തിക്കോടിയിൽ ദേശീയപാതയിൽ അടിപ്പാത അനുവദിക്കാത്തതിൽ പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരിക്ക്
text_fieldsപയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പട്ട് തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവർക്ക് നേരെ പൊലീസിന്‍റെ ബലപ്രയോഗം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്ത് മെംബറുമായ വി.പി. ദുൽഖിഫിലടക്കം നിരവധി പേർക്ക് പരിക്കേറ്റു . ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ദേശീയ പാതയിൽ തിക്കോടി ടൗണിലാണ് സംഭവങ്ങളുടെ തുടക്കം. ടൗണിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരപന്തൽ കെട്ടി കർമസമിതി രണ്ട് വർഷത്തോളമായി പ്രക്ഷോഭരംഗത്തായിരുന്നു.
അടിപ്പാത അനുവദിക്കാതെ ടൗണിലെ ദേശീയപാതയുടെ സർവിസ് റോഡുകളുടെ അടക്കംമറ്റ് പ്രവൃത്തികൾ നടത്താൻ അനുവദിക്കില്ലെന്നായിരുന്നു കർമസമിതിയുടെ നിലപാട്. ഇതിന് മുമ്പെ നിരവധി തവണ പ്രവൃത്തികൾ നടത്താൻ കരാറുകാരായ വഗാഡ് ശ്രമം നടത്തിയിരുന്നെങ്കിലും കർമസമിതി തടഞ്ഞു. എന്നാൽ രാവിലെ ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന്‍റെ നേതൃത്വത്തിൽ നൂറിലധികം പൊലീസുകാർ ഉൾപ്പെട്ട വൻസന്നാഹത്തിന്‍റെ പിന്തുണയോടെയാണ് നിർമാണ പ്രവൃത്തി തുടങ്ങാൻ എത്തിയത്. തുടർന്ന് കർമസമിതിയും നാട്ടുകാരും ഉൾപ്പടെ നൂറുകണക്കിന് പേർ രാവിലെ പത്തരയോടെ സ്ഥലത്ത് തടിച്ചുകൂടിയത് സംഘർഷ സമാന സാഹചര്യങ്ങൾക്കിടയാക്കി.
പ്രതിഷേധസംഗമം നടക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഒരു ഭാഗത്ത് നിർമാണ പ്രവർത്തി ആരംഭിക്കാൻ ഒരുങ്ങുവെ കർമസമിതി പ്രവർത്തകർ പ്രവൃത്തി തടഞ്ഞ് മണ്ണുമാന്തിയുടെ മുന്നിൽ പോയി മലർന്നുകിടന്നു മുദ്രാവാക്യം വിളിച്ചതോടെ സംഘർഷത്തിലേക്ക് നീങ്ങി. ഉന്തിനും തള്ളിനും പിടിവലിക്കും ശേഷം പൊലീസ് ഏറെ ബലപ്രയോഗത്തോടെയാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് കയറ്റിയത്. പ്രതിഷേധക്കാരായ പലരെയും റോഡിലൂടെ വളഞ്ഞിട്ട് പിടിച്ചുവലിച്ചത് കാരണം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുൽഖിഫിലിനെ കൂടാതെ തിക്കോടി ഗ്രാമപഞ്ചായത്ത് മെംബർ ആർ. വിശ്വൻ, സമരസമിതി കൺവീനർ കെ.വി. സുരേഷ് , ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, കെ.പി. ഷക്കീല തുടങ്ങിയവർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവർ തിക്കോടി സി.എച്ച്.സി.യിൽ ചികിത്സ തേടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ്, കോൺഗ്രസ് പയ്യോളി ബ്ലോക്ക് പ്രസിഡന്‍റ് കെ.ടി. വിനോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്‍റ് ജി. സുകുമാരൻ, ഡി.സി.സി സെക്രട്ടറി സന്തോഷ് തിക്കോടി, സമരസമിതി ചെയർമാൻ വി.കെ. മജീദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി. റംല തുടങ്ങി മുപ്പതോളം പേരാണ് അറസ്റ്റ് വരിച്ചത്. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് സമരപന്തലും പൊളിച്ചുനീക്കി.
തിക്കോടിയിൽ അടിപ്പാതക്കായി പ്രതിഷേധിച്ച കർമസമിതി പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടിച്ചു മാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.