ഈ ഓണത്തിനും കുംഭാരക്കോളനികളിൽ കുമ്പിളിൽ തന്നെ കഞ്ഞി
text_fieldsമൺപാത്ര നിർമാണം കുലത്തൊഴിലാക്കിയ ജില്ലയിലെ കുംഭാരക്കോളനികൾ മറ്റ് ഉപജീവന മാർഗം തേടുകയാണ്. പരമ്പരാഗത തൊഴിൽ സംരക്ഷണത്തിന് ഇപ്പോഴും കാര്യമായ നടപടികളൊന്നുമില്ലാത്തതാണ് മുഖ്യപ്രശ്നം. കൊടുവള്ളി, കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും മൺപാത്ര നിർമാണം ഇപ്പോഴുമുണ്ട്. മൊകേരി, ഒളവണ്ണ ചാത്തമംഗലം, രാമനാട്ടുകര, ഓർക്കാട്ടേരി, ഉള്ളിയേരി, മൂരികുത്തി, കക്കട്ട്, കല്ലൂർ, കൂത്താളി, വടക്കൻ കല്ലോട് എന്നിവിടങ്ങളിലാണ് പ്രധാനമായി മൺപാത്ര തൊഴിലാളികളുള്ളത്. കുറ്റ്യാടി മേഖലയിൽ മൊകേരി വടയക്കണ്ടി കോളനിയിലും പാത്രപ്പണിയുണ്ട്.
കൊടുവള്ളി നഗരസഭയിലെ കളരാന്തിരി ഏഴാം ഡിവിഷനിലടക്കമുള്ള പ്രദേശങ്ങളിൽ ഒട്ടേറെ കുംഭാര കുടുംബങ്ങളുണ്ട്. കാലങ്ങളായി ഈ മേഖലയിൽ ജോലിചെയ്തു വരുന്ന മറ്റുവരുമാന മാർഗങ്ങളൊന്നും ഇല്ലാത്തവരാണ് ഇവർ. അടച്ചുറപ്പുള്ള വീടുപോലും ഇവർക്കില്ല. മാവൂർചെട്ടി കടവ്, മേപ്പാടി, മണിയംകോട് എന്നിവിടങ്ങളിൽനിന്നുമാണ് കളിമണ്ണ് എത്തിക്കുന്നത്. 220 ഉരുള മണ്ണ് പണിസ്ഥലത്തേക്ക് എത്തിക്കുന്നതിന് 40,000 ത്തോളം രൂപ ചെലവു വരും. ഇതിനു പുറമെ ചൂളക്കാവശ്യമായ പുല്ല്, ചകിരി, വിറക് എന്നിവയും വാങ്ങണം. എന്നാൽ, ഇത്രയും പണംമുടക്കി മൺപാത്രങ്ങൾ നിർമിച്ചാൽ മുതൽമുടക്കുപോലും ഇപ്പോൾ തിരിച്ചുകിട്ടുന്നില്ലെന്ന് ഇവർ പറയുന്നു. സംഘടിതരല്ലാത്തതിനാൽ ക്ഷേമപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങളും പദ്ധതികളും ഉണ്ടാകുന്നില്ല. സംവരണ വിഭാഗത്തിൽ പെടാത്തതിനാൽ ഒരുതരത്തിലുള്ള ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല.
വിപണനം ഇപ്പോഴും പ്രശ്നം
മൺപാത്രനിർമാണ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിലൊന്ന് വിൽപനയാണ്. തലച്ചുമടായി വീടുകളിൽ എത്തിച്ചുള്ള വിൽപനയാണ് ഇപ്പോഴും നടക്കുന്നത്. നിർമാണത്തിന്റെ ചുരുങ്ങിയ ഒരു ഭാഗം മാത്രമാണ് വീടുകളിൽ എത്തിക്കാൻ കഴിയുക എന്നതിനാൽ വരുമാനവും വളരെ കുറവായിരിക്കും.
സംഭരണ വിൽപനയോ സഹായമോ ഈ രംഗത്തില്ല. കുന്ദമംഗലം മേഖലയിൽ അമ്പതു കൊല്ലത്തോളമായി കെ. ഗോവിന്ദൻ, തഴത്തെയിൽ രാജൻ തുടങ്ങിയവർ ഈ ജോലി തുടങ്ങിയിട്ട്. ഇവരുടെ ഭാര്യമാരായ വസന്ത, മാളു എന്നിവരും ഇവർക്ക് കൂട്ടായി ഉണ്ട്. ഇവർക്ക് മുൻതലമുറയിൽനിന്ന് പാരമ്പര്യമായി കിട്ടിയതാണ് ഈ തൊഴിൽ. ആദ്യമൊക്കെ വീടുകളിൽ കൊണ്ടുപോയി കച്ചവടം ചെയ്യാറുണ്ടെങ്കിലും ഇപ്പോൾ പഴയതുപോലെ കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും പുതുതലമുറ അത് ഏറ്റെടുത്തു മുന്നോട്ടു വരുന്നില്ലെന്നും ഇവർ പറഞ്ഞു.
സ്വർണം പണയംവെച്ച് നിർമാണം
വർഷത്തിൽ ലക്ഷങ്ങൾ ചെലവുണ്ടെങ്കിലും വരുമാനം വളരെ കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. പണമിറക്കി മൂന്നു മാസത്തിനുശേഷമാണ് എന്തെങ്കിലും വരുമാനം വരുന്നത്. കളിമണ്ണും മറ്റു സാമഗ്രികളും വാങ്ങാൻ വീട്ടിലുള്ള ആരുടെയെങ്കിലും സ്വർണം പണയംവെക്കും.
ദിവസവും ചെലവ് കഴിഞ്ഞുപോകാൻ മക്കൾ കൂലിപ്പണിക്കു പോയാണ് നടക്കുന്നത്. മേഖലയിലെ ഉന്നമനത്തിന് പ്രത്യേക പാക്കേജ് തയാറാക്കണമെന്നും റോഡരികിൽ കച്ചവടം ചെയ്യുന്നതിന് സർക്കാർ ലൈസൻസ് തരണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. കുംഭാരന്മാരെ പ്രത്യേക പിന്നാക്ക ജാതിയിൽ ഉൾപ്പെടുത്തി സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നതും ഇവരുടെ കാലങ്ങളായുളള ആവശ്യമാണ്.
തയാറാക്കിയത്: ടി.വി. മമ്മു, എൻ. ദാനിഷ്, അഷ്റഫ് വാവാട്,അബ്ദുറസാഖ് പാലേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.