പ്രതിഷേധാഗ്നി; മുട്ടുമടക്കി എൻ.ഐ.ടി അധികൃതർ
text_fieldsചാത്തമംഗലം: എൻ.ഐ.ടിയിൽ വികലമാക്കി പ്രദർശിപ്പിച്ച ഇന്ത്യാ ഭൂപടത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിക്കെതിരെയെടുത്ത നടപടിയിൽനിന്ന് പിന്നോട്ടുപോകേണ്ടിവന്നത് എൻ.ഐ.ടി മേധാവികളുടെ കണക്കുകൂട്ടലുകൾക്കപ്പുറമുണ്ടായ കടുത്ത പ്രതിഷേധം കാരണം.
സമീപകാലത്തൊന്നുമില്ലാത്ത പ്രതിഷേധമാണ് വ്യാഴാഴ്ച എൻ.ഐ.ടിയിലുണ്ടായത്. കെ.എസ്.യു, എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ് പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ രാത്രി ഒമ്പതോടെയാണ് വിദ്യാർഥി വൈശാഖ് പ്രേംകുമാറിന്റെ സസ്പെൻഷൻ മരവിപ്പിച്ചത്. ഒരു കാരണവശാലും പിൻവലിക്കില്ലെന്ന വാശിയിലായിരുന്നു വൈകീട്ട് വരെ സ്റ്റുഡന്റ്സ് വെൽഫെയർ ഡീനടക്കമുള്ളവർ. സംഘർഷം ശക്തിപ്രാപിച്ചാൽ തടയാനാകില്ലെന്നും അങ്ങനെവന്നാൽ, എൻ.ഐ.ടി അധികൃതർക്കെതിരെ കേസെടുക്കേണ്ടിവരുമെന്നും പൊലീസും മുന്നറിയിപ്പുനൽകി. സ്ഥാപനത്തെ കാവിവത്കരിക്കുന്നതിനെതിരെയുള്ള താക്കീത് കൂടിയായിരുന്നു പ്രതിഷേധം.
പതിവിന് വിപരീതമായി എൻ.ഐ.ടിയിലെ വിദ്യാർഥികളും ഒന്നായി രംഗത്തിറങ്ങി. സംഘ് പരിവാർ അനുകൂലികളായ എൻ.ഐ.ടി മേധാവികളും ചില ജീവനക്കാരും ഉത്തരേന്ത്യൻ വിദ്യാർഥികളും സംഘ്പരിവാർ ആശയപ്രചാരണത്തിന് രൂപവത്കരിച്ച സംഘടനകളും ചേർന്ന് ഈയടുത്ത കാലത്ത് സ്ഥാപനത്തെ കാവിവത്കരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. പ്രാണപതിഷ്ഠയോടനുബന്ധിച്ച് തലേദിവസം രാത്രി നടന്ന പരിപാടികളിൽ എൻ.ഐ.ടി മേധാവികളും കുടുംബവുംവരെ പങ്കെടുത്തിരുന്നു.
ഫ്രഷേഴ്സ് ഡേ ദിവസം നടന്ന ഇത്തരം പരിപാടികളിൽ പ്രതിഷേധിച്ചവരെ സംഘ്പരിവാർ വിദ്യാർഥികൾ മർദിക്കുകയും ചെയ്തു. മേധാവികളുടെ ആശീർവാദത്തോടെ നടക്കുന്ന ഇവക്കെതിരെ പ്രതിഷേധിക്കാൻ നടപടി ഭയന്ന് മറ്റ് വിദ്യാർഥികൾ തയാറാകാറില്ല. എന്നാൽ, വികലമായി കാവി ഭൂപടം വരച്ച് പ്രദർശിച്ചവർക്കെതിരെ നടപടിയെടുക്കാത്ത അധികൃതർ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതോടെ വിദ്യാർഥികൾ കൂട്ടമായി രംഗത്തിറങ്ങുകയായിരുന്നു.
മർദനമേറ്റ വിദ്യാർഥിയുടെ പരാതിയിൽ കേസ്
ചാത്തമംഗലം: എൻ.ഐ.ടിയിൽ ഇന്ത്യയുടെ ഭൂപടം വികലമാക്കി പ്രദർശിപ്പിച്ച സംഭവത്തിൽ മർദനത്തിനിരയായ വിദ്യാർഥിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. ഭൂപടം വരച്ച് പ്രദർശിപ്പിച്ച സംഘടനയായ സയൻസ് ആൻഡ് സ്പിരിച്ചൽ ക്ലബിനെതിരെ സ്റ്റുഡന്റ്സ് കൗൺസിൽ വാട്സ്ആപ് ഗ്രൂപ്പിൽ ചോദ്യങ്ങൾ ചോദിച്ചതിന് മർദനമേറ്റ കൈലാസ് നാഥിന്റെ പരാതിയിലാണ് കേസെടുത്തത്.
വാട്സ്ആപ് ഗ്രൂപ്പിൽ ചോദ്യം ചോദിച്ചതിന് എൻ.ഐ.ടി വിദ്യാർഥി ശിവപാണ്ഡെയുടെ നേതൃത്വത്തിൽ ജനുവരി 22ന് രാവിലെ 11.30ഓടെ കണ്ടാലറിയുന്ന പത്തോളം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തുവെന്നാണ് പരാതി. വിദ്യാർഥി കഴിഞ്ഞ ആഴ്ച തന്നെ പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഭൂപടത്തിനെതിരെ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ച വൈശാഖ് പ്രേംകുമാറിനും മർദനേമറ്റിരുന്നു.
എൻ.ഐ.ടി ഞായറാഴ്ച വരെ അടച്ചു
ചാത്തമംഗലം: പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യത്തിൽ എൻ.ഐ.ടി ഞായറാഴ്ച വരെ അടച്ചു. ഇതുസംബന്ധിച്ച് വ്യാഴാഴ്ച അർധരാത്രിയാണ് സർക്കുലർ ഇറക്കിയത്. അധ്യാപക-അനധ്യാപക ജീവനക്കാരോടും സ്ഥാപനത്തിൽ ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.