നഗരത്തിലെ അതിദരിദ്രർക്കുള്ള പദ്ധതികൾ അവസാന ഘട്ടത്തിൽ
text_fieldsകോഴിക്കോട്: ‘അതിവേഗം’ പദ്ധതിയിലുൾപ്പെടുത്തി അതിദരിദ്രർക്കായി കോർപറേഷൻ നടപ്പാക്കുന്ന സേവനങ്ങൾ പൂർത്തീകരണ ഘട്ടത്തിൽ. നഗരസഭയിലെ അതിദരിദ്രരിൽ 52 പേർക്ക് റേഷൻ കാർഡില്ലെന്ന് കണ്ടെത്തിയതിൽ 30 പേർക്ക് റേഷൻ കാർഡ് ഇതിനോടകം നൽകിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ‘അതിവേഗം’ പദ്ധതിയുടെ പ്രഖ്യാപനം പുതുവർഷത്തിൽ നടത്തും.
സർവേയിൽ കണ്ടെത്തിയ 814 കുടുംബങ്ങളിൽ 512 എണ്ണം അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം റേഷൻ കാർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിയെടുത്തു. കോർപറേഷൻ കണ്ടെത്തിയ കുടുംബങ്ങളിൽ 56 പേർക്ക് ആധാർ കാർഡ് ഉണ്ടായിരുന്നില്ല. ഇതിൽ 22 പേർക്ക് ആധാർ നൽകി. 18 പേർക്ക് ഇനിയും ആധാർ കാർഡ് അനുവദിക്കുന്നതിന് അക്ഷയ മുഖേന അപേക്ഷ സമർപ്പിച്ചു.
ലിസ്റ്റിലുൾപ്പെട്ട 67 ഗുണഭോക്താക്കൾക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ മുഖേന നടപടി സ്വീകരിച്ചു. സർവേയിലുൾപ്പെട്ട 68 കുടുംബങ്ങൾക്ക് കുടുംബശ്രീ അയൽക്കൂട്ട അംഗത്വം അനുവദിച്ചു.
അതിദരിദ്രരായതും സാമൂഹിക സുരക്ഷ പെൻഷന് അർഹരാണെന്ന് കണ്ടെത്തിയതുമായ 30 ഗുണഭോക്താക്കളുടെ അപേക്ഷകൾ കൗൺസിൽ പരിഗണനയിലാണ്. കൗൺസിൽ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഇവർക്ക് വിവിധ സാമൂഹിക സുരക്ഷ പെൻഷനുകൾ ലഭിക്കും.
69 ഗുണഭോക്താക്കൾക്ക് നഗര തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തൊഴിൽ കാർഡ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചു. അതിദരിദ്ര സർവേയിലുൾപ്പെട്ടതും വാർധക്യംമൂലമോ ഗുരുതര രോഗങ്ങൾ കാരണമോ സ്വന്തമായി ഭക്ഷണം പാചകംചെയ്ത് കഴിക്കാൻ നിവൃത്തിയില്ലാത്തതുമായ 105 കുടുംബങ്ങൾക്ക് ഉച്ചയൂണ് വിവിധ സന്നദ്ധ സംഘടനകൾ മുഖേനയാണ് ലഭിച്ചിരുന്നത്.
ഇവർക്ക് നഗരത്തിലെ ജനകീയ ഹോട്ടലുകൾ മുഖേന ജനുവരി ഒന്നുമുതൽ മുതൽ മൂന്നു നേരം ഭക്ഷണം നൽകുന്നതിന് തുടക്കംകുറിക്കും. പാചകം ചെയ്ത ഭക്ഷണം വാതിൽപടി സേവനത്തിലുൾപ്പെടുത്തി ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
അതിദരിദ്ര ലിസ്റ്റിലുൾപ്പെട്ട ചികിത്സയും മരുന്നും ആവശ്യമുള്ളവർക്കായി ടാഗോർ ഹാളിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ, ഓർത്തോ, കമ്യൂണിറ്റി മെഡിസിൻ എന്നീ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പിൽ ലാബ് സ്ക്രീനിങ്, മെഡിസിൻ എന്നിവ വിതരണം ചെയ്യുന്നതിന് കൗണ്ടറുകളും ഏർപ്പെടുത്തി. നഗരസഭ ഡിസ്പെൻസറികളിൽ ലഭ്യമായിട്ടുള്ള മരുന്നുകൾക്കു പുറമെ മറ്റു മരുന്നുകൾ നീതി മെഡിക്കൽ സ്റ്റോർ മുഖേനയും ലഭ്യമാക്കി. അതിദരിദ്ര ലിസ്റ്റിലുൾപ്പെട്ട ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 30 പേർക്ക് അക്കൗണ്ട് ലഭ്യമാക്കി.
മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ് നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫിസർ ഡോ. ശശി കുമാർ, സി.ഡി.എസ് ചെയർപേഴ്സൻ ശ്രീജ ഹരീഷ് എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫിസർ ടി.കെ. പ്രകാശൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.