കോഴിവില കുറഞ്ഞേപറ്റൂ
text_fieldsകോഴിക്കോട്: പെരുന്നാളിനും ഉത്സവസീസണുകളിലും സാധാരണയായി കൂടിക്കൊണ്ടിരുന്ന കോഴിവില ഇത്തവണ ഉയർന്നില്ല. രണ്ടാഴ്ചമുമ്പ് 260 രൂപ നിരക്കിൽ വിൽപന നടത്തിയ കോഴി ഇറച്ചി വില 230 രൂപയായി കുറഞ്ഞിരുന്നു. പെരുന്നാൾ സമയത്തും ഇതേ വിലയിൽതന്നെയാണ് കോഴിയിറച്ചി വിറ്റത്. ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരുന്ന കോഴിയിറച്ചി വിലവർധനവിൽ ജനങ്ങളും ചില്ലറവ്യാപാരികളും ഏറെ ബുദ്ധിമുട്ടിയിരുന്നു. ട്രോളിങും പെരുന്നാളും മുന്നിൽകണ്ടാണ് ഫാമുടമകളും കമ്പനികളും വിലക്കയറ്റം സൃഷ്ടിക്കുന്നതെന്നായിരുന്നു ചില്ലറ ചിക്കൻ വ്യാപാരികളുടെ പരാതി. അനധികൃത വിലക്കയറ്റം സൃഷ്ടിച്ചതിനാൽ ഏറെ ബുദ്ധിമുട്ടിലായിരുന്നു ജനങ്ങൾ. ഇതിനെതിരെ ചിക്കൻ വ്യാപാരി സമിതി പ്രതിഷേധവും കടയടപ്പ് സമരവും നടത്തിയിരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കോഴിയിറച്ചി വിൽക്കുന്ന കോഴിക്കോട്ട് കടകൾ അടച്ചിട്ട് സമരം ചെയ്യുന്നത് തങ്ങൾക്ക് ഏറെ നഷ്ടമുണ്ടാക്കുമെന്ന ഭീതിയെ തുടർന്ന് ഫാമുകളും കമ്പനികളും ജില്ലയിലെ ചിക്കൻ വ്യാപാരികളുമായി ചർച്ച നടത്തി. തുടർന്നാണ് 230 രൂപ നിരക്കിൽ ചിക്കൻ ലഭ്യമായി തുടങ്ങിയത്.
ഇനി വരുന്ന ദിവസങ്ങളിൽ കോഴിയിറച്ചിയുടെ വില 200ലേക്കെത്തുമെന്നാണ് പ്രതീക്ഷ. പെരുന്നാൾ ആഘോഷങ്ങൾ കഴിയുന്നതോടെ കോഴിയിറച്ചി വില വീണ്ടും കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.
സംസ്ഥാനത്തിന് പുറത്തുള്ള കോഴിഫാം ലോബിയാണ് വിലനിയന്ത്രണം കൈയാളുന്നത്. പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമം സൃഷ്ടിച്ചുകൊണ്ടാണ് വിലക്കയറ്റമുണ്ടാക്കിയതെന്നും വ്യാപാരികൾ ആരോപിച്ചിരുന്നു. നേരത്തേ ചൂടുണ്ടായിരുന്ന സമയത്ത് കോഴിയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതുമൂലം വിലവർധന ഉണ്ടായിരുന്നു, എന്നാൽ, മഴ തുടങ്ങി ഉൽപാദനം വർധിച്ചിട്ടും വിലകുറക്കുന്നതിനുപകരം തമിഴ്നാട്ടെ ഉൾപ്പെടെയുള്ള ഉൽപാദന, വിപണന ലോബികൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും വില നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ഇടനിലക്കാരുടെ ചൂഷണം തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ജില്ല ആക്ടിങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.