നഗരത്തിലെ വെള്ളക്കെട്ട്; പുഴയിലിറങ്ങി പ്രതിഷേധം
text_fieldsകോഴിക്കോട്: കല്ലായിപ്പുഴ വീണ്ടെടുക്കണമെന്നും നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കല്ലായിപ്പുഴയിലിറങ്ങി പ്രതിഷേധം. കല്ലായിപ്പുഴ സംരക്ഷണ സമിതി ആഭിമുഖ്യത്തിലാണ് പരിസ്ഥിതിദിന തലേന്ന് ചടങ്ങ് സംഘടിപ്പിച്ചത്.
പുഴയിലെ ചളിയും മാലിന്യങ്ങളും നിറഞ്ഞ കനോലി കനാൽ കല്ലായിപ്പുഴയിൽ ചേരുന്ന സ്ഥലത്ത് പുഴയിലിറങ്ങിയായിരുന്നു പ്രതിഷേധം. നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളപ്പൊക്കത്തിന് കാരണം കല്ലായിപ്പുഴയിലെ കൈയേറ്റങ്ങളും മാലിന്യങ്ങളും ചളിയും നീക്കം ചെയ്യാൻ അധികാരികൾ തയാറാകാത്തതാണ്. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
12 വർഷം മുമ്പ് കല്ലായിപ്പുഴ നവീകരണത്തിന് റിവർ മാനേജ് ഫണ്ടിൽനിന്ന് സർക്കാർ അനുവദിച്ച തുക 3.5 കോടിയിൽനിന്ന് നാലുകോടി തൊണ്ണൂറ് ലക്ഷം രൂപയായി വർധിച്ചിട്ടും നവീകരണ പ്രവൃത്തി ആരംഭിക്കാത്തതിനുപിന്നിൽ, പുഴ കൈയേറി കെട്ടിടം പണിതവരുടെ സമ്മർദമാണെന്ന് സമിതി ആരോപിച്ചു. കോർപറേഷൻ പുഴ നവീകരണത്തിന് ഏഴര കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഒരു മീറ്റർ ആഴത്തിലും മൂന്ന് കിലോമീറ്റർ നീളത്തിലുമുള്ള നവീകരണ പ്രവൃത്തിയിലൂടെ ചളി നീക്കം ചെയ്ത് പുഴ ആഴം കൂട്ടുമ്പോൾ പുഴനികത്തി നിർമിച്ച കെട്ടിടങ്ങൾ പുഴയിലേക്കുതന്നെ പതിക്കുമെന്നതിനാലാണ് നവീകരണ പ്രവൃത്തിക്ക് പുഴ കൈയേറിയവർ തുരങ്കം വെക്കുന്നത്.
കോഴിക്കോട് നഗരത്തിലെ മുഴുവൻ വെള്ളവും ഒഴുകിപ്പോകേണ്ട കല്ലായിപ്പുഴ മാലിന്യങ്ങളും ചളിയും അടിഞ്ഞുകൂടിയതിനാൽ ഉയർന്നിട്ടും, വെള്ളം പുഴയിലേക്ക് ഒഴുകിയെത്തുന്ന കനോലി കനാൽ ഉൾപ്പെടെയുള്ള നീർചാലുകൾ താഴ്ന്ന നിലയിലുമാണ്. ഇതുകാരണം മഴ പെയ്യുമ്പോൾ വെള്ളം കല്ലായിപ്പുഴയിലൂടെ അറബിക്കടലിലേക്ക് ഒഴുകാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണം.
പുഴയിൽനിന്ന് ചളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിലൂടെ നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമാകും. നഗരത്തിൽ കേട്ടുകേൾവിയില്ലാത്ത വെള്ളപ്പൊക്ക ഭീഷണിയാണ് ഏതാനും വർഷങ്ങളായുള്ളത്. മഴക്കാലമാകുമ്പോൾ നഗരവാസികൾ ഭീതിയിലാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ശുചീകരിച്ച കനോലി കനാലിലൂടെ കല്ലായിപ്പുഴയിലേക്ക് ഇപ്പോഴും ഒഴുകിവരുന്നത് മലിനജലമാണ്.
മഴക്കാലമാവുേമ്പാൾ കല്ലായിപ്പുഴ നവീകരണം ഉടൻ ആരംഭിക്കുമെന്ന അധികാരികളുടെ പതിവ് വാഗ്ദാനം അവസാനിപ്പിച്ച് പുഴയുടെ സംരക്ഷണത്തിന് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ പി.ഉഷാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്.കെ. കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, പി.പി. ഉമ്മർ കോയ, കുഞ്ഞാവ മാനാംകുളം, കെ. രമേഷ് കണിയത്ത്, മൻസൂർ സാലിഹ്, നൂർ മുഹമ്മദ്, പ്രസാദ് കല്ലായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.