വടകര-തലശ്ശേരി റൂട്ടിൽ 20 മുതൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും
text_fieldsവടകര: അഴിയൂരിൽ ബസ് തൊഴിലാളികൾക്കുനേരെ നടന്ന ആക്രമണത്തിൽ പ്രതിചേർത്തവരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 20 മുതൽ വടകര-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും.
വിതാര ബസ് ഡ്രൈവർ കെ.ടി ബസാർ രയരങ്ങോത്ത് വലിയപറമ്പത്ത് നിജിൽ ( 29 ), കണ്ടക്ടർ ചോറോട് മാത്തൂർ മീത്തൽ റഫ്നീഷ് (31) എന്നിവരെയാണ് അഴിയൂർ മാവേലി സ്റ്റോപ്പിന് സമീപം ബസ് തടഞ്ഞുനിർത്തി തിരുവോണ ദിവസം മർദിച്ചത്.
വടകരയിൽനിന്നും തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ ഹോൺ മുഴക്കി ബസ് മറികടന്നതുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായി തർക്കമുണ്ടായിരുന്നു.
ബസ് തലശ്ശേരിയിൽനിന്നു തിരിച്ചുവരുമ്പോഴാണ് തൊഴിലാളികൾക്കുനേരെ ആക്രമണമുണ്ടായത്.
ബസിൽനിന്നും വലിച്ചിറക്കി തൊഴിലാളികളെ മർദിക്കുകയായിരുന്നു. നിർഭയമായി തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാവണമെന്ന് സംയുക്ത ട്രേഡ് യൂനിയൻ യോഗം ആവശ്യപ്പെട്ടു.
എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. വി. രാമചന്ദ്രൻ, എ. സതീശൻ, മടപ്പള്ളി മോഹനൻ, പി.എം. വേലായുധൻ, പി. സജീവ് കുമാർ, രഞ്ജിത്ത് കാരാട്ട്, ഇ. പ്രദീപ് കുമാർ, സുധീഷ് പുതുശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.