വിലവർധന; സിറ്റി ഗ്യാസിനെതിരെ ഉപഭോക്താക്കൾ
text_fieldsഎകരൂൽ: അപകട സാധ്യത കുറവ്, സാമ്പത്തിക ലാഭം എന്നീ പ്രഖ്യാപനത്തോടെ വീടുകളിൽ പൈപ്പ് ലൈൻ വഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസിന്റെ വിലവർധന പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്നു. പ്രതിമാസ നിരക്കുകളിൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിച്ച് കണക്ഷൻ എടുത്തവരാണ് വെട്ടിലായത്.
ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കുന്ന സി.എൻ.ജിയുടെ കണക്ഷനെടുത്ത ഉണ്ണികുളം പഞ്ചായത്തിലെ ഗാർഹിക ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. എൽ.പി.ജിയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ ഉപഭോക്താക്കളെ ധരിപ്പിച്ചിരുന്നു.
എന്നാൽ, എൽ.പി.ജിയെക്കാൾ ഇരട്ടിയിലധികം ബില്ലാണ് വന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ഒരു യൂനിറ്റിന് 34 രൂപക്ക് ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചതെന്ന് നടുവിലക്കണ്ടി മൊയ്തീൻ കോയ, ചെട്ട്യാൻകണ്ടി പത്മാവതി, അയ്യപ്പൻകാവിൽ പ്രമോദ്, ആശാരുകണ്ടി ഭാസ്കരൻ, നടുവിലക്കണ്ടി മുഹമ്മദ്, കണാരൻകണ്ടി മുരളി, പി.കെ. നിഷ എന്നിവർ പറഞ്ഞു.
യൂനിറ്റിന് അടക്കേണ്ടത് 65 രൂപ
ബിൽ പ്രകാരം 65 രൂപയോളം യൂനിറ്റിന് അടക്കേണ്ടിവരുന്നു. ഒരു സിലിണ്ടർ എൽ.പി.ജി ഗ്യാസ് രണ്ടു മാസത്തോളം ഉപയോഗിക്കുന്ന പത്മാവതിയുടെ വീട്ടിൽ 22 ദിവസത്തേക്ക് 883 രൂപയുടെ ബില്ലാണ് ലഭിച്ചത്. മറ്റ് ഉപഭോക്താക്കൾക്കും ഈ രീതിയിലാണ് ബില്ലുകൾ ലഭിച്ചത്.
എൽ.പി.ജി സിലിണ്ടറുകളെക്കാൾ 50 ശതമാനം വിലക്കുറവ് പ്രതീക്ഷിച്ചാണ് കണക്ഷൻ എടുത്തതെന്നും ഇങ്ങനെ പോയാൽ കണക്ഷൻ വിച്ഛേദിക്കേണ്ടിവരുമെന്നും വീട്ടുടമകൾ പറഞ്ഞു. വിലവർധന കാരണം കണക്ഷനെടുത്ത ആളുകൾ പഴയ സിലിണ്ടറിലേക്ക് തന്നെ മാറിത്തുടങ്ങി.
ഉണ്ണികുളം പഞ്ചായത്തിലെ മൂന്നു വാർഡുകളിലാണ് പദ്ധതി ഭാഗികമായി തുടങ്ങിയത്. ബില്ലിൽ അവ്യക്തമായ കണക്കുകളാണ് രേഖപ്പെടുത്തിയതെന്നും മീറ്റർ റീഡിങ്ങിന് വരുന്നവർക്ക് വ്യക്തമായ ധാരണയില്ലാത്തതിനാൽ ഉപഭോക്താക്കളുടെ സംശയദൂരീകരണത്തിന് കഴിയുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.