വാഗ്ദാനങ്ങൾ ഗ്യാസായി; ഇന്ധനമില്ലാതെ ഓട്ടോകൾ
text_fieldsകോഴിക്കോട്: എൽ.പി.ജി പമ്പുകൾ നിർത്തിയത് കാരണം നഗരത്തിലെ ആയിരത്തോളം എൽ.പി.ജി ഓട്ടോകൾ പ്രതിസന്ധിയിൽ. നഗരത്തിൽ സരോവരം, പുതിയങ്ങാടി, കുണ്ടായിത്തോട് എന്നിവിടങ്ങളിലായിരുന്നു പമ്പുകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ സരോവരത്തെയും പുതിയങ്ങാടിയിലെയും പമ്പുകൾ നിർത്തിയിട്ട് മാസങ്ങളായി.
കുണ്ടായിത്തോട്ടിലേക്ക് ഇന്ധനം നിറക്കാനായി വണ്ടികൾ കിലോമീറ്ററുകൾ പോകേണ്ട സ്ഥിതിയാണിപ്പോൾ. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാനാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയായില്ല.
മാറിമാറി വരുന്ന ജില്ല കലക്ടർമാർക്കും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നൽകിയെങ്കിലും ഒന്നുമായില്ല. നഗരത്തിൽ രണ്ടു പമ്പുകളെങ്കിലും വേണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും പമ്പുടമകൾ അടച്ചിടുകയാണെന്നാണ് പരാതി. ഇപ്പോൾ സി.എൻ.ജി വാഹനങ്ങൾ നൽകുമ്പോഴുള്ള വാഗ്ദാനങ്ങളായിരുന്നു എൽ.പി.ജി വണ്ടികൾ ആദ്യമിറങ്ങുമ്പോഴുമുണ്ടായിരുന്നതെന്ന് വാഹനമുടമകൾ പറയുന്നു. നഗരത്തിൽ ആവശ്യത്തിന് ഇന്ധനം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകിയപ്പോഴാണ് പലരും പുതിയ വണ്ടികൾ വാങ്ങിയത്. ഇപ്പോൾ സി.എൻ.ജി പമ്പുകൾ മൂന്നെണ്ണം നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.
എൽ.പി.ജി വണ്ടികൾ പെട്രോളോ ഡീസലോ ആക്കിമാറ്റാൻ ബുദ്ധിമുട്ടുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങൾ വാടകക്ക് ഓടിച്ചാൽ ഇന്ധനവിലക്കയറ്റം കാരണം സാമ്പത്തിക നഷ്ടവുമാണ്. അന്തരീക്ഷ മലിനീകരണമില്ല എന്നതും ഗ്യാസ് ഓട്ടോകളുടെ മേന്മയാണ്.
എൽ.പി.ജി, സി.എൻ.ജി എൻജിനാക്കി മാറ്റാൻ അരലക്ഷത്തോളം വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. കുണ്ടായിത്തോട് പമ്പിൽ ആവശ്യത്തിന് ഗ്യാസ് കിട്ടാത്തതും പ്രശ്നമാണ്. സമയത്തിന് ഗ്യാസ് കിട്ടാതെ ദിവസങ്ങളോളം നിർത്തിയിടേണ്ട സ്ഥിതിയുണ്ടെന്നും ഡ്രൈവർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.