വിദ്യാലയങ്ങൾക്ക് സമഗ്ര സുരക്ഷ
text_fieldsകോഴിക്കോട്: വിദ്യാലയങ്ങൾ ഇനി കൂടുതൽ സുരക്ഷിതമാകും. ചുറ്റുമതിലുകളില്ലാതെ സാമൂഹിക വിരുദ്ധർക്കും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കൾക്കും രാത്രി താവളമാകുന്ന ദുരവസ്ഥയിൽനിന്ന് വിദ്യാലയങ്ങൾ രക്ഷപ്പെടും.
സമഗ്രശിക്ഷ പദ്ധതിയിൽ ജില്ലയിലെ 69 സ്കൂളുകൾക്ക് സുരക്ഷ കവചമൊരുങ്ങുന്നു. ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് വിദ്യാലയങ്ങൾക്ക് സുരക്ഷയൊരുക്കാനാണ് പദ്ധതി.
അഞ്ചരക്കോടിയാണ് ഇതിനായി സമഗ്ര ശിക്ഷയിൽ വകയിരുത്തിയിരിക്കുന്നത്. വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (ബി.ആർ.സി) വിദ്യാലയങ്ങൾക്കാണ് സുരക്ഷയൊരുങ്ങുന്നത്. ഇതിൽ അധികവും പ്രൈമറി സ്കൂളുകളാണ്. മാവൂർ ബി.ആർ.സിക്കുകീഴിലാണ് ഏറ്റവും കൂടുതൽ വിദ്യാലയങ്ങൾ. 13 സ്കൂളുകളാണ് മാവൂർ ബി.ആർ.സിയിൽ തിരഞ്ഞെടുത്തിരിക്കുന്നത്.
കോഴിക്കോട് നഗരപരിധിയിൽ രണ്ട് ബി.ആർ.സികളിലായി 13 സ്കൂളുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ജി.എഫ്.എൽ.പി.എസ് നടുവട്ടം, ജി.എച്ച്.എസ്.എസ് ബേപ്പൂർ, ഗവ. ഗണപത് ബോയ്സ് എച്ച്.എസ് ചാലപ്പുറം, ജി.ജി.യു.പി.എസ് പൊക്കുന്ന്, ജി.യു.പി.എസ് കല്ലായി, പാലാട്ട് ഗവ. യു.പി.എസ്, ജി.വി.എച്ച്.എസ്.എസ് മീഞ്ചന്ത.
ജി.ജി.എച്ച്.എസ്.എസ് കല്ലായി, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസ്, ജി.യു.പി.എസ് മലാപ്പറമ്പ്, ജി.എം.യു.പി.എസ് വെള്ളയിൽ വെസ്റ്റ്, ജി.എൽ.പി.എസ് തോപ്പയിൽ എന്നീ സ്കൂളുകൾക്കാണ് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സുരക്ഷയൊരുക്കുക.
മിക്ക ഹൈസ്കൂളുകൾക്കും ചുറ്റുമതിലും ഗേറ്റുകളുമുണ്ട്. ചില സ്കൂളുകൾക്ക് പി.ടി.എ മുൻകൈയെടുത്ത് രാത്രി കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എൽ.പി സ്കൂളുകളുടെ നില പലയിടത്തും പരിതാപകരമാണ്. രാത്രി കാലങ്ങളിൽ മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി സ്കൂളുകൾ മാറുന്നതായി പരാതിയുണ്ട്.
അതിനു പുറമെയാണ് തെരുവുനായ്ക്കളുടെ ശല്യം. രാവിലെ കുട്ടികൾ സ്കൂളിലെത്തുമ്പോൾ തെരുവുനായ്ക്കളാകും സ്വീകരിക്കുക. ഈ പരാതികൾ രൂക്ഷമായപ്പോഴാണ് അടിയന്തരമായി അഞ്ചരക്കോടി അനുവദിച്ച് സുരക്ഷയൊരുക്കാൻ തീരുമാനിച്ചതെന്ന് ജില്ല പ്രോജക്ട് കോ ഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.