കിട്ടിയ വാഗ്ദാനങ്ങൾ കടലാസിൽ; ഇത്തവണ കോഴിക്കോട് ജില്ലക്കെന്തുണ്ടാവും?
text_fieldsകോഴിക്കോട്: കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ജില്ലക്ക് പ്രത്യേകിച്ച് എടുത്തുപറയാവുന്ന വാഗ്ദാനങ്ങളൊന്നുമില്ലായിരുന്നു. ഐ.ടി മേഖലയുടെ വികസനം, റോഡ് വികസനം, മേൽപാലങ്ങൾ, സ്കിൽ സെന്ററുകൾ, മ്യൂസിയം വികസനം തുടങ്ങിയവയായിരുന്നു പ്രധാന പദ്ധതികൾ. എന്നാൽ, ഇവയിലൊന്നും കാര്യമായ നടപടികൾ ഉണ്ടായില്ല എന്നതാണ് വാസ്തവം.
കോഴിക്കോട് സൈബർ പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് 12.83 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ വകിയിരുത്തിയത്. ജില്ലയിൽ ചെറുകിട എ.ടി പാർക്കിന് 15 മുതൽ 25 ഏക്കർ വരെ ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനമുണ്ടായി. അര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീർണമുള്ള ഈ പാർക്കിൽനിന്ന് അതിവേഗ ഒപ്റ്റിക് ഫൈബർ കേബിൾവഴി കണ്ണൂരിലേക്ക് ഐ.ടി ഇടനാഴി എന്നതായിരുന്നു പദ്ധതി.
രാമനാട്ടുകര-എയർപോർട്ട് റോഡ് വികസനത്തിന് അഞ്ഞൂറ് കോടി, വട്ടക്കിണറിനും രാമനാട്ടുകരക്കുമിടയിൽ രണ്ട് മേൽപാലങ്ങൾ ഉൾപ്പെടെ നാലുവരി പാത പദ്ധതിക്ക് 350 കോടി എന്നിവ കഴിഞ്ഞ സംസ്ഥാന ബജറ്റിലെ സുപ്രധാന പദ്ധതികളാണ്. ഇതിന്റെ പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല.
എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു കോടി രൂപ ചെലവിൽ നൈപുണ്യ കോഴ്സുകൾ, ജില്ലയിൽ സ്കിൽപാർക്കിന് 10-15 ഏക്ര ഭൂമി ഏറ്റെടുക്കൽ, 20 കോടി രൂപ ചെലവിൽ സഹകരണ ഭവൻ, ബേപ്പൂർ തുറമുഖത്ത് സുസ്ഥിര ചരക്കുനീക്കത്തിനും അടിസ്ഥാന ഗതാഗതസൗകര്യങ്ങൾ ഒരുക്കാനും 15 കോടി രൂപ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് സ്റ്റാർട്ടപ് വ്യവസായ ചെറുകിട വ്യവസായ യൂനിറ്റിന് 1.75 കോടി രൂപ തുടങ്ങിയവ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കോഴിക്കോടിന് ലഭിച്ച ശ്രദ്ധേയ പ്രഖ്യാപനങ്ങളായിരുന്നു.
ഒരു ബജറ്റ് കഴിഞ്ഞ് അടുത്ത ബജറ്റാവുമ്പോഴേക്കും ഇതൊന്നും യാഥാർഥ്യമാവില്ലെങ്കിലും പ്രാഥമിക നടപടികൾപോലും പല പദ്ധതികൾക്കും ഉണ്ടായില്ല എന്നതാണ് വാസ്തവം. ബജറ്റിലെ പൊള്ള വാഗ്ദാനങ്ങളുടെ സ്ഥിരം ഇരയാണ് ചാലിയം ഫിഷ് മാർക്കറ്റ് വികസനം. എത്രയോ ബജറ്റുകളിൽ ഈ ഫിഷ് മാർക്കറ്റിനായി ഫണ്ട് വകയിരുത്തിയ ബജറ്റുകൾ ചാലിയത്തുകാർ കേട്ടതാണ്. പക്ഷേ, ഒന്നും സംഭവിച്ചതായി അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ബജറ്റിനെ കുറിച്ച് പ്രതിപക്ഷത്തിന്റെ പരാതി ജില്ല പ്രതീക്ഷിച്ച പദ്ധതികളെ കുറിച്ച് മിണ്ടാട്ടമുണ്ടായില്ല എന്നതായിരുന്നു. കോഴിക്കോട് വിമാനത്താവളം, ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, മെഡി. കോളജ് ഐസൊലേഷൻ ബ്ലോക് തുടങ്ങിയവക്കായി ഫണ്ടുകൾ വകയിരുത്തിയില്ല.
തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേൽപാലം, ബീച്ച് നവീകരണം, പുതിയപാലത്ത് വലിയ പാലം, രണ്ടാംഘട്ട നഗരപാത വികസനപദ്ധതി എന്നിവക്കൊന്നും ഫണ്ട് വകയിരുത്തിയിരുന്നില്ല. ഇത്തവണത്തെ ബജറ്റിൽ ഇവയെല്ലാം പരിഗണിക്കപ്പെടുമൊ എന്നാണ് ജില്ല കാത്തിരിക്കുന്നത്. നഗരത്തിൽ വെള്ളിമാട്കുന്ന് മാനാഞ്ചിറ റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ദശാബ്ദം പിന്നിട്ട പദ്ധതി എവിടെയും എത്തിയിട്ടില്ല.
വികസനം തേടി ഐ.ടി മേഖല
വിവരസാങ്കേതിക രംഗത്ത് കോഴിക്കോട് വികസനം തേടുകയാണ്. കാലിക്കറ്റ് ഫോറം ഫോർ ഐ.ടി സർക്കാറിന് സമർപ്പിച്ച പ്രധാന നിർദേശങ്ങൾ ഇവയാണ്:
സൈബര്‍പാര്‍ക്ക് കാമ്പസിന്റെ വികസനം, പുതിയ കെട്ടിടം: രണ്ടായിരത്തോളം ജീവനക്കാര്‍ സൈബര്‍പാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ കെട്ടിടസൗകര്യവും മറ്റും അപര്യാപ്തമാണ്. പല കമ്പനികള്‍ക്കും വിപുലീകരണം ആവശ്യമാണ്. പുതിയ കമ്പനികൾക്ക് സ്ഥലം അനുവദിക്കേണ്ടതുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൂടുതല്‍ സ്ഥലവും കെട്ടിടങ്ങളും ഉറപ്പാക്കണം.
സുരക്ഷ പ്രശ്നങ്ങളും മെച്ചപ്പെടുത്തലുകളും
യു.എല്‍ സൈബര്‍പാര്‍ക്കും സര്‍ക്കാർ സൈബർ പാർക്കും തമ്മിലുള്ള കണക്ടിവിറ്റി സംബന്ധിച്ച് വ്യക്തത വരുത്തണം. കൃത്യവും കാര്യക്ഷമവുമായ മുഴുവന്‍സമയ സുരക്ഷസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇതിനായി കൃത്യമായ പദ്ധതി തയാറാക്കുകയും വേണം.
കോഴിക്കോട്, മലബാര്‍ ഐ.ടി എക്സ്പോയുടെ നിക്ഷേപ പദ്ധതിക്കും ബജറ്റിനും അംഗീകാരം നല്‍കണം. ഡേകെയര്‍ സെന്റര്‍: സൈബര്‍പാര്‍ക്ക് ജീവനക്കാരില്‍ 40 ശതമാനം പേര് സ്ത്രീകളും വിവാഹിതരുമാണ്. ഡേകെയര്‍ സൗകര്യം സ്ഥാപിക്കുന്നത് ഏറെ പ്രയോജനപ്രദമായിരിക്കും. ഇത്തരം സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതോടെ കൂടുതല്‍ സ്ത്രീ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാന്‍ കഴിയും.
നിയമനവും പരിശീലനവും
കേരള നോളജ് മിഷന്, സ്റ്റാര്‍ട്ടപ് മിഷന് എന്നിവയുമായി സഹകരിച്ച് നൈപുണ്യ വികസന-വിനിയോഗത്തിന് ഉതകുന്ന പദ്ധതി നടപ്പാക്കണം. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പോലുള്ള സംവിധാനങ്ങള്‍, പ്രാദേശിക കോളജുകള്‍, സർവകലാശാലകള്‍ എന്നിവയുമായി സഹകരിച്ച് പരിശീലന വിനിമയ പദ്ധതികള്‍ നടപ്പാക്കാനുള്ള സാമ്പത്തികസഹായവും പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കണം.
ഓഡിറ്റോറിയവും വിനോദ മേഖലയും
സൈബര്‍പാര്‍ക്ക് കാമ്പസില്‍ നവീന സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയങ്ങളും ആംഫി തിയറ്ററുകളും സജ്ജമാക്കണം. വിനോദത്തിനും സാംസ്കാരികപരിപാടികൾക്കും പരിഗണന നല്കി ടെക്നോപാര്ക്കിലേതിനു സമാനമായ പദ്ധതികള്‍ നടപ്പാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.