ഭക്ഷ്യത്തെരുവിനെതിരെ വലിയങ്ങാടിയിൽ പ്രതിഷേധം
text_fieldsകോഴിക്കോട്: ഭക്ഷ്യത്തെരുവിനെതിരെ വലിയങ്ങാടിയിൽ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാവുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും പദ്ധതിയോടുള്ള ശക്തമായ എതിർപ്പ് തെളിയിക്കുന്നതായി സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു യൂനിയനുകളടക്കം മുഴുവൻ തൊഴിലാളി സംഘടനകളും പദ്ധതിക്കെതിരായി രംഗത്തു വന്നു.
രാവിലെ 10നു റെയിൽവേ മേൽപാലത്തിൽനിന്നും ആരംഭിച്ച മാർച്ച് വലിയങ്ങാടിയിലെ പഴയ പാസ്പോർട് ഓഫിസ് പരിസരത്ത് സമാപിച്ചു. എഴുനൂറോളം തൊഴിലാളികൾ പ്രതിഷേധത്തിൽ അണിനിരന്നു. സി.ഐ.ടി.യു കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി കെ.പി. മൻസൂർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് മൂസ പന്തീരങ്കാവ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി പി.പി. മോഹനൻ, എസ്.ടി.യു ജില്ല സെക്രട്ടറി ജാഫർ സക്കീർ, സ്വതന്ത്ര ലോറി അട്ടിമറി തൊഴിലാളി യൂനിയൻ നേതാവ് മൊയ്തീൻ സാഹിബ് എന്നിവർ നേതൃത്വം നൽകി. ആശങ്കകൾ ഉന്നയിച്ച് തിങ്കളാഴ്ച കലക്ടറുമായി തൊഴിലാളികൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ഭക്ഷ്യത്തെരുവ് അഥവാ ഫുഡ് സ്ട്രീറ്റ്......
തിരക്കുള്ള വാണിജ്യമേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്കു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ വിനോദസഞ്ചാരവകുപ്പ് ആരംഭിക്കുന്ന പദ്ധതിയാണ് ഫുഡ് സ്ട്രീറ്റുകള്‍. വിദേശരാജ്യങ്ങളിലെ പ്രമുഖ ഫുഡ് സ്ട്രീറ്റുകളെ അനുകരിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കേന്ദ്രം കോഴിക്കോട്ടും തുടങ്ങുന്നത്. സംസ്ഥാനത്ത് ആദ്യ ഭക്ഷ്യത്തെരുവ് വലിയങ്ങാടിയില്‍ തുടങ്ങുമെന്ന് ഒരാഴ്ച മുമ്പാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. ബീച്ചിലെ വിനോദ കേന്ദ്രവുമായി യോജിപ്പിച്ചുള്ള വലിയ പ്രവർത്തനങ്ങളാണ് വിനോദ സഞ്ചാരവകുപ്പ് തയാറാക്കുന്നത്. കോര്‍പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഓരോ പ്രദേശത്തെയും തനത് ഭക്ഷണങ്ങള്‍ തയാറാക്കി രാത്രി ഏഴു മുതല്‍ 12 വരെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഹോട്ടല്‍ മേഖലയിലുള്ളവരുടെയും ഭക്ഷണപ്പെരുമകൊണ്ട് പ്രശസ്തരായ മറ്റുള്ളവരുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുക. വലിയങ്ങാടിയിലെ വ്യാപാരികള്‍, തൊഴിലാളികള്‍ തുടങ്ങിയവരുടെ ജോലി തടസ്സപ്പെടില്ലെന്നു മാത്രമല്ല പദ്ധതി അവര്‍ക്ക് ഗുണകരമാവുമെന്നാണ് മന്ത്രി അന്ന് അഭിപ്രായപ്പെട്ടത്. മേയ് മാസത്തിൽ ഫുഡ് സ്ട്രീറ്റിെൻറ പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ ആര്‍ക്കിടെക്റ്റ് അസോസിയേഷെൻറ സഹകരണത്തോടെയാണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്.
തൊഴിലാളികൾ പറയുന്നത്....
തൊഴിലാളികളോട് ചർച്ച ചെയ്താണ് ഇത്തരത്തിലുള്ള പദ്ധതികൾ തീരുമാനിക്കേണ്ടത്. ഒരുകാരണവശാലും ഭക്ഷ്യത്തെരുവ് വലിയങ്ങാടിയിൽ കൊണ്ടുവരാൻ സമ്മതിക്കില്ല. കൊടിയും നിറവും നോക്കാതെ തൊഴിലാളികളെല്ലാം പദ്ധതിക്കെതിരാണ്. നിരവധി ആശങ്കകളാണ് തൊഴിലാളികൾക്കുള്ളത്. രാത്രികാല ജോലിയെ ഭക്ഷ്യത്തെരുവ് പ്രതികൂലമായി ബാധിക്കും. ലോറിയിൽനിന്ന് ചരക്കിറക്കുന്ന തൊഴിലാളികൾ രാവിലെ മുതൽ വൈകീട്ട് അഞ്ചര വരെ ഒരു ഷിഫ്റ്റും ഇതിനു ശേഷം പിറ്റേദിവസം രാവിലെ എട്ടുവരെ മറ്റൊരു ഷിഫ്റ്റുമായാണ് ജോലി ചെയ്യുന്നത്. രാവിലെ എത്തുന്ന ലോറികളിലെ ചരക്ക് ആദ്യ ഷിഫ്റ്റ് അവസാനിച്ചാലും ഇറക്കി തീർക്കാനാവില്ല. ഇത് അടുത്ത ഷിഫ്റ്റിലെത്തുന്നവർ രാത്രി ഏറെ വൈകിയും പുലർച്ചയോടെയുമാണ് ഇറക്കിതീർക്കുന്നത്. രാത്രിയിലും ചരക്ക് ലോറികൾ എത്തും. 14 ടയറുള്ള വലിയ ലോറികൾ ഉൾപ്പെടെയാണ് ചരക്കുമായി വലിയങ്ങാടിയിലെത്തുന്നത്. തൊഴിലാളികളുടെ ജോലിയെ ഭക്ഷ്യത്തെരുവ് ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഭക്ഷത്തെരുവിൽ എത്തുന്നവരുടെ തിരക്ക്, ഗതാഗതം ദുസ്സഹമാക്കും. രണ്ടും ഒരുമിച്ച് കൊണ്ടുപോവാനാവില്ല. കൂടാതെ, പ്രദേശവാസികളുടെ ജീവിതത്തേയും പദ്ധതി ബാധിക്കും.
ഗുജറാത്തി സ്ട്രീറ്റിൽ നിലവിൽ ഹോട്ടൽ മാഫിയകളുടെ വിളയാട്ടമാണ്. വലിയൊരു ചരക്ക് ഗോഡൗണുകൾ ഒഴിവാക്കി ഇപ്പോഴവിടെ ഹോട്ടലാണ് പ്രവർത്തിക്കുന്നത്. സമാന അവസ്ഥയിലേക്ക് വലിയങ്ങാടിയും ഭാവിയിൽ പോകുമെന്നതാണ് തൊഴിലാളികളുടെ ആശങ്ക. കച്ചവടം കുറവുള്ള വ്യാപാര സ്ഥാപന ഉടമകളിൽ ചിലർ വലിയ വിലയ്ക്ക് തങ്ങളുടെ കെട്ടിടം ഇത്തരം ഹോട്ടൽ മാഫിയക്ക് വിൽക്കാൻ തയാറായി നിൽക്കുകയാണ്. ഇതും തൊഴിലാളികളുടെ ജോലി ഇല്ലാതാക്കും. നിരവധി സ്ഥലങ്ങൾ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് വലിയങ്ങാടി പദ്ധതിക്കായി െതരഞ്ഞെടുത്തു എന്നതാണ് മനസ്സിലാവാത്തത്. ആയിരത്തോളം തൊഴിലാളികളാണ് വലിയങ്ങാടിയെ ആശ്രയിച്ച് ജീവിക്കുന്നത്. ഹോട്ടൽ മാഫിയ പിടിമുറുക്കുന്നതോടെ പാവപ്പെട്ട തൊഴിലാളികളുടെ അന്നംമുട്ടുമെന്ന് ഉറപ്പാണ്.
രാത്രികാല 'ഭക്ഷ്യത്തെരുവ്' ഒഴിവാക്കണം
കോഴിക്കോട്: വലിയങ്ങാടിയിൽ ആസൂത്രണംചെയ്ത രാത്രികാല 'ഭക്ഷ്യത്തെരുവ്' പരിപാടി വേണ്ടെന്നുവെക്കണമെന്ന് തെക്കേപ്പുറം റസിഡൻസ് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരുവശത്ത് കുറ്റിച്ചിറയുടെ സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കാൻ പദ്ധതി ആവിഷ്കരിക്കുകയും മറുവശത്ത് അതിനെ തകർക്കാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നത് വിരോധാഭാസമാണ്.
രാത്രികാല ഭക്ഷണപരിപാടികൂടി അനുവദിക്കപ്പെട്ടാൽ വലിയങ്ങാടി വഴിയുള്ള ഗതാഗതം തന്നെ മുടങ്ങുമെന്നു മാത്രമല്ല, അവിടെ സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയും ചെയ്യും. പ്രസിഡന്റ് പി. മമ്മദ് കോയ അധ്യക്ഷത വഹിച്ചു. പി.ടി. മുഹമ്മദലി, പി.സി. അബ്ദുൽ ലത്തീഫ്, വി.കെ.വി. റസാഖ്, പി.എം. ഇക്ബാൽ, പി.പി. അബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.