ഒരുവർഷം കൊണ്ട് ആയിരം പേർക്ക് വീട്; പദ്ധതിക്ക് നടുവട്ടത്ത് 29ന് തുടക്കമാവും
text_fieldsകോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ‘ലൈഫ് -മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത നിർധനരായ ആയിരം പേർക്ക് പൊതുജന പങ്കാളിത്തത്തോടെ വീട് നിർമിച്ചുനൽകുന്ന കോർപറേഷൻ പദ്ധതിക്ക് 29ന് ബേപ്പൂരിലെ നടുവട്ടത്ത് തുടക്കം. സർക്കാറിനൊപ്പം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
560 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടിന് രണ്ട് ബെഡ്റൂമും അടുക്കളയും ബാത്ത് റൂമും അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്ന് മേയർ ഡോ. ബീന ഫിലിപ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടം ആയിരം വീടുകൾ പണിതു നൽകാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.
സാമ്പത്തികശേഷി അനുവദിക്കുന്ന ഗുണഭോക്താക്കൾക്ക് പദ്ധതി വിഹിതം നൽകാം. ഇല്ലാത്തവർക്ക് പൂർണമായി സൗജന്യമായി വീട് നിർമിച്ചുനൽകും. ബേപ്പൂരിലെ കോർപറേഷൻ സ്ഥലത്ത് 93 വീടുകൾ നിർമിക്കാനുള്ള പ്ലാനാണ് തയാറാക്കിയത്. ക്രൗഡ് ഫണ്ടിങ് വഴി ധനസമാഹരണം നടത്തും.
കോർപറേഷൻ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലായിരിക്കും ധനസമാഹരണവും നിർമാണപ്രവർത്തനങ്ങളും മുന്നോട്ടുപോവുക. വീട് നിർമിക്കുന്ന പ്രദേശങ്ങളിൽ ജനകീയ കമ്മിറ്റികളും രൂപവത്കരിക്കും. പണമായോ അസംസ്കൃത വസ്തുക്കളായോ മനുഷ്യവിഭവ ശേഷിയായോ സഹായങ്ങൾ നൽകാം.
ഒരു ചതുരശ്ര അടിക്ക് 3,000 രൂപ എന്ന നിലയിലും സംഭാവനകൾ നൽകാം. സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടും ഉപയോഗിക്കാനാവുമെന്ന് കരുതുന്നു. ഏഴായിരത്തോളം വീടിനുള്ള അപേക്ഷകളാണ് ലഭിച്ചത്.
ആദ്യഘട്ടമായി ഒരു വർഷത്തിനുള്ളിൽ ആയിരം വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 5000 വീടുകളെങ്കിലും പൂർത്തിയാക്കാനാണ് കോർപറേഷൻ തീരുമാനം. അപേക്ഷകൾ കൃത്യമായി പരിശോധിച്ച് ഗുണഭോക്താക്കളെ നിശ്ചയിക്കും.
കോർപറേഷൻ നീക്കിവെക്കുന്ന പണംകൊണ്ട് മാത്രം ഭൂമി വാങ്ങി വീടുണ്ടാക്കാൻ സാധിക്കില്ലെന്നതുകൊണ്ടാണ് പുതിയ പദ്ധതി ഒരുക്കിയത്. 29ന് വൈകീട്ട് മൂന്നിന് ബേപ്പൂർ ബി.സി റോഡ് ജി.എൽ.പി സ്കൂളിൽ പദ്ധതി പ്രഖ്യാപനവും തറക്കല്ലിടലും മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
പദ്ധതിക്കായുള്ള ക്രൗഡ് ഫണ്ടിങ് ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർകോവിലും വെബ്സൈറ്റ് ലോഞ്ചിങ് മന്ത്രി എ.കെ. ശശീന്ദ്രനും നിർവഹിക്കും. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.