നന്മണ്ട 12ൽ സ്വകാര്യ ബസുകൾ നിർത്തുന്നില്ല; ബസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ
text_fieldsനന്മണ്ട: കോഴിക്കോട്-ബാലുശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിനടുത്ത് നിർത്താത്തതുകാരണം വിദ്യാർഥികൾ വലയുന്നു. രാവിലെ 7-30 മുതൽ ഒമ്പതുമണി വരെയും വൈകീട്ട് 3-30 മുതലുമാണ് ബസുകൾ സ്റ്റോപ്പിൽ നിർത്താതെ ഡബിൾബെൽ മുഴക്കി പറ പറക്കുന്നത്.
രാവിലെ നിർത്താത്തതു കാരണം കോഴിക്കോട് നഗരത്തിലെ വിവിധ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കും കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്കും കൃത്യ സമയത്ത് ക്ലാസിലെത്താൻ കഴിയുന്നില്ല. വിദ്യാർഥികളെക്കണ്ട് സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസുകൾ മറ്റ് യാത്രക്കാരെയും പെരുവഴിയിലാക്കുന്നു.
മറ്റ് സ്കൂളുകൾക്ക് മുന്നിൽ അതത് സ്റ്റേഷൻ പരിധിയിൽനിന്നും ഹോം ഗാർഡിന്റെയൊ പൊലീസിന്റെയൊ സേവനം വിദ്യാർഥികൾക്ക് ലഭിക്കുമ്പോൾ രണ്ടായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന നന്മണ്ട ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾക്ക് നിയമപാലകരുടെയൊ മോട്ടോർ വാഹന വകുപ്പിന്റെയൊ പരിരക്ഷ കിട്ടുന്നില്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൊതുവെയുള്ള പരാതി.
വിദ്യാർഥികളോട് അയിത്തം കാണിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.