താലൂക്ക് ഓഫിസിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമാണം: ജീവനക്കാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം
text_fieldsകോഴിക്കോട്: താലൂക്ക് ഓഫിസിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ സസ്പെൻഷനിലായ ജീവനക്കാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയരുന്നു. പ്രതി ഭരണകക്ഷി യൂനിയനിൽപെട്ട ആളായതിനാലാണ് നടപടികൾ വൈകുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് മുമ്പുതന്നെ കോഴിക്കോട് തഹസിൽദാർ ഇയാൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതി ഒളിവിലാണെന്നും അതിനാലാണ് അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നുമാണ് പൊലീസിന്റെ വാദം. ഇയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതി 2015ൽ സേവനമനുഷ്ഠിച്ചിരുന്ന തഹസിൽദാറിന്റെ പേരിൽ വ്യാജമായി സീൽ നിർമിച്ചതായും സംശയമുണ്ട്.
അപേക്ഷിക്കുന്നയാൾക്ക് സാധാരണയായി എട്ട് മാസത്തിലധികം കാലതാമസമാണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സമയം. സർട്ടിഫിക്കറ്റ് നേരത്തേ ലഭിക്കുന്നതിനുവേണ്ടിയാണ് പലരും കമ്പ്യൂട്ടർ വിദഗ്ധനായ പ്രതിയെ സമീപിച്ചിട്ടുള്ളത്. ഇതിനുപുറമെ ആവശ്യക്കാരുടെ ഇംഗിതങ്ങൾക്കനുസരിച്ച് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയോ എന്നും സംശയിക്കുന്നു.
ഇതിനായി ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി കൈപ്പറ്റിയത്രേ. ഏജന്റുമാർ മുഖേനയാണ് ആവശ്യക്കാർ ഇയാളുടെ പക്കലെത്തിയിരുന്നത്. സംശയം തോന്നി സഹപ്രവർത്തകർ ചോദ്യംചെയ്യുന്നതിനിടെ പ്രതിയുടെ പക്കൽനിന്ന് തെളിവുകളും ലഭിച്ചിരുന്നു. തഹസിൽദാറുടെ മുമ്പാകെ ചെയ്ത തെറ്റുകൾ ഇയാൾ ഏറ്റുപറയുകയും ചെയ്തിരുന്നു.
എന്നിട്ടും പ്രതിയെ സസ്പെൻഡ് ചെയ്യാൻ കാലതാമസം നേരിട്ടു. മുൻ കലക്ടർ അവധിയിൽ പ്രവേശിക്കുകയും എ.ഡി.എമ്മിന് ചാർജ് നൽകാതിരിക്കുകയും ചെയ്യാതിരുന്ന സാഹചര്യത്തിൽ പുതിയ കലക്ടറെത്തിയാണ് സസ്പെൻഡ് ചെയ്തത്. ഇതുകൊണ്ടാണ് സസ്പെൻഷൻ വൈകിയതെന്നായിരുന്നു വിശദീകരണം.
എന്നാല്‍, കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്ന് ഭരണകക്ഷി അനുകൂല യൂനിയനായ ജോയന്റ് കൗൺസിൽ തന്നെ ആരോപിക്കുന്നു. റവന്യൂ വകുപ്പിനും സര്‍ക്കാറിനും അവമതിപ്പ് ഉണ്ടാക്കിയ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ജോയന്റ് കൗൺസിൽ നേതൃത്വം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.