കോവിഡ് രോഗികളോട് കൊള്ള നിരക്ക് ഈടാക്കി സ്വകാര്യ ആംബുലൻസുകൾ
text_fieldsകോഴിക്കോട്: കോവിഡിെൻറ മറവിൽ സ്വകാര്യ ആംബുലൻസുകളുടെ കൊള്ള. കഴിഞ്ഞ ദിവസം ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ നിന്ന് കോവിഡ് രോഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായി സ്വകാര്യ ആംബുലൻസ് ഈടാക്കിയത് 3500 രൂപ. ലൈഫ് സേവ് എമർജൻസി മെഡിക്കൽ സർവിസ് എന്ന പേരിലുള്ള സംഘടനയുടെ ആംബുലൻസാണ് കൊള്ളനിരക്ക് ഈടാക്കിയിരിക്കുന്നത്.
വടകര സ്വദേശിയായ രോഗിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സാമ്പത്തിക പരാധീനതയുള്ള കുടുംബം 108 ആംബുലൻസ് വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശു പത്രിയിലെ നഴ്സ് ഒരു ഫോൺ നമ്പർ നൽകി അതിൽ വിളിക്കാൻ പറയുകയായിരുന്നത്രേ.
ഈ നമ്പറിൽ വിളിച്ച് അറിയിച്ചാൽ ആംബുലൻസ് വന്ന് കൂട്ടിക്കൊണ്ടുപൊയ്ക്കോളും എന്നാണ് നഴ്സ് പറഞ്ഞതെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നു.
നഴ്സ് നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ആംബുലൻസ് എത്തുകയും രോഗിയെ െമഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കൂലിയായി 2500, ഡോക്ടറുടെ സേവനത്തിന് എന്ന പേരിൽ 1500 രൂപയും ചേർത്ത് 4000 രൂപയുടെ ബിൽ നൽകി.
രോഗിയുടെ ബന്ധുക്കൾ ഇത്രയും തുക ഇല്ലെന്ന് അറിയിച്ചപ്പോൾ 1500 രൂപ പി.പി.ഇ കിറ്റിന്റെയും അണുനശീകരണത്തിനുള്ള ചാർജുമാണെന്ന് അറിയിക്കുകയായിരുന്നു.ഇത്രയും തുക നൽകാനാവില്ലെന്ന് പറഞ്ഞപ്പോൾ 500 രൂപ കുറച്ച് 3500 രൂപ ഈടാക്കുകയായിരുന്നു.
ബീച്ച് ആശുപത്രിയിൽ നിന്ന് എട്ട് കിലോമീറ്റർ ദൂരമാണ് മെഡിക്കൽ കോളജിലേക്ക് ഉള്ളത്.സാധാരണ ആംബുലൻസിന് കിലോമീറ്റർ 30 - 40 രൂപയാണ് ഈടാക്കാറുള്ളത്. ഓക്സിജൻ സൗകര്യം ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ 5 - 10 രൂപ കൂടുതലും വെൻറിലേറ്റർ ഉണ്ടെങ്കിൽ 100 - 150 രൂപ വരെയും ഈടാക്കാറുണ്ട്. എന്നാൽ കിലോമീറ്ററിന് 500 രൂപ നിരക്കിലാണ് ആംബുലൻസുകാർ വടകര സ്വദേശിയോട് ഈടാക്കിയത്. ഓക്സിജൻ സൗകര്യം മാത്രം വേണ്ട രോഗികളെ വെൻറിലേറ്റർ സൗകര്യമുൾപ്പെടെയുള്ള ആംബുലൻസുകളിൽ കയറ്റി വൻ തുക ഈടാക്കുന്നതായും അനുഭവസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.