കടലാസിലൊതുങ്ങി ഞെളിയൻപറമ്പിലെ വൈദ്യുതി പ്ലാൻറ്
text_fieldsകോഴിക്കോട്: ഖരമാലിന്യം സംസ്കരിച്ച് വൈദ്യുതിയാക്കാൻ ഞെളിയൻപറമ്പിൽ പണിയുന്ന പ്ലാൻറിെൻറ നിർമാണപ്രവൃത്തി ഇനിയും തുടങ്ങാനായില്ല. 2020ൽ പ്ലാൻറ് നിർമാണം ആദ്യഘട്ടം പൂർത്തിയാക്കാനും രണ്ടു വർഷംകൊണ്ട് പൂർണ പ്രവർത്തന സജ്ജമാക്കാനും ലക്ഷ്യമിട്ടായിരുന്നു നിർമാണപദ്ധതി തുടങ്ങിയത്. എന്നാൽ, കോവിഡ് ലോക്ഡൗൺ വന്നതോടെ പ്ലാൻറ് പ്രവൃത്തി നിലച്ചമട്ടാണ്. പ്ലാൻറ് നിർമിക്കാനായി ഒരു കല്ലുപോലും വെച്ചിട്ടില്ല.
ദിവസവും 26 ലോഡ് മാലിന്യമാണ് ഞെളിയൻപറമ്പിൽ എത്തുന്നത്. സംസ്കരണം നടക്കാത്തതിനാൽ അവ കുമിഞ്ഞുകൂടിക്കിടക്കുകയാണ്. മഴ പെയ്തതതോടെ മാലിന്യത്തിൽനിന്ന് കറുത്ത വെള്ളം ഒഴുകി സമീപ പ്രദേശത്തെ കിണറുകളെല്ലാം മലിനമായിരിക്കുന്നു. മുമ്പ് വളം നിർമാണം നടന്നിരുന്നെങ്കിലും നിലവിൽ അതിെൻറ പ്ലാൻറും നശിച്ചുകിടക്കുകയാണ്. വൈദ്യുതി പ്ലാൻറ് വരുന്നതോടുകൂടി കാലങ്ങളായുള്ള മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രദേശത്തെ ജനങ്ങൾ കരുതിയെങ്കിലും പ്ലാൻറിെൻറ നിർമാണംപോലും ആരംഭിക്കാത്തത് ജനങ്ങളിൽ നിരാശയാണ് ഉണ്ടാക്കുന്നത്. പഴയ മാലിന്യങ്ങൾ നീക്കംചെയ്യുന്നുവെന്നാണ് പറയുന്നതെങ്കിലും അവിടെ തന്നെ കത്തിക്കുകയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
വളം നിർമാണ പ്ലാൻറിനുള്ളിലെ മാലിന്യങ്ങൾക്ക് കഴിഞ്ഞദിവസം തീപിടിക്കാനിടയാക്കിയത് ഇത്തരത്തിലുള്ള പ്രവൃത്തിയാണോ എന്ന സംശയമാണ് മുൻ കൗൺസിലർകൂടിയായിരുന്ന എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ ഉന്നയിക്കുന്നത്.
കൂടാതെ, നഗരത്തിലെ ഫ്ലാറ്റുകളിൽനിന്നും പാളയം, വലിയങ്ങാടി, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നെല്ലാമുള്ള മാലിന്യവും ഞെളിയൻപറമ്പിൽ നിക്ഷേപിക്കുമ്പോൾ കോർപറേഷനോട് കൂട്ടിച്ചേർത്ത ബേപ്പൂർ, ചെറുവണ്ണൂർ, എലത്തൂർ ഭാഗങ്ങളിൽനിന്നുള്ള മാലിന്യം ശേഖരിക്കാൻ നഗരസഭ തയാറാകുന്നില്ലെന്നും ജനങ്ങൾ പരാതിപ്പെടുന്നു. 250 കോടി രൂപ ചെലവിലാണ് വൈദ്യുതി പ്ലാൻറ് നിർമിക്കാൻ പദ്ധതിയിട്ടത്. ദിവസം 300 ടൺ മാലിന്യം സംസ്കരിക്കാൻ സാധിക്കുംവിധമാണ് പ്ലാൻറ് തയാറാക്കുക.
നഗരസഭാപരിധിയിൽനിന്ന് 200 ടൺ മാലിന്യം കൂടാതെ ഫറോക്ക്, കൊയിലാണ്ടി, രാമനാട്ടുകര നഗരസഭകൾ, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 100 ടൺ മാലിന്യവും എത്തിച്ച് സംസ്കരിക്കുകയാണ് ലക്ഷ്യം.
പദ്ധതിക്കുള്ള നിർമാണക്കരാർ സോൻട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ്. മാലിന്യം കത്തുന്ന നീരാവികൊണ്ട് ടർബൈൻ തിരിച്ച് അഞ്ച് മെഗാവാട്ട് വൈദ്യുതി വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ഉദ്ദേശ്യം. ജൈവാവശിഷ്ടങ്ങൾ കൊണ്ട് പാചകവാതകവുമുണ്ടാക്കാനാകും. പദ്ധതി പ്രാവർത്തികമായാൽ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമാകും.
എന്നാൽ, കോവിഡ് വന്നതോടെ പ്രവർത്തനങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതായതാണ് നിർമാണപ്രവൃത്തി നീളാൻ ഇടയാക്കിയതെന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥിരംസമിതി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ പറഞ്ഞു. പ്ലാൻറ് നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തെ മാലിന്യങ്ങളെല്ലാം നീക്കിയിട്ടുണ്ട്. ബാക്കി പഴയ ഖരമാലിന്യങ്ങൾ നീക്കുന്ന പ്രവർത്തനം 70 ശതമാനത്തോളം പൂർത്തിയായി. വളം നിർമിക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്.
മഴ പെയ്യുമ്പോൾ നനഞ്ഞ മാലിന്യങ്ങൾ തരംതിരിച്ചുനീക്കാൻ സാധിക്കില്ല. ഈ പ്രശ്നങ്ങൾമൂലമാണ് പ്രവർത്തി ഇഴഞ്ഞുനീങ്ങുന്നത്. പ്ലാൻറിനുള്ള സ്ഥലം ഒരുങ്ങിയതിനാൽ ജൂലൈയോടുകൂടിതന്നെ നിർമാണ പ്രവർത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയശ്രീ പറഞ്ഞു.
മാലിന്യ ഷെഡിെൻറ മേൽക്കൂര നന്നാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
ചെറുവണ്ണൂർ: കോർപറേഷൻ മാലിന്യനിക്ഷേപ കേന്ദ്രമായ ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിെൻറ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തി മഴവെള്ളം അകത്തുവീഴാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മഴവെള്ളം ഒഴുകിയെത്തി മാലിന്യങ്ങൾ കൂടുതൽ അഴുകിയാൽ അത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ കർശനമായി തടയണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നൽകി.
ഞെളിയൻ പറമ്പിലെ മാലിന്യപ്രശ്നത്തിൽ ശാശ്വത പരിഹാരം അനിവാര്യമാണെന്നും കമീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം നഗരസഭ ഗൗരവമായെടുക്കണം. ഞെളിയൻ പറമ്പ് സന്ദർശിച്ച് പ്രദേശവാസികളുടെ പരാതികൾ വിലയിരുത്തിയ ശേഷമാണ് കമീഷൻ നഗരസഭക്ക് ഉത്തരവ് നൽകിയത്. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീ പിടിത്തത്തിെൻറ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾക്കൊള്ളിച്ച് നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. നഗരസഭയിലെ മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുന്ന ഞെളിയൻ പറമ്പിലുണ്ടായ തീപിടിത്തത്തിൽ പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായി പരാതിക്കാരനായ മുൻ നഗരസഭാ കൗൺസിലർ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ സമരം ചെയ്തതിെൻറ പേരിൽ പ്രദേശവാസികൾ കേസുകളിൽ പ്രതിയായതു കാരണം പ്രതികരിക്കാൻ മടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.