പൊറ്റമ്മൽ ശ്രീധരക്കുറുപ്പ് വധം: സുപ്രീംകോടതി വാറൻറിൽ പ്രതി അറസ്റ്റിൽ
text_fieldsകോഴിക്കോട്: 20 കൊല്ലം മുമ്പ് നഗരത്തെ ഞെട്ടിച്ച പൊറ്റമ്മൽ ശ്രീലക്ഷ്മി വീട്ടിൽ അഡ്വ. ശ്രീധരക്കുറുപ്പ് വധക്കേസിൽ സുപ്രീംകോടതി വാറൻറ് പുറപ്പെടുവിച്ച പ്രതി പിടിയിൽ. മംഗളൂരുവിൽ ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 2001മാർച്ച് 15ന് ശ്രീധരക്കുറുപ്പിനെ വീട്ടിൽക്കയറി ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് നെഞ്ചിൽ കഠാര കുത്തിയിറക്കി കൊലപ്പെടുത്തി 18 പവൻ സ്വർണാഭരണങ്ങളും 53,000 രൂപയും കവർന്ന കേസിലെ മുഖ്യപ്രതി കൊല്ലം കടയ്ക്കൽ ചിങ്ങേലി ബിന്ദു ഭവനത്തിൽ ബിജു (43) വിനെയാണ് മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
സംഭവദിവസം അർധരാത്രി പ്രതികളായ ബിജുവും ഇടുക്കി പ്ലാമൂട് വീട്ടിൽ സാബുവും വീടിെൻറ പിൻവാതിൽ കുത്തിത്തുറന്ന് കയറി കിടപ്പുമുറിയിൽ അലമാരയിൽ കവർച്ച നടത്തുന്നതിനിടെ ശബ്ദം കേട്ടുണർന്ന ശ്രീധരക്കുറുപ്പിനെയും ഭാര്യ ലക്ഷ്മി ദേവിയെയും മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് കേസ്. ശ്രീധരക്കുറുപ്പ് സംഭവസ്ഥലത്ത് മരിച്ചു. ഭാര്യ ലക്ഷ്മീദേവി തലക്കടിയേറ്റ് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം അബോധാവസ്ഥയിലായി.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും ഇതിനെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകിയപ്പോൾ വെറുതെ വിട്ടു. ഹൈകോടതി ഉത്തരവിനെതിരെ കേരളസർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്നാണ് കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
ഡി.സി.പി സ്വപ്നിൽ മഹാജെൻറ നിർദേശപ്രകാരം അന്വേഷണസംഘം പ്രതിക്കായി തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിവരവെ ദിവസങ്ങളോളം മംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അവിടെ ഡെക്ക എന്ന സ്ഥലത്ത് പ്രതി പിടിയിലായത്. എഎസ്.ഐമാരായ ഇ. മനോജ്, കെ. അബ്ദുറഹിമാൻ, മഹീഷ്, സീനിയർ സി.പി.ഒമാരായ ഷാലു, സി.പി.ഒമാരായ സുമേഷ് ആറോളി, പി.പി. മഹേഷ്, ശ്രീജിത്ത് പടിയാത്ത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.