ജനത്തെ ബന്ദിയാക്കി ബസ് സമരം
text_fieldsകോഴിക്കോട്: നിരക്ക് വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ബസ് സമരം വിദ്യാർഥികളടക്കം ജനത്തെ അക്ഷരാർഥത്തിൽ വലച്ചു. ജില്ലയിൽ കോവിഡ് ലോക്ഡൗണിന് ശേഷം ഗതാഗത പ്രശ്നം മൂർധന്യത്തിലെത്തിയിരുന്നു. നിലവിലുള്ള ബസുകൾ പണിമുടക്കിയതോടെ ജനങ്ങൾ ബന്ദികളാകുന്ന അവസ്ഥയായി. ചരിത്രത്തിലാദ്യമായി സ്കൂൾ വാർഷിക പരീക്ഷ സമയത്ത് പണിമുടക്ക് നടത്തി ബുദ്ധിമുട്ടിച്ച ബസുടമകൾക്കെതിരെ ജനം അതിരൂക്ഷമായാണ് പ്രതികരിച്ചത്. സ്വകാര്യ ബസുകാരുടെ സമരകാലത്ത് അൽപമെങ്കിലും ആശ്വാസമാകുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഇത്തവണ നാട്ടുകാർക്ക് 'പണി നൽകി'. അധികസർവിസുകൾ കുറച്ചെണ്ണം മാത്രമാണ് ഓടിയത്. ഇതൊന്നും ദുരിതത്തിന് പരിഹാരമായില്ല. ജീവനക്കാരും ബസുകളും ഇല്ലെന്നാണ് അധികൃതർ പറയുന്നത്. മെഡിക്കൽ കോളജ്, ബാലുശ്ശേരി, തൊട്ടിൽപ്പാലം തുടങ്ങിയ റൂട്ടുകളിലേക്കാണ് അധിക സർവിസുണ്ടായിരുന്നത്. വിവിധ ജില്ലകളിലേക്കുള്ള ബസുകളിലും വൻതിരക്കായിരുന്നു.
സ്കൂളുകളിൽ വാർഷിക പരീക്ഷക്ക് പോകാനുള്ള വിദ്യാർഥികൾ ബസ് പണിമുടക്കിന്റെ ആദ്യദിനം ഏറെ ബുദ്ധിമുട്ടി. സ്കൂൾ ബസുകളിൽ പോകാതെ സ്വകാര്യബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികളാണ് ജില്ലയിൽ ഏറെയുമുള്ളത്. രക്ഷിതാക്കളുടെ വാഹനങ്ങളിലും ഓട്ടോ വിളിച്ചുമാണ് ഇവർ സ്കൂളിലെത്തിയത്.
സ്വകാര്യവാഹനങ്ങളൊന്നുമില്ലാത്ത അന്തർസംസ്ഥാന തൊഴിലാളികൾക്കും ദുരിത ദിനമായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ സജീവമായ വയനാട് റൂട്ടിലൊഴികെ ജനം ബസ് കിട്ടാതെ വലഞ്ഞു. ഉൾനാടുകളിൽ കെ.എസ്.ആർ.ടി.സി ബസ് ഓടാത്തതിനാൽ യാത്രക്കാർ മറ്റുമാർഗങ്ങൾ തേടി. കോഴിക്കോട് മൊഫ്യൂസൽ ബസ്സ്റ്റാൻഡിലും പാളയത്തും പണിമുടക്ക് വിവരമറിയാതെ യാത്രക്കാരെത്തിയിരുന്നു. ഈ ബസ്സ്റ്റാൻഡുകൾ വഴിയാണ് ചില കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയത്.
900ത്തോളം ബസുകളാണ് ജില്ലയിൽ ഓടുന്നത്. ഇവയെല്ലാം സമരത്തിൽ പങ്കെടുത്തു. സമാന്തര സർവിസുകൾ പലയിടത്തും രാവിലെ മുതൽ രംഗത്തെത്തിയിരുന്നു. എന്നാൽ, വൻതുകയാണ് ഈടാക്കിയത്. ടാക്സികൾക്കും ഓട്ടോകൾക്കും വൻകൊയ്ത്തായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകാനായി നഗരത്തിലെത്തിയവർക്കും ഓട്ടോയും മറ്റുമായിരുന്നു ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.