കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ മരണവേഗത്തിന് ആര് പൂട്ടിടും?
text_fieldsഅത്തോളി: ജീവന് പുല്ലുവില കൽപിച്ച് കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ മരണപ്പാച്ചിൽ തുടരുമ്പോഴും ചെറുവിരലനക്കാതെ മോട്ടോർ വാഹന വകുപ്പും പൊലീസും. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ അപകടങ്ങളും അപകട മരണങ്ങളും ഉണ്ടാവുന്ന ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ തുടർച്ചയായ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളെടുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയാറില്ല.
ഈ റൂട്ടിലുണ്ടായ വിവിധ ബസപകടങ്ങളിൽ ഇരുചക്രവാഹന യാത്രികരടക്കം നിരവധി പേരാണ് ഏതാനും വർഷത്തിനിടെ മരണപ്പെട്ടത്. ദിവസങ്ങൾക്കുമുമ്പ് വെള്ളിയൂരിൽ സ്കൂൾ വിദ്യാർഥി വാതിൽപ്പടിയിൽനിന്ന് തെറിച്ചുവീണതിനെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിരുന്നു. കൂമുള്ളിയിൽ കാർ യാത്രികരുമായുള്ള പ്രശ്നത്തെ തുടർന്ന് രണ്ടുമാസം മുമ്പ് മൂന്നുദിവസമാണ് ഈ റൂട്ടിൽ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയത്.
എന്നാൽ, മിന്നൽ പണിമുടക്കിനെതിരെ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഉള്ള്യേരിയിൽ കാർ യാത്രികരെ മർദിച്ചതടക്കമുള്ള സംഭവങ്ങൾ വേറെയുമുണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ അത്തോളി കോളിയോട്ട് താഴം അങ്ങാടിയിലുണ്ടായ അപകടത്തിൽ അറുപതോളം പേർക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബസുകൾ മുഖാമുഖം കൂട്ടിയിടിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
റോഡിൽ പലയിടത്തും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രിപ്പ് നഷ്ടമാകാതിരിക്കാൻ പലപ്പോഴും അമിതവേഗത്തിൽ ഓടിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്. റോഡിലെ അനധികൃത പാർക്കിങ്ങും ചിലയിടങ്ങളിലെ വീതിക്കുറവും കുഴികളും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. തിങ്കളാഴ്ച നടന്ന അപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവർ: കൃഷ്ണൻ വേളം (65), സുശീല വേളം (56), നസീമ നരിക്കോട്ട് ചാലിൽ (48), മമ്മത് കോയ പന്തീരങ്കാവ് (72), സായന്ത് കുറ്റ്യാടി (22), നാസർ മാനിപുരം (44), സുധീന്ദ്രൻ നാദാപുരം (60), ആശ ചേനോളി (40), ബാബു കൊടുങ്ങല്ലൂർ (54), ഹന ചീക്കിലോട് (22), സുഹൈല്‍ ചേരാപുരം (43), രാജീവ് പാലേരി (45), അഖില്‍ തൊട്ടില്‍പാലം (28), പത്മിനി പേരാമ്പ്ര (60), കൃഷ്ണദാസ് ബേപ്പൂര്‍ (61), സ്നേഹ ചക്കിട്ടപ്പാറ (24), ലുസ്സി ചക്കിട്ടപ്പാറ (58), ലിഗേഷ് കായണ്ണ (32), സനല്‍ പശുക്കടവ് (27), മീന പറമ്പില്‍ ബസാര്‍ (51), അഖിന പറമ്പില്‍ ബസാര്‍ (29), ഷീബ പറമ്പില്‍ ബസാര്‍ (49), മഞ്ജു തൊട്ടില്‍പാലം (39), തയ്യുള്ളതില്‍ ഹമീദ (48), സാറ തയ്യുള്ളതില്‍ (43), സുബൈര്‍ തയ്യുള്ളതില്‍ (42), ജമീന പേരാമ്പ്ര (52), ഷാജു (59), നജീല ബാനു കിഴക്കോത്ത് (27), ബസ് ഡ്രൈവര്‍ നന്മണ്ട സ്വദേശി ബിജു (36), മിനി നടുവണ്ണൂര്‍ (48), നാരായണന് ചാലിയം കടവ് (61), ഷാഹിദ് തെരുവത്ത് കടവ് (46), ശരണ്‍ കുറ്റ്യാടി (20), അലീസ ഫറോക്ക് (16), ആലിയ (26), അബൂതാഹിര്‍ വെള്ളയില്‍ (22), അബൂബക്കര്‍ (71), അഖീന കോങ്ങാട് (29), കൃഷ്ണപ്രിയ പേരാമ്പ്ര (22), ബിഗേഷ് ചെറുകാട് (35), രഞ്ജിത് ഫറോക്ക് (50), ബീന കിഴക്കുംമുറി (51), ശ്രീജേഷ് കക്കട്ട് (35), ബസ് കണ്ടക്ടര്‍ ധനീഷ് (36), മുജീബ്റഹ്മാന്‍ അത്തോളി (48).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.