വിലവർധന: 231 വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി
text_fieldsകോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വർധനയുമായി ബന്ധപ്പെട്ട് ജില്ലയിൽ പരിശോധന കടുപ്പിച്ച് സ്പെഷല്‍ സ്ക്വാഡ്. അരിയുടെ വിലവർധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തി വെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി ജില്ല കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്ക്വാഡ് ജില്ലയിലെ 231 മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്.
ക്രമക്കേടുകളെത്തുടര്‍ന്ന് 54 കച്ചവട സ്ഥാപനങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, പര്‍ച്ചേസ് ബിൽ ഇന്‍വോയ്സ് എന്നിവ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുക, സാധനങ്ങള്‍ വാങ്ങിയ വിലയിലും വിൽപന വിലയിലും ക്രമാതീത വ്യത്യാസം കാണുക, അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
റേഷന്‍ കടകളില്‍ വിതരണത്തിനുള്ള മുഴുവന്‍ സ്റ്റോക്കും 15നകം എത്തിക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്. മുന്‍ഗണന കാര്‍ഡുകള്‍ക്ക് സാധാരണ റേഷനുപുറമേ അധികവിഹിതമായി പി.എം.ജി.കെ.എ.വൈ സ്കീമില്‍ ആളൊന്നിന് അഞ്ച് കി. ഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നുണ്ട്.
നീല കാര്‍ഡുകള്‍ക്ക് സാധാരണ റേഷനു പുറമേ അധിക വിഹിതമായി കാർഡ് ഒന്നിന് എട്ട് കി.ഗ്രാം അരിയും വെള്ള കാര്‍ഡുകള്‍ക്ക് സാധാരണ റേഷനുള്‍പ്പെടെ കാർഡ് ഒന്നിന് 10 കി.ഗ്രാം അരിയും കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ഈ മാസം നൽകും. കൂടാതെ സപ്ലൈകോ ഔട്ട്ലറ്റുകള് ഇല്ലാത്ത പ്രദേശങ്ങളില്‍ അരിവണ്ടി വഴി 10 കി.ഗ്രാം അരിയും സബ്സിഡി നിരക്കില്‍ കാര്‍ഡുടമകള്‍ക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.