കെ.എസ്.ആർ.ടി.സിയിൽ കുടുംബവുമായെത്തി ധർണ; പ്രതിേഷധത്തിനിടെ ജീവനക്കാരന് മർദനം
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാർ കുടുംബാംഗങ്ങളോടൊപ്പമെത്തി മാവൂർ റോഡ് ബസ് ടെർമിനലിൽ പ്രതിഷേധിച്ചു.
തുടർച്ചയായി ആറാം ദിവസത്തെ ധർണക്ക് സ്ത്രീകളും കുട്ടികളുമെത്തി. വെഹിക്ൾ സൂപ്പർവൈസറുടെ ചുമതല വഹിച്ച പയ്യടിമീത്തൽ പാലത്തിങ്ങൽ പി. റഷീദിന് (46) പ്രകടനത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറായ ഇദ്ദേഹത്തിനായിരുന്നു വെള്ളിയാഴ്ച സൂപ്പർവൈസറുടെ ചുമതല. സമരം പൊളിക്കാൻ കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് പ്രകടനമായെത്തിയ 60ഓളം പേരടങ്ങുന്ന സംഘം ഹെഡ് വെഹിക്ൾ സൂപ്പർവൈസർ ഓഫിസിൽ കയറി ഡ്യൂട്ടി ചെയ്യുകയായിരുന്ന തന്നെ മർദിച്ച് ഫയലുകളും മറ്റും വാരിവലിച്ചിടുകയായിരുന്നുവെന്ന് ജീവനക്കാരൻ അറിയിച്ചു. സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്.
എം.കെ. രാഘവൻ എം.പി ധർണ ഉദ്ഘാടനം ചെയ്തു. 50ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. കോഴിക്കോട്ടുനിന്ന് മാത്രമുള്ള സ്ഥലംമാറ്റത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശക്തമായി ഇടപെടുമെന്നും എം.പി പറഞ്ഞു.
വി.എസ്. ഇന്ദുകുമാർ അധ്യക്ഷത വഹിച്ചു. കെ.എൻ. അഷ്റഫ്, സുരേഷ് ചാലിൽ പുറായിൽ, എ.ആർ. സാബുലാൽ, കെ.കെ. റഫീഖ്, പി.കെ. നൗഷാദ്, ഐ.പി. സത്താർ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധം ശനിയാഴ്ചയും തടുരുമെന്ന് നേതാക്കൾ അറിയിച്ചു. സമരക്കാരുമായി കഴിഞ്ഞ ദിവസം എക്സിക്യൂട്ടിവ് ഡയറക്ടർ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.