭാത ഭക്ഷണം ഉള്‍പ്പെടെ തയാറാക്കാന്‍ രാവിലെ ഒമ്പതോടെ അംഗൻവാടികളില്‍ എത്തണം.
എന്നാല്‍, വേതനവും ഓണറേറിയവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളും പരിപാടികളും സംഘടിപ്പിക്കുന്നതിന്റെ ചെലവുകളും കൈയില്‍ നിന്നെടുക്കേണ്ട അവസ്ഥയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.