ഇനി കെ.എസ്.ആർ.ടി.സി ബസ് കഴുകാൻ സ്വകാര്യ ഏജൻസികൾ; ടെൻഡർ ക്ഷണിക്കുന്നത് അതാത് ഡിപ്പോകൾ
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളുടെ വാഷിങ്ങും ക്ലീനിങ്ങും സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നു. കേരളത്തിലെ എല്ലാ ഡിപ്പോകളിലെയും ബസ് വൃത്തിയാക്കൽ പ്രവൃത്തി പുറത്ത് കരാർ കൊടുക്കാനാണ് നീക്കം. ഇതിന് സ്വകാര്യ ഏജൻസികളിൽനിന്ന് ടെൻഡറും ക്ഷണിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി ബസ് കഴുകൽ ചടങ്ങിൽ മാത്രമൊതുങ്ങുന്നുവെന്നതിനാലാണ് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകുന്നത്. അതാത് ഡിപ്പോകളാണ് ഇതിനുള്ള ടെന്‍ഡർ ക്ഷണിച്ചത്.
പ്രാദേശിക ഏജൻസികളിൽനിന്നും വ്യക്തികളിൽനിന്നും ലഭിക്കുന്ന ദർഘാസ് മേലാധികാരികൾ പരിശോധിച്ച് യൂനിറ്റ് അധികാരിയുടെ നിർദേശമടക്കം ഏപ്രിൽ 10ന് മുമ്പായി ടെക്നിക്കൽ എക്സിക്യൂട്ടിവ് ഡയറക്ടർക്ക് കൈമാറണം. രണ്ടു മാസം മുമ്പാണ് ഇത് സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്.
ഡിപ്പോകളിൽനിന്ന് ബസുകൾ സമയത്തിന് കഴുകി കിട്ടുന്നില്ലെന്നും കഴുകുന്നത് വൃത്തിയാകുന്നില്ലെന്നും നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇത് ബസുകളുടെ സർവിസ് വൈകാനും ഇടയാക്കിയിരുന്നു. ക്ലീനിങ്ങിന് ആവശ്യത്തിന് ആളില്ലാത്തതും പ്രതിസന്ധിക്കിടയാക്കി. കരാറുകാരെ ഏൽപ്പിച്ചാൽ ജീവനക്കാരുടെ കുറവ് അടക്കമുള്ളവ തങ്ങൾ അറിയേണ്ടതില്ലെന്നതും പുതിയ നീക്കത്തിന് കെ.എസ്.ആർ.ടി.സിയെ പ്രേരിപ്പിക്കുന്നു. നിലവിൽ ഭൂരിഭാഗം ഡിപ്പോകളിലും കരാർ ജീവനക്കാരാണ് ക്ലീനിങ് നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.