തളി ബൈപാസ് റോഡിൽ അപകടക്കുഴി
text_fieldsനന്മണ്ട: റോഡിലെ കുഴി നികത്താത്തതുകാരണം അപകടം തുടർക്കഥയാകുന്നു. തളി ബൈപാസ് കിഴക്കെനട ആരംഭിക്കുന്ന റോഡിലെ ഗർത്തമാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മാറുന്നത്. ഇരുചക്ര വാഹനക്കാരാണ് അപകടക്കെണിയിൽ വീഴുന്നത്.
കഴിഞ്ഞ മൺസൂൺ കാലത്ത് രൂപപ്പെട്ട ഗർത്തമാണിത്. ഓരോ മഴയിലും കുഴിയുടെ വിസ്തൃതി വർധിക്കുന്നതോടൊപ്പം വാഹനങ്ങൾ കുഴിയിലകപ്പെട്ട് അഴിയാക്കുരുക്കും അനുഭവപ്പെടുന്നു. നരിക്കുനി റോഡിൽനിന്ന് ബാലുശ്ശേരി റോഡിലേക്ക് കടക്കുന്ന യാത്രക്കാർക്കാണ് ചതിക്കുഴി ഭീഷണിയായി മാറുന്നത്. പ്രധാനനിരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടായിരുന്നു തളി ബൈപാസ് റോഡ് എന്ന ആശയം രൂപപ്പെട്ടത്.
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് ചതിക്കുഴികൾ രൂപപ്പെടാനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങും ചതിക്കുഴിയും യാത്രക്കാർക്ക് വെല്ലുവിളിയായി മാറി.
കഴിഞ്ഞദിവസം നരിക്കുനിയിലേക്ക് പോവുകയായിരുന്ന സ്കൂട്ടർ യാത്രിക ഗർത്തത്തിൽ അകപ്പെട്ടപ്പോൾ നാട്ടുകാരാണ് വാഹനം നീക്കിക്കൊടുത്തത്. ആറുമാസത്തിനിടക്ക് തളി റോഡിലെ ചതിക്കുഴിയിൽവീണ് പരിക്കേറ്റവർ ഒരുഡസനിലേറെ വരുമെന്ന് വ്യാപാരികൾ പറഞ്ഞു. ഗർത്തം നികത്തി യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.