എൻ.ഐ.ടിയിൽ രാത്രി കർഫ്യൂവിനെതിരെ പ്രതിഷേധം
text_fieldsചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയിൽ ഏർപ്പെടുത്തിയ രാത്രി നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. എൻ.ഐ.ടിയിലേക്കുള്ള കവാടങ്ങൾ അടച്ച് ഉപരോധിച്ചതിനെതുടർന്ന് അധ്യാപകർക്കും മറ്റു ജീവനക്കാർക്കും കാമ്പസിൽ കയറാനായില്ല. കഴിഞ്ഞ ദിവസമാണ് എൻ.ഐ.ടി കാമ്പസിൽ രാത്രിസമയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
വിദ്യാർഥികൾ രാത്രി 11നുമുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്നും 11 മണിക്കുശേഷം വിദ്യാർഥികൾ കാമ്പസിനകത്ത് ഉണ്ടാകരുതെന്നുമുള്ളവയായിരുന്നു നിയന്ത്രണങ്ങൾ. ലൈബ്രറിയും കാന്റീനും അടക്കമുള്ളവ രാത്രി 11നുമുമ്പ് അടക്കണമെന്നും നിദേശിച്ചിരുന്നു. വിദ്യാർഥികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
എന്നാൽ, നിയന്ത്രണം സംബന്ധിച്ച സർക്കുലർ ഇറങ്ങിയതുമുതൽതന്നെ വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയിരുന്നു. വ്യാഴാഴ്ച രാത്രി ഹോസ്റ്റലിലും കാമ്പസിനകത്തും ഇതു സംബന്ധിച്ച് തർക്കമുണ്ടായി. രാത്രി 11ന് ലൈബ്രറി അടക്കാനുള്ള ശ്രമം വിദ്യാർഥികളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഹോസ്റ്റൽ കവാടം അടച്ചത് വിദ്യാർഥികൾ ചോദ്യം ചെയ്യുകയും തുറപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ ഏഴിനുതന്നെ വിദ്യാർഥികൾ കാമ്പസിൽ ഒത്തുകൂടുകയും പ്രവേശന കവാടങ്ങൾ ഉപരോധിച്ച് സമരം തുടങ്ങുകയും ചെയ്തു. രാവിലെ എട്ടിന് ക്ലാസ് തുടങ്ങാൻ അധ്യാപകരെത്തിയെങ്കിലും ഉപരോധം കാരണം അകത്തു കടക്കാനായില്ല.
സ്ഥാപന മേധാവികൾ ഉൾപ്പെടെ ജീവനക്കാർക്കും അധ്യാപകർക്കും കാമ്പസിനകത്ത് പ്രവേശിക്കാനായില്ല. രാവിലെ പത്തിന് ഗെസ്റ്റ് ഹൗസിൽവെച്ച് സ്ഥാപനമേധാവികൾ വിദ്യാർഥികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന്, വൈകീട്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ രാത്രി വൈകിയും ഉപരോധ സമരം തുടരുകയാണ്.
വൈകീട്ട് എളമരം കരീം എം.പി സ്ഥലത്തെത്തി വിദ്യാർഥികളോടും സ്ഥാപന മേധാവികളോടും സംസാരിച്ചു. സ്റ്റാറ്റസ്കോ നിലനിർത്താനും പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് വിദ്യാർഥികളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാമെന്നുമുള്ള നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.