ഫയർ സേനക്ക് താൽക്കാലിക സൗകര്യമൊരുക്കാമെന്ന് സ്വകാര്യ വ്യക്തിയുടെ സമ്മതം; മറുപടി നൽകാതെ സർക്കാർ
text_fieldsകോഴിക്കോട്: നഗരത്തിൽ അഗ്നിസുരക്ഷ സേനക്ക് താൽക്കാലിക സൗകര്യമൊരുക്കാമെന്ന് സ്വകാര്യ വ്യക്തി സമ്മതമറിയിച്ച് ഒമ്പതുമാസം കഴിഞ്ഞിട്ടും സർക്കാറിന് അനക്കമില്ല.
നഗരത്തിന്റെ അഗ്നിസുരക്ഷയിൽ ഒന്നാം സ്ഥാനത്തുള്ള ബീച്ച് ഫയർ സ്റ്റേഷനെ നാലു ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതിനാൽ അപകടവേളയിൽ വൈകിയെത്തുന്നുവെന്ന അപഖ്യാതി സേനക്ക് ഉയർന്നിട്ടും സ്ഥലസൗകര്യങ്ങളും പുതിയ താൽക്കാലിക കെട്ടിടവും പണിതുനൽകാമെന്ന അപേക്ഷ സർക്കാറിനു സമർപ്പിച്ചിട്ടും മറുപടിയില്ലാത്തത് സേനാംഗങ്ങളിൽപോലും മുറുമുറുപ്പിനിടയാക്കുന്നു.
കഴിഞ്ഞ ദിവസം കാർ കത്തി കാറുടമ വെന്തുമരിച്ചപ്പോഴും എലത്തൂരിനരികിൽ സ്ത്രീ ലോറി കയറി മരിച്ചപ്പോഴും സേന എത്താൻ വൈകി എന്നതുൾപ്പെടെയുള്ള ആക്ഷേപങ്ങളേറുമ്പോഴാണ് യൂനിറ്റുകളെ ഒരിടത്തു സ്ഥാപിക്കാനുള്ള സർക്കാർ അനുമതിക്കായി സേന അപേക്ഷ നൽകി കാത്തിരിക്കുന്നത്. സ്വന്തം കെട്ടിടം ശോച്യാവസ്ഥയിലായതോടെ യൂനിറ്റുകളെ കൊയിലാണ്ടി, മുക്കം, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ ഒരു യൂനിറ്റ് മാത്രമാണ് ബീച്ചിലുള്ളത്. ഇതോടെ നഗരത്തിൽ തീപിടിത്തമുണ്ടായാൽ യൂനിറ്റുകൾ കി.മീറ്ററുകൾക്കപ്പുറത്തുനിന്ന് വരേണ്ട സ്ഥിതിയാണ്. ഫയർസ്റ്റേഷൻ പ്രവർത്തിക്കാൻ ഭൂമി വിട്ടു നൽകാൻ തയാറായി ഗ്രീൻ മെട്രോ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ മുഹമ്മദ് അബ്ദുൽ കരീം ഫൈസൽ മുന്നോട്ടുവന്നിരുന്നു.
ബീച്ച് ഫയർ സ്റ്റേഷൻ പുതുക്കി പണിയുന്നത് വരെ സരോവരത്തിനടുത്ത് സൗജന്യമായി 40 സെന്റ് ഭൂമി വിട്ടു നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും കഴിയുംവിധം ചെയ്തു തരുമെന്നും ഇദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
അടിക്കടി തീപിടിത്തമുണ്ടാകുന്ന നഗരം കൂടിയാണ് കോഴിക്കോട് എന്നതിനാൽ ബീച്ച് ഫയർഫോഴ്സിന്റെ മുഴുവൻ യൂനിറ്റുകളും നഗരത്തിൽ നിലനിർത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സർക്കാർ അലംഭാവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.