നഗര റോഡുകളിൽ വാരിക്കുഴികൾ; ദേശീയപാതയിലും ബൈപാസിലും ഇടറോഡിലുമെല്ലാം കുഴികൾ നിറഞ്ഞു
text_fieldsകോഴിക്കോട്: ഓണത്തിരക്കിൽ അൽപം ശ്രദ്ധ വിട്ടാൽ വാഹനങ്ങൾ നഗര റോഡുകളിലെ കുഴികളിൽ വീഴും. ഓണനാളുകളിൽ നഗരത്തിലെത്തിയ നിരവധിപേർ ഇതിനകം റോഡിലെ കുഴികളിൽ വീണു. നല്ല ആഴമുള്ള കിടങ്ങുകളിൽവീണ് വലിയ അപകടങ്ങളുണ്ടാവാത്തത് ഭാഗ്യം കൊണ്ടാണ്.
തിരുവോണത്തലേന്ന് വൈകീട്ട് നടക്കാവ് വണ്ടിപ്പേട്ടയിൽ കുഴിയിൽ ബൈക്ക് വീണ് മറിഞ്ഞുവീണയാൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. തൊട്ടുപിന്നിലെത്തിയ ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വൻ അപകടമൊഴിവായി.
ബൈക്കിലുണ്ടായിരുന്ന പൂക്കളും മറ്റ് സാധനങ്ങളും റോഡിൽ തെറിച്ചുവീണു. വണ്ടിപ്പേട്ടയിൽ റോഡിലെ കുഴികളിൽ വീണുള്ള അപകടം പതിവാണെന്ന് തൊട്ടടുത്തുള്ള വ്യാപാരികൾ പറയുന്നു.
ദേശീയപാതയിലും ബൈപാസിലും ഇടറോഡിലുമെല്ലാം കുഴികൾ നിറഞ്ഞിരിക്കുകയാണ്. ഇടക്കിടെ പെയ്യുന്ന മഴയിൽ വെള്ളം നിറഞ്ഞ് കുഴികൾ വലുതായി വരുന്നു. മഴക്ക് ശമനമുണ്ടായാൽ ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുമുമ്പ് എത്രപേർ അപകടത്തിൽപെടുമെന്ന ഭീതിയുണ്ട്. കണ്ണൂർ റോഡിലും വയനാട് റോഡിൽ ഇംഗ്ലീഷ് പള്ളി ജങ്ഷൻ മുതൽ മാനാഞ്ചിറ വരെയുള്ള ഭാഗത്തും മുതലക്കുളത്തും കല്ലായി റോഡിലുമെല്ലാം വാതക പൈപ്പ് ലൈനിടാൻ കുഴിച്ച കുഴി വലുതായി അപകടമുണ്ടാക്കുന്നു.
ചക്കോരത്ത് കുളത്ത് ബാങ്കിന് മുന്നിലുള്ള കുഴിയിൽ പലതവണ ആളുകൾ വീണു. ഇവിടെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപവും വൻകുഴിയുണ്ട്.
വെള്ളം നിറഞ്ഞ കുഴികളിൽ വാഹനങ്ങൾ വീഴുമ്പോഴുള്ള ചളിയഭിഷേകത്തിൽ പെടാത്ത ഇരുചക്രവാഹനക്കാർ കുറവാണെന്ന സ്ഥിതിയാണ്.
വെസ്റ്റ്ഹിൽ ജങ്ഷനിൽ ദിവസങ്ങൾക്കുമുമ്പ് കുടുംബം സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീണ് അപകടമുണ്ടായിരുന്നു. കണ്ണൂർ റോഡിൽ കോയാ റോഡ് ഭാഗത്ത് നിറയെ കുഴികളായതിനാൽ കിടങ്ങുകളിൽ കയറിയിറങ്ങാതെ മുന്നോട്ടുപോവാനാവില്ല. പാവങ്ങാട് ബസ് ബേ, അത്താണിക്കൽ, ഇംഗ്ലീഷ് പള്ളി ജങ്ഷൻ, മാവൂർ റോഡ് ജങ്ഷൻ, മുതലക്കുളം ഭാഗങ്ങളിലെല്ലാം യാത്രക്കാർക്ക് കെണിയൊരുക്കി കുഴികൾ നിരന്നിരിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.