കോഴിയിറച്ചി വില സർവകാല റെക്കോഡിൽ
text_fieldsകോഴിക്കോട്: ഇറച്ചിക്കോഴിയുടെ വില സർവകാല റെക്കോഡിലെത്തി. കിലോക്ക് 250 രൂപയാണ് വില. മൂന്നാഴ്ച മുമ്പുവരെ 160-180 രൂപ നിരക്കിൽ ലഭിച്ചിരുന്ന കോഴിയിറച്ചിയാണ് ഇപ്പോൾ കുതിച്ചുയർന്നത്. കനത്ത ചൂട് മൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായി ഫാം ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്. ജലലഭ്യതക്കുറവും ഫാമുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ആദ്യമായാണ് ഇതിന്റെ പേരിൽ കോഴിയിറച്ചിക്ക് ഇത്രയധികം വിലയീടാക്കുന്നതെന്ന് കോഴിക്കോട്ടെ ചില്ലറവ്യാപാരികൾ പറയുന്നു. വിവാഹ സീസണായിരുന്ന മേയ് മാസത്തിൽ ചിക്കന് നേരിയ തോതിൽ വില വർധിക്കാറുണ്ട്. സ്കൂൾ തുറക്കുന്നതോടെ വില കുറയുകയാണ് പതിവ്. എന്നാൽ, ഇത്തവണ വീണ്ടും വർധിക്കുകയാണ്.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴികളെത്തുന്നത്. കോഴിത്തീറ്റക്ക് വില കൂടിയതും ചൂടു കൂടിയതോടെ കോഴികൾ കഴിക്കുന്ന തീറ്റയുടെ അളവ് കുറവായതുംമൂലം തൂക്കത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ചൂട് കൂടുന്നതു മൂലം ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നുണ്ടെന്നും വിലവർധനക്ക് കാരണമായി ഫാമുടമകൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഇവിടെയെത്തുന്ന കോഴികളിൽ ഭൂരിഭാഗവും രണ്ടര, മൂന്ന് കിലോ ഭാരമുള്ളവയാണെന്നും ചൂട് മൂലം തൂക്കം കുറയുന്നുവെന്ന ഫാമുടമകളുടെ വാദം തെറ്റാണെന്നും ചില്ലറവിൽപനക്കാർ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറച്ചിക്കോഴിയെത്തിക്കുന്ന ലോറിക്കാരും അവിടത്തെ ബ്രോക്കർമാരും തമ്മിൽ നടത്തുന്ന ചരടുവലികളുടെ ഭാഗമായാണ് വിലവർധനയെന്നും ആരോപണമുണ്ട്.
വിലവർധനയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് മടുത്ത അവസ്ഥയിലാണ് ചില്ലറ കച്ചവടക്കാർ. ഈ സാഹചര്യത്തിലാണ് ചിക്കന് വ്യാപാരി വ്യവസായി സമിതി ജൂൺ 14 മുതൽ അനിശ്ചിതകാലത്തേക്ക് കടയടക്കൽ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ഇടപെട്ട് ചിക്കന്റെ വില പിടിച്ചുനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാനായി സർക്കാർ രൂപം നൽകിയ കേരള ചിക്കനിലും 238 രൂപയാണ് കോഴിയിറച്ചിയുടെ വില എന്നതും അമ്പരപ്പുണ്ടാക്കുന്നതാണ്. ഉത്സവകാല സീസൺ അല്ലാതിരുന്നിട്ടും ഫാമുടമകൾ ചരിത്രത്തിലില്ലാത്ത വില വാങ്ങുന്നത് ഈ വ്യവസായത്തെ മുരടിപ്പിക്കുമെന്നാണ് ഇവരുടെ ആരോപണം.
മാത്രമല്ല, തങ്ങളല്ല വില വർധനക്ക് ഉത്തരവാദിയെന്ന് ഉപഭോക്താക്കളെ അറിയിക്കാൻ കൂടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും സമിതി ജില്ല സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.