പ്രേംനസീർ, ഞാൻ കണ്ട മഹാനായ മനുഷ്യൻ -വിധുബാല
text_fieldsകോഴിക്കോട്: 'മറ്റുള്ളവരോട് എങ്ങനെ ഏറ്റവും മാന്യമായി പെരുമാറണമെന്ന് ഞാൻ പഠിച്ചത് പ്രേം നസീർ എന്ന മനുഷ്യനിൽനിന്നായിരുന്നു...' ഓർമകളുടെ ആഴങ്ങളിൽനിന്ന് മുങ്ങിയെടുത്ത വാക്കുകൾ കൊണ്ട് വിധുബാല എന്ന ആദ്യകാല മലയാള നടി പ്രേംനസീറിനെ അടയാളപ്പെടുത്തുന്നു. പ്രേംനസീർ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ സ്മൃതിപുരസ്കാരം എഴുത്തുകാരനും നിരൂപകനും മാധ്യമപ്രവർത്തകനുമായ രവി മേനോന് സമർപ്പിക്കുകയായിരുന്നു വിധുബാല.
'പത്താമത്തെ വയസ്സു മുതൽ ഞാൻ അറിയുന്ന മനുഷ്യനാണ് പ്രേംനസീർ. അദ്ദേഹത്തോടൊപ്പം പല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ ജീവിതത്തെ, വ്യക്തിത്വത്തെ ഇത്രയും സ്വാധീനിച്ച മറ്റൊരാളില്ല. എന്റെ വളർച്ച നേരിൽ കണ്ട വ്യക്തിയാണ് നസീർക്ക. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുതീരാൻ ഈ വേദി പോരാതെ വരും...' ടൗൺ ഹാളിലെ സദസ്സിനു മുന്നിൽ വിധുബാല പ്രേംനസീർ ഓർമകൾ പറഞ്ഞുകൊണ്ടിരുന്നു.
'ചിറയിൻകീഴിലെ ഓരോ മനുഷ്യനും പ്രേംനസീറിന് സ്വന്തമായിരുന്നു. ഒപ്പം അഭിനയിച്ച മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് ഇത്രയേറെ കരുതലുണ്ടായ മറ്റൊരാളില്ല. ഒരിക്കൽപോലും അദ്ദേഹം ദേഷ്യപ്പെട്ടുകണ്ടിട്ടില്ല. തൊഴിലിനോട് ഏറ്റവും ബഹുമാനമുണ്ടായിരുന്നയാൾ. അതുപോലൊരു മനുഷ്യനെ ഞാൻ പിന്നീടൊരിക്കലും കണ്ടിട്ടില്ല...' വിധുബാല പറഞ്ഞുനിർത്തി.
കവി പി.കെ. ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. പി.വി. ഗംഗാധരൻ മുഖ്യാതിഥിയായി. എ. ഹരിദാസൻ നായർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. എഴുത്തുകാരൻ യു.കെ. കുമാരൻ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, ഫോട്ടോഗ്രാഫർ പി. മുസ്തഫ, ഗായകൻ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. എം.കെ. ശ്രീധരൻ നായർ അധ്യക്ഷത വഹിച്ചു. കെ.വി. സുബൈർ സ്വാഗതവും കെ. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.