ചലനവൈകല്യമുള്ള കുട്ടികളെ വീട്ടിലെത്തി സഹായിക്കാൻ പദ്ധതി
text_fieldsകോഴിക്കോട്: കോർപറേഷൻ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി തീവ്ര ചലന വൈകല്യമുള്ള കുട്ടികൾക്ക് മൊബൈൽ തെറപ്പി യൂനിറ്റ് വരുന്നു. ‘അരികത്തണയാം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 6.30ന് അരക്കിണർ അരീക്കര വയലിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
മാസം 2000 കി.മീറ്റർ വരെ 35,000 രൂപക്ക് വാഹനം വാടകക്ക് എടുത്താണ് പദ്ധതി നടപ്പാക്കുക. പരിശീലനത്തിനും മറ്റുമായി രക്ഷിതാക്കൾ എടുത്തുകൊണ്ടുപോവേണ്ട അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. കോർപറേഷൻ സൗത്ത്, നോർത്ത് മേഖലകളിലായി രണ്ട് യൂനിറ്റുകളാണ് ആദ്യഘട്ടത്തിൽ നിലവിൽ വരുകയെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ അറിയിച്ചു.
വീട്ടിലെത്തുന്ന വാഹനത്തിൽ തെറപ്പിസ്റ്റ്, സഹായിക്കുന്നയാൾ എന്നിവർ ഉണ്ടാവും. എല്ലാ ദിവസവും സേവനം ലഭ്യമാക്കും. ദിവസം ഏഴുപേർക്കെങ്കിലും സഹായമെത്തിക്കുകയാണ് ലക്ഷ്യം. ആവശ്യമുള്ളവർ അർബൻ റിസോഴ്സ് സെന്റർ, ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് ഓഫിസർ എന്നിവരുമായി ബന്ധപ്പെടാം. സംസ്ഥാനത്തുതന്നെ കോർപറേഷൻ തലത്തിൽ ഇത്തരമൊരു പദ്ധതി അപൂർവമാണ്.
തീവ്ര ചലനവൈകല്യമുള്ള 1200 പേരെങ്കിലും സൗത്ത് മേഖലയിലും അത്രതന്നെ നോർത്ത് മേഖലയിലുമുണ്ടെന്നാണ് കണക്ക്. സൗത്ത് മേഖലയിൽ പദ്ധതി വിജയമായാലാണ് നോർത്ത് മേഖലയിലും തുടങ്ങുകയെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സംസാര വൈകല്യമുള്ളവർക്കടക്കം വീടുകളിലെത്തി പരിശീലനം നൽകുന്ന കാര്യം ആലോചിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.