മരണപ്പാച്ചിലിന് ആര് ബ്രേക്കിടും ?
text_fieldsപുതിയ ബസ് സ്റ്റാന്റിന് സമീപം മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയുരഞ്ഞപ്പോൾ
കോഴിക്കോട്: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് ബ്രേക്കിടാൻ സാധിക്കാതെ സർക്കാർ സംവിധാനം പാളുന്നു. റോഡുകളിൽ മത്സരയോട്ടം പതിവായതോടെ അപകടങ്ങളും കുതിക്കുകയാണ്. റോഡ് നിയമങ്ങൾ കാറ്റിൽപറത്തി സർവിസ് തുടരുമ്പോഴും പൊലീസും മോട്ടോർ വാഹനവകുപ്പും കണ്ണടക്കുകയാണെന്ന ആക്ഷേപവും അപകടംപോലെ ഏറുകയാണ്.
പരാതിയുമായി സ്റ്റേഷനിലെത്തുന്നവർക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയുമുണ്ട്. നിയമലംഘനം നടത്തുന്ന ബസിനെതിരെ പെറ്റിക്കേസുകൾ മാത്രം ചുമത്തുന്നത് അപകടം പെരുകുന്നതിന് ഇടയാക്കുന്നു. കോഴിക്കോട്-കണ്ണൂർ, ബാലുശ്ശേരി-കോഴിക്കോട്, താമരശ്ശേരി-കൊയിലാണ്ടി റോഡുകളിൽ ബസുകളുടെ മത്സരയോട്ടംമൂലം ജീവൻ പണയംവെച്ചാണ് യാത്രക്കാരുടെ സഞ്ചാരം. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കുമാണ് ഏറെയും ഭീഷണി. വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചാണ് ദീർഘദൂര ബസുകളിൽ പലതും യാത്രനടത്തുന്നതെന്നാണ് പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കുഴക്കുന്നത്.
മരണം കുറഞ്ഞു; അപകടം കൂടി
കാശിറക്കി റോഡ് ബോധവത്കരണവും സുരക്ഷ നടപടികളും വർധിപ്പിക്കുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങളുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. കഴിഞ്ഞ ജനുവരിയിൽ മാത്രം ജില്ലയിൽ വാഹനാപകടത്തിൽ 14 പേർക്കാണ് ജീവൻ നഷ്ടമായത്. 30 ദിവസത്തിനുള്ളിൽ സംഭവിച്ചത് 214 അപകടങ്ങളാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.
നിയമലംഘനങ്ങൾ സർവസാധാരണം
ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാത്ത ബസുകൾ നിരത്തിലോടുന്നുണ്ടെന്ന് ട്രാഫിക് പൊലീസ് തന്നെ സമ്മതിക്കുന്നു. ലൈസൻസ് സസ്പെൻഡ് ചെയ്ത ഡ്രൈവർമാർ റൂട്ട് മാറി ബസ് ഓടിക്കുന്ന വിവരവും പൊലീസിനും മോട്ടോർ വാഹന വകുപ്പിനുമുണ്ട്. യൂനിഫോം ധരിക്കാതെയും ഓവർകോട്ട് ധരിച്ചുമാണ് ഡ്രൈവർമാർ ബസ് ഓടിക്കുന്നത്. അപകടം സംഭവിച്ചാൽ നാട്ടുകാർ കൈകാര്യംചെയ്യുന്നതും കൈയോടെ പിടികൂടുന്നതും ഒഴിവാക്കാനാണ് ഓവർകോട്ട്.
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവർമാരുടെ വാഹനമോടിക്കൽ ബസ് ഉടമകളെപ്പോലും ആശങ്കപ്പെടുത്തുന്നു. എയർ ഹോൺ ഉപയോഗിച്ച് അപകടകരമായ രീതിയിലാണ് സഞ്ചാരം. സീബ്രാലൈനുകളിലെ കാൽനടക്കാരെപ്പോലും മാനിക്കാതെയാണ് ഓട്ടം.
ട്രിപ് മുടക്കി വിശ്രമം
രാത്രി ഏഴോടെ പല ബസുകളും ട്രിപ് മുടക്കുകയാണ്. ബസ് ജീവനക്കാർ തമ്മിൽ അഡ്ജസ്റ്റ് ചെയ്ത് ബസുകൾ ഒന്നിടവിട്ട് ഓടിച്ച് ചെലവ് ചുരുക്കുന്നു. സിറ്റി ബസുകൾ ട്രെയിൻ എത്തുന്ന സമയം കണക്കാക്കി ഓടിക്കുന്ന അവസ്ഥവരെയായി. അറ്റകുറ്റപ്പണി നടത്തുകയാണെന്നാണ് പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്ന വിശദീകരണം.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ മടി
ബസിടിച്ച് പരിക്കേറ്റ എസ്.പി.സി വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കാതെയും ബസ് ജീവനക്കാർ. ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി എട്ടാം ക്ലാസ് വിദ്യാർഥിനിയെ കഴിഞ്ഞദിവസം ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന യൂനിറ്റി ബസിടിച്ച് പരിക്കേൽപിച്ചിരുന്നു. നെഞ്ചിലും കാലിനും കൈക്കും പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാരോ ഉടമകളോ തയാറായില്ലെന്നു കുട്ടിയുടെ മാതാവ് കാക്കൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാക്കൂർ പൊലീസും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവുമുയർന്നു. മോട്ടോർ വാഹന വകുപ്പിലും പട്ടികജാതി-വർഗ കമീഷനും ബാലാവകാശ കമീഷനും പരാതി നൽകുമെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
കൈയൂക്കിന്’ ആളെ നിയോഗിക്കൽ
നഗരത്തിലും പ്രധാന സ്റ്റോപ്പുകളിലും സ്വകാര്യ ബസുകൾ ഏറെ സമയം നിർത്തിയിടുന്നത് പതിവു കാഴ്ചയാണ്. മുന്നിൽ പോകേണ്ടത് കൃത്യസമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു ജീവനക്കാരനെ മുന്നിലെ ബസിൽ അയക്കുന്ന സംവിധാനവും മിക്ക ബസുകളും സ്വീകരിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. ഇതും കൈയാങ്കളിക്കും മത്സരയോട്ടത്തിനും കാരണമാകുകയാണ്. ‘കൈയൂക്കുള്ള’ ആളെയാണ് ഇതിന് നിയോഗിക്കുന്നത്. മത്സരയോട്ടത്തിനിടെ റോഡ് നിയമങ്ങൾ കാറ്റിൽ പറക്കും. പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയും ഇറക്കാൻപോലും സമയം നൽകാതെയാണ് യാത്ര. തിരക്കിനിടയിൽ ഇറങ്ങുന്നവർ കാൽതെറ്റി വീഴുന്ന സംഭവവും പതിവ്.
ആറ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: കഴിഞ്ഞ ദിവസം അപകടം നടന്ന അരയിടത്തുപാലത്ത് അടക്കം മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തിയ പരിശോധനയിൽ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എടപ്പാൾ ഐ.ഡി.ടി.ആറിൽ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു. പരിശോധനയിൽ 93 കേസുകൾ രജിസ്റ്റർ ചെയ്തു.
എം.വി.ഡി ഉദ്യോഗസ്ഥർ പാളയം സ്റ്റാന്റിൽ ബസുകൾ പരിശോധിക്കുന്നു
പിഴയിനത്തിലായി 89,500 രൂപ ഈടാക്കി. കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിന് നാല്, യൂനിഫോം ഇല്ലാത്തതിന് ആറ്, നോപാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്കുചെയ്തതിന് 29, സ്പീഡ് ഗവർണർ ഇല്ലാത്തതിന് അഞ്ച്, ഓഡിയോ സിസ്റ്റം ഉപയോഗിച്ചതിന് അഞ്ച്, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രണ്ട്, ഹെൽമറ്റ് ധരിക്കാത്തതിന് 13, റോങ്സൈഡ് ഓവർ ടേക്കിങ്ങിന് അഞ്ച്, മറ്റ് കുറ്റകൃത്യങ്ങൾക്കായി 19 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.