ദുരിതം@രണ്ടാംനാൾ പരക്കംപാഞ്ഞ് യാത്രക്കാർ; മിണ്ടാതെ അധികൃതർ
text_fieldsകോഴിക്കോട്: കൊടുംചൂടിൽ ദുരിതം മാത്രം സമ്മാനിക്കുന്ന സ്വകാര്യ ബസ് സമരം രണ്ടാംദിനവും പൂർണം. വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ കഷ്ടപ്പാടിനും മാറ്റമില്ല. ആയിരക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ ഇടപെടുന്നുമില്ല. സമരം ചെയ്ത് ബുദ്ധിമുട്ടാകുമ്പോൾ നിരക്ക് വർധിപ്പിക്കുന്നതിന് എല്ലാവരും അനുകൂലമാകുമെന്ന 'സൈക്കോളജിക്കൽ മൂവ്' ആണ് ബസുടമകളും സർക്കാറും പയറ്റുന്നതെന്ന ആക്ഷേപവുമുണ്ട്.
സമരത്തിന്റെ രണ്ടാംദിനമായ വെള്ളിയാഴ്ചയും ജനങ്ങൾ വാഹനം തേടി നെട്ടോട്ടത്തിലായിരുന്നു. അഥവാ ബസ് കിട്ടിയാലോ എന്ന പ്രതീക്ഷയിൽ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന മൊഫ്യൂസൽ ബസ്സ്റ്റാൻഡിലും പാളയത്തും പല യാത്രക്കാരും വന്നുനോക്കുന്നുണ്ട്. ബസ് ഇല്ലെന്നറിയുന്നതോടെ കെ.എസ്.ആർ.ടി.സി ടെർമിനലിലേക്ക് പോകും. ഇവിടെ മിക്ക ബസുകളിലും തിങ്ങിനിറഞ്ഞാണ് യാത്ര.
ജില്ലയിലെ സ്ഥിരം റൂട്ടുകളിലേക്ക് മാത്രമേ സമരദിവസവും സർവിസുള്ളൂ. വയനാട്, കുറ്റ്യാടി, വടകര റൂട്ടുകളിലുള്ളവർക്കാണ് ആശ്വാസമുള്ളത്. അപൂർവമായി ബാലുശ്ശേരി ബസ് പ്രത്യക്ഷപ്പെടുന്നുണ്ട്. കണ്ണൂരിലേക്കും ബാലുശ്ശേരിയിലേക്കും രണ്ടുവീതവും മെഡിക്കൽ കോളജിലേക്ക് ഷട്ടിൽ സർവിസുമാണ് അധികമുള്ളത്. വയനാട് ഭാഗത്തേക്ക് പോകുന്ന ചില ബസുകളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നവരുടെ മറ്റൊരാശ്രയം.
കടലുണ്ടി, ബേപ്പൂർ ബസുകളും മെഡിക്കൽ കോളജിലേക്ക് ഓടുന്നുണ്ട്. എന്നാൽ, രണ്ട് മിനിറ്റിന്റെ ഇടവേളകളിൽ സ്വകാര്യ ബസുകൾ ഓടിയിരുന്ന മെഡിക്കൽ കോളജ് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ ബദൽ സംവിധാനങ്ങൾ മതിയാകുന്നില്ല. മാവൂർ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാണ്. ജില്ലയിലെ ഉൾനാടുകളിലെ സ്ഥിതിയും സമാനമാണ്. പ്രധാന റൂട്ടുകളിലെ ഏതെങ്കിലും സ്റ്റോപ്പിലിറങ്ങി ഓട്ടോയിലും ജീപ്പിലും വൻതുക നൽകിയാണ് യാത്ര. വിവിധ ഇടങ്ങളിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനുകളിലും തിരക്കേറെയായിരുന്നു.
കെ.എസ്.ആർ.ടി.സിക്ക് കൊയ്ത്ത്
സ്വകാര്യ ബസ് സമരം കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ കാര്യമായ വർധനയുണ്ടാക്കി. ആദ്യദിനം ജില്ലയിൽ പതിവിലും രണ്ട് ലക്ഷത്തിലേറെ രൂപ കലക്ഷനുണ്ട്. 16,00,854 രൂപയാണ് വ്യാഴാഴ്ച ജില്ലയിലെ കലക്ഷൻ. വെള്ളിയാഴ്ച കലക്ഷൻ കൂടും. ആറ് ജില്ലകളുൾപ്പെടുന്ന കോഴിക്കോട് മേഖലയിലും കലക്ഷനിൽ വർധനയുണ്ടായി. 1.76 കോടിയാണ് വ്യാഴാഴ്ച കിട്ടിയത്. ബുധനാഴ്ച 1.36 കോടി മാത്രമായിരുന്നു. 924 ബസുകളാണ് സമരത്തിന്റെ ആദ്യ ദിനം സർവിസ് നടത്തിയത്. ഒരു ബസിന് ശരാശരി 19,135 രൂപ വരുമാനമുണ്ട്. സമരത്തിന് മുമ്പ് കോഴിക്കോട് മേഖലയിൽ 902 ബസുകളായിരുന്നു ഓടിയത്.
ബസ് നിരക്ക് വർധിപ്പിക്കേണ്ടത് അവരുടെ ആവശ്യമാണെങ്കിലും ജനങ്ങൾക്കാണ് കഷ്ടപ്പാട്. വടകരയിൽനിന്ന് പണി കഴിഞ്ഞ് വരുകയാണ്. മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകണം. ബസുകളിൽ നല്ല തിരക്കാണ്. ആശുപത്രിയിൽ പോകേണ്ടവരും എടങ്ങേറായി. സമരം അവസാനിപ്പിക്കാൻ നടപടി വേണം.
ബാബു (മെഡിക്കൽ കോളജ് സ്വദേശി)
സമരം കാരണം ശരിക്കും ബുദ്ധിമുട്ടി. പരീക്ഷക്ക വന്നതാണ്. സാധാരണ സ്വകാര്യ ബസിലാണ് സെന്‍റ് വിൻസന്‍റ് കോളനി സ്കൂളിലേക്ക് വരുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മക്കൊപ്പം സമരത്തിന്റെ ആദ്യ ദിവസം ജീപ്പിലാണ് ടൗണിലെത്തിയത്. വെള്ളിയാഴ്ച കാക്കൂർ അങ്ങാടിയിൽ മണിക്കൂറിലേറെ കാത്തുനിന്നിട്ടാണ് ബസ് കിട്ടിയത്. തിരിച്ചുപോകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കാത്തിരിപ്പ് തുടരുകയാണ്.
നിവേദ്യ (സെന്‍റ് വിൻസന്‍റ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.