കോഴിക്കോട് ജില്ലയിലെ പ്രീ പ്രൈമറി സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 28 പ്രീ പ്രൈമറികൾക്ക് 2.80 കോടി
text_fieldsകോഴിക്കോട്: ജില്ലയിലെ 28 പ്രീ പ്രൈമറി സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നടപടി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഓരോ സ്കൂളുകൾക്കും പത്തുലക്ഷം വീതം 2.80 കോടി രൂപ അനുവദിച്ചതായി സമഗ്ര ശിക്ഷ അഭിയാൻ (എസ്.എസ്.എ) അറിയിച്ചു. കഴിഞ്ഞവർഷം മൂന്നെണ്ണത്തിന് 15 ലക്ഷം വീതവും 14 എണ്ണത്തിന് 10 ലക്ഷം വീതവും 12 എണ്ണത്തിന് 95,000 രൂപ വീതവും മാതൃക പ്രീ പ്രൈമറി സ്കൂളുകൾക്കായി അനുവദിച്ചതിന് പുറമെയാണിത്.
വിദ്യാഭ്യാസ പ്രക്രിയയിലെ ഏറ്റവും പ്രധാന കാലമാണ് പ്രീ പ്രൈമറിയെന്നതിനാലും ചുറ്റുപാടിനെ അറിയാനും പ്രകൃതിയോടിണങ്ങി കളിക്കാനും സൂക്ഷ്മ-സ്ഥൂല പേശി വികാസം അടക്കം മുൻനിർത്തിയാണ് വികസനത്തിന് തുക അനുവദിച്ചത്. വർഷങ്ങൾക്കുമുമ്പേ പ്രീ പ്രൈമറി ആരംഭിച്ച സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്രയില്ലാത്തത് വലിയ പരിമിതിയായിരുന്നു. തുക അനുവദിച്ചതോടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. ശിശുസൗഹൃദ ഇരിപ്പിടങ്ങൾ, വർണാഭമായ ക്ലാസ്മുറി, ഔട്ട് ഡോർ പ്ലേ ഏരിയ, കലാപ്രകടനങ്ങൾക്കുള്ള പെർഫോമൻസ് ഏരിയ, നിർമാണ പ്രവർത്തനങ്ങൾക്കുള്ള ബ്ലോക്ക് ഏരിയ, ശാസ്ത്ര പ്രവർത്തനങ്ങൾക്കുള്ള സയൻസ് ഏരിയ, വായനക്കും എഴുത്തിനുമുള്ള ലിറ്റററി ഏരിയ, ഗണിത പ്രവർത്തനങ്ങൾക്കുള്ള മാത് സ് ഏരിയ, ചിത്രം വരക്കുന്നതിനും നിറം നൽകുന്നതിനുമുള്ള ആർട്ട് ഏരിയ, പ്രകൃതി പഠനത്തിനുള്ള ഗ്രീൻ ഏരിയ, സംഗീതത്തിനും താളാത്മക ചലനത്തിനുമുള്ള മ്യൂസിക് ഏരിയ, പഞ്ചേന്ദ്രിയ അനുഭവങ്ങൾ ലഭ്യമാക്കാൻ സെൻസറി ഏരിയ, ഐ.സി.ടി സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ഏരിയ എന്നിവയെല്ലാമാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ വിവിധ സ്കൂളുകളിൽ ഒരുക്കേണ്ടത്. ഇവയിൽ ചിലതെല്ലാം അനുവദിച്ച തുക കൊണ്ട് പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. സ്കൂൾ പി.ടി.എ, എം.പി.ടി.എ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉൾപ്പെടെയുള്ളവർ യോഗം ചേർന്നാണ് അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കുക. പ്രീ സ്കൂൾ കെട്ടിടവും കളിയിടങ്ങളും പ്രവർത്തന ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് എസ്.എസ്.എ ജില്ല പ്രോജക്ട് കോ ഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം അറിയിച്ചു.
പത്തുലക്ഷം അനുവദിച്ച സ്കൂളുകൾ
1. ജി.യു.പി.എസ് കരുവണ്ണൂർ, 2. ജി.എം.എൽ.പി.എസ് കാന്തപുരം, 3. ജി.എൽ.പി.എസ് ചേളന്നൂർ (താമരശ്ശേരി), 4. ജി.എൽ.പി.എസ് നെടിയനാട്, 5. ജി.എൽ.പി.എസ് ചമൽ, 6. ജി.യു.പി.എസ് ചെമ്പുകടവ്, 7. ജി.എം.എൽ.പി.എസ് കളരാന്തിരി,
8. ജി.എൽ.പി.എസ് ചെമ്പ്ര, 9. ജി.യു.പി.എസ് കൊടൽ, 10. ജി.എൽ.പി.എസ് ചാലിയം, 11. ജി.എച്ച്.എസ്.എസ് പയമ്പ്ര, 12. ജി.എൽ.പി.എസ് കുമാരനല്ലൂർ, 13. ജി.എൽ.പി.എസ് വെള്ളിപറമ്പ്,14. ജി.എം.യു.പി.എസ് മാവൂർ, 15. ജി.എൽ.പി.എസ് മണ്ണൂർ, 16. ജി.എൽ.പി.എസ് തൃക്കോട്ടൂർ വെസ്റ്റ്, 17. എസ്.എൻ.ബി.എം ജി.യു.പി.എസ് മേലടി, 18. ഗവ. പ്രൈമറി സ്കൂൾ കൊയിലാണ്ടി,
19. ജി.എൽ.പി.എസ് കോതമംഗലം, 20. ജി.എൽ.പി.എസ് ചെറുവാളൂർ, 21. ജി.എച്ച്.എസ് വേങ്ങപറ്റ, 22. ജി.ടി.ടി.ഐ വിമൻ, 23. ജി.എൽ.പി.എസ് എരഞ്ഞിക്കൽ, 24. ജി.എൽ.പി.എസ് ചെലവൂർ, 25. ജി.ജി.യു.പി.എസ് പൊക്കുന്ന്, 26. ജി.യു.പി.എസ് കല്ലായി, 27. ജി.എൽ.പി.എസ് ആഴ്ചവട്ടം, 28. ജി.വി.എച്ച്.എസ്.എസ് മീഞ്ചന്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.