സ്വകാര്യ ബസുകൾ വീണ്ടും ഷെഡിലേക്ക്; നവംബർ ഒമ്പത് മുതൽ സർവിസ് നിർത്തും
text_fields
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളും ഇന്ധനവില വർധനയും പ്രതിസന്ധിയിലാക്കിയ ജില്ലയിലെ സ്വകാര്യ ബസുകൾ കരകയറാനാകാതെ ഒാട്ടം നിർത്താനൊരുങ്ങുന്നു. കോവിഡ്ഭീതി കാരണം യാത്രക്കാർ പൊതുസംവിധാനങ്ങൾ ഉപയോഗിക്കാൻ മടിക്കുന്നതും ദിവസേനയുണ്ടാകുന്ന ഡീസൽ വില വർധന താങ്ങാനാവാത്തതുമാണ് ബസ് വ്യവസായത്തിന് വെല്ലുവിളിയാകുന്നതെന്ന് ഉടമകൾ പറയുന്നു.
2018ൽ മിനിമം ചാർജ് എട്ടു രൂപയായി വർധിപ്പിച്ചപ്പോൾ ഡീസലിന് 61 രൂപയായിരുന്നു വില. എന്നാൽ, ഇന്നിത് 103 രൂപയിലെത്തി. 42 രൂപയുടെ വർധന. ഒരു ലിറ്റർ ഡീസലിന് മൂന്നു മുതൽ നാല് കി.മീറ്റർ വരെയേ ബസുകൾക്ക് പരമാവധി െെമലേജ് ലഭിക്കൂ. കുറഞ്ഞ െെമലേജും കൂടിക്കൊണ്ടേയിരിക്കുന്ന ഡീസൽ വിലയും താങ്ങാനാവുന്നുമില്ല. ജില്ലയിൽ മൊത്തം 1100 ബസുകൾക്കാണ് നിലവിൽ പെർമിറ്റുള്ളത്. എന്നാൽ, കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ 600ൽ താഴെ ബസുകളേ ഇപ്പോൾ സർവിസ് നടത്തുന്നുള്ളൂ.
കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ജനങ്ങൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതും ഇന്ധനവിലവർധനയും പ്രതിസന്ധി രൂക്ഷമാക്കി. ജില്ലയിലെ ചില സ്വകാര്യ ബസുകൾ സി.എന്.ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്)യിലേക്ക് ചുവട് മാറ്റുന്നുണ്ടെങ്കിലും ഇത് വേഗത്തിൽ നടപ്പാകില്ല. നിലവിലെ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ മൂന്നര മുതൽ നാലു ലക്ഷം രൂപയോളം െചലവ് വരും.
പുതിയ സി.എന്.ജി ബസ് വാങ്ങുകയാണെങ്കിൽ ഡീസൽ ബസുകളേക്കാൾ 10 ലക്ഷം രൂപയോളം അധികച്ചെലവും വരും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ഇത് താങ്ങാനാവില്ലെന്നാണ് ബസുടമകൾ പറയുന്നത്.
നവംബർ ഒമ്പത് മുതൽ സർവിസുകൾ നിർത്താൻ കോഴിക്കോട് ജില്ല ബസ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. 2018ൽ സർക്കാർ നിശ്ചയിച്ച എട്ടു രൂപ മിനിമം ചാർജാണ് ഇപ്പോഴും ഇൗടാക്കുന്നത്.
വിദ്യാർഥികളുടെ നിരക്ക് ഒരു രൂപയും. ഒരു വർധനയും നിരക്കുകളിൽ വന്നിട്ടില്ല. സർവിസുകൾ നിർത്തുന്നത് കേന്ദ്ര, സംസ്ഥാന സർക്കാറുകളോടുള്ള പ്രതിഷേധമല്ല. മറിച്ച്, പിടിച്ചു നിൽക്കാനാവാത്തതുകൊണ്ടാണ്. റോഡ് ടാക്സ് ഉൾപ്പെടെ കോവിഡ് കാലയളവിൽ സർക്കാറുകൾ ഭീമമായി വർധിപ്പിച്ച നികുതികൾ ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. യാത്രക്കാരോടുള്ള വെല്ലുവിളിയായി സമരത്തെ കാണരുതെന്നും ബസ് വ്യവസായം നിലനിർത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.